കാരിരുമ്പിന്റെ കരുത്തോടെ സിപിഐയുടെ തലപ്പത്ത്; നിലപാടുകളില്‍ കാര്‍ക്കശ്യം
Mail This Article
കോട്ടയം∙ സംഘടനാ പ്രവര്‍ത്തന മികവുമായി കാരിരുമ്പിന്റെ കരുത്തോടെ സിപിഐ എന്ന പാര്‍ട്ടിയുടെ തലപ്പത്തേക്കു നടന്നുകയറിയയാളാണ് കാനം രാജേന്ദ്രന്‍. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കു മൂന്നാമതും കാനം എത്തിയത് ഏറെ നാടകീയമായ നീക്കങ്ങള്‍ക്കൊടുവിലായിരുന്നു. കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടരാന്‍ ജനറല്‍ സെക്രട്ടറി ഡി.രാജ ആഗ്രഹിച്ചിരുന്നില്ലെന്ന പ്രതീതി പാര്‍ട്ടിയില്‍ ശക്തമായിരുന്നു. അതേ രാജയെക്കൊണ്ടു തന്നെ തന്റെ കൈ പിടിച്ച് ഉയര്‍ത്തിച്ച് സമ്മേളന പ്രതിനിധികളെ അഭിവാദ്യം ചെയ്താണ് മൂന്നാംവട്ടവും അദ്ദേഹം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്. രാജയുടെ തൊട്ടപ്പുറത്ത് കെ.ഇ.ഇസ്മായിലും അതിനു സാക്ഷിയായി.
സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനം മൂന്നാം വട്ടവും താന്‍ അര്‍ഹിക്കുന്നു എന്ന വിശ്വാസത്തിലായിരുന്നു കാനം. പാര്‍ട്ടിയുടെ സമുന്നത നേതാവ് ആയിരിക്കുമ്പോള്‍ തന്നെ പാര്‍ലമെന്ററി രംഗത്ത് അദ്ദേഹത്തിന്റെ നേട്ടം 2 തവണത്തെ എംഎല്‍എ സ്ഥാനത്ത് ഒതുങ്ങുന്നു. കെ.ഇ.ഇസ്മായിലിനെയും സി.ദിവാകരനെയും പോലെ മന്ത്രി ആയിട്ടില്ല. ഇസ്മായില്‍ അംഗമായ രാജ്യസഭയിലും ഉണ്ടായിട്ടില്ല. സംഘടനയുടെ അമരത്തു മൂന്നാമതും എത്തുന്നത് തനിക്ക് അനര്‍ഹമായതല്ല എന്നു കാനം ഉറപ്പിച്ചു; കൂടുതല്‍ കരുത്തോടെ അത് അനായാസം നേടി.
സി.കെ.ചന്ദ്രപ്പന്‍ 1969 ല്‍ എഐവൈഎഫ് ദേശീയ പ്രസിഡന്റ് ആയപ്പോള്‍ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റാണു കാനം സിപിഐ രാഷ്ട്രീയത്തില്‍ വരവ് അറിയിച്ചത്. അന്ന് വയസ്സ് 19. കേരളത്തിലെ യുവജന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന ഭാരവാഹി. 21-ാം വയസ്സില്‍ സിപിഐ അംഗമായി. 26-ാം വയസ്സില്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍. 2 തവണ കോട്ടയം ജില്ലാ സെക്രട്ടറിയായി. 1982 ലും 1987 ലും നിയമസഭാംഗം.
നിലവില്‍ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും എഐടിയുസി ദേശീയ ഉപാധ്യക്ഷനുമാണ്. 2015 ല്‍ കോട്ടയം സംസ്ഥാന സമ്മേളനത്തിലാണ് ആദ്യമായി സെക്രട്ടറി ആകുന്നത്. 2018 ല്‍ മലപ്പുറത്തു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സി.കെ.ചന്ദ്രപ്പന്റെ നിര്യാണത്തെ തുടര്‍ന്ന് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്നപ്പോള്‍ 13 ജില്ലകളും പിന്തുണച്ചത് കാനത്തെ ആണ്. പക്ഷേ, കേന്ദ്ര നേതൃത്വം സി.ദിവാകരനെ നിര്‍ദേശിച്ചതോടെ തര്‍ക്കത്തിനൊടുവില്‍ പന്ന്യന്‍ രവീന്ദ്രനായി സെക്രട്ടറി. അതേ പന്ന്യന്‍ തന്നെയാണ് കോട്ടയത്ത് കാനത്തിനെ പിന്‍ഗാമിയായി നിര്‍ദേശിച്ചത്.
നിയമസഭയിലേക്കു മല്‍സരിച്ചു ജയിച്ച മണ്ഡലം ഇല്ലാതായെങ്കിലും കാനം രാജേന്ദ്രനു കേരളത്തിലെ ഇടതു രാഷ്ട്രീയത്തില്‍ എന്നും അനിഷേധ്യമായ ഇടമുണ്ടായിരുന്നു. പൊതുതിരഞ്ഞെടുപ്പുകളാവട്ടെ, രാജ്യസഭാ സീറ്റാവട്ടെ, സ്വന്തം പാര്‍ട്ടി സ്ഥാനങ്ങളാവട്ടെ എതൊഴിവു വരുമ്പോഴും സിപിഐ ആദ്യം പരിഗണിക്കുന്ന പേരുകളിലൊന്നു വാഴൂര്‍ കാനം കൊച്ചുകളപ്പുരയിടത്തെ രാജേന്ദ്രന്റേതായിരുന്നു.
കാനം രണ്ടു തവണ ജയിച്ചു കയറിയ കോട്ടയം ജില്ലയിലെ വാഴൂര്‍ നിയമസഭാ മണ്ഡലം മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ ചരിത്രത്തിന്റെ ഭാഗമായി. കാനം ഇനി എവിടെ മല്‍സരിക്കുമെന്നു തിരഞ്ഞെടുപ്പുകാലത്തു പലരും കളി പറഞ്ഞു. കാനം കുലുങ്ങിയില്ല. അത്തരം പാര്‍ലമെന്ററി മോഹക്കുരുക്കിലൊന്നും പെട്ടുപോകുന്നൊരാളല്ലായിരുന്നു കാനം രാജേന്ദ്രന്‍.
വാഴൂരില്‍ മല്‍സരിച്ച തിരഞ്ഞെടുപ്പുകളുടെ കഥയില്‍ തന്നെയുണ്ട് ഈ നേതാവിന്റെ ഉള്‍ക്കാമ്പിന്റെ കഥ. വാഴൂരില്‍ 1957 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ ജയിച്ചത് കോണ്‍ഗ്രസിന്റെ സാക്ഷാല്‍ പി. ടി. ചാക്കോ ആയിരുന്നു. 30 വര്‍ഷം കഴിഞ്ഞ് 87 ല്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ചാക്കോയുടെ മകന്‍ പി.സി. തോമസ് വാഴൂരിലെത്തി. 82 ല്‍ ജയിച്ചു സിറ്റിങ് എംഎല്‍എയായ കാനം രാജേന്ദന്‍ എതിരാളി. തോമസിനെ തോല്‍പിച്ച് കാനം ജയം ആവര്‍ത്തിച്ചു. മുപ്പതു വര്‍ഷത്തിനു ശേഷം 2006 ല്‍ മറ്റൊരു മകന്‍ വാഴൂരില്‍ കന്നിയങ്കത്തിനിറങ്ങി. കേരളാ കോണ്‍ഗ്രസ് നേതാവും വാഴൂര്‍ എംഎല്‍എയും മന്ത്രിയുമായിരുന്ന കെ നാരായണക്കുറിപ്പിന്റെ മകന്‍ എന്‍ ജയരാജ്. ആ മകനെയും നേരിടാനുള്ള നിയോഗം രാജേന്ദ്രനു തന്നെയായിരുന്നു! 82 മുതല്‍ 2006 വരെയുള്ള കാല്‍നൂറ്റാണ്ടില്‍ കാനത്തിന്റെ അക്കൗണ്ടില്‍ രണ്ടു ജയം, മൂന്നു തോല്‍വി. പിന്നെ മണ്ഡലമേ ഇല്ലാതായി. അപ്പോഴും കാനം തലയെടുപ്പോടെ പാര്‍ട്ടിയില്‍ സജീവസാന്നിധ്യമായി. കാരണം തിരഞ്ഞെടുപ്പു വിജയങ്ങള്‍ക്കു മുന്‍പും തോല്‍വികള്‍ക്കു ശേഷവും കാനം ഇവിടെ ഉണ്ടായിരുന്നു. രാഷ്ട്രീയ ജീവിതത്തിന്റെ ഗ്രാഫിന് ഉയര്‍ച്ച താഴ്ചകളുണ്ടെങ്കിലും കാനത്തിന്റെ പാര്‍ട്ടിയോടുള്ള കൂറിന്റെ ഗ്രാഫ് എന്നും മുകളറ്റത്തു തട്ടിയേ നിന്നിട്ടുള്ളൂ. ഒടുവിവില്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എത്തിച്ചതും ഈ കൂറു തന്നെ.
കാനത്തെ കമ്മ്യൂണിസ്റ്റ് അനുഭാവമുള്ള കുടുംബത്തില്‍ പിറന്ന രാജേന്ദ്രന്‍ വാഴൂര്‍ എന്‍എസ്എസ് കോളജില്‍ പഠിക്കുന്ന കാലത്തു 18 -ാം വയസില്‍ തുടങ്ങിയതാണു രാഷ്ട്രീയപ്രവര്‍ത്തനം. കാനം കൊച്ചുകളപ്പുരയിടത്തില്‍ വി.കെ.പരമേശ്വരന്‍ നായരുടേയും ടി.കെ.ചെല്ലമ്മയുടേയും മൂത്തമകന്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ നാടിന്റെ പേരു കൂടി ഒപ്പം ചേര്‍ത്തു കാനം രാജേന്ദ്രനായി.
രാഷ്ട്രീയത്തില്‍ കര്‍ക്കശക്കാരനെങ്കിലും വീട്ടിലെത്തിയാല്‍ സ്നേഹമുള്ള കാരണവരാണു രാജേന്ദ്രനെന്നു വീട്ടുകാര്‍ സാക്ഷ്യപ്പെടുത്തും. വീട്ടിലെത്തിയാല്‍ പിന്നെ സംസാരത്തില്‍ പോലും രാഷ്ട്രീയമില്ലെന്നു ഭാര്യ വനജ സ്‌നേഹത്തോടെ പറഞ്ഞിരുന്നു. കുടുംബാംഗങ്ങള്‍ ഒത്തു ചേരുമ്പോള്‍ ആരെങ്കിലും രാഷ്ട്രീയ കാര്യങ്ങള്‍ തിരക്കിയാല്‍, ''അതിനു നിങ്ങള്‍ക്കാര്‍ക്കും പാര്‍ട്ടി മെംബര്‍ഷിപ്പില്ലല്ലോ'' എന്നു തമാശക്കാരനാകും രാജേന്ദ്രന്‍. പാര്‍ട്ടി വേറെ വീടു വേറെ രണ്ടും കൂട്ടിക്കുഴയ്ക്കേണ്ടെന്നതാണു രാജേന്ദ്രന്റെ ഡിപ്ലോമസി. മക്കളുടെ വിദ്യാഭ്യാസം മുതല്‍ വീട്ടിലെ കാര്യങ്ങള്‍ വരെ നോക്കും. കൊച്ചുമക്കള്‍ക്കാവട്ടെ സ്നേഹമുള്ള മുത്തച്ഛനും.
പുസ്തകങ്ങളാണു കാനത്തിന്റെ എക്കാലത്തെയും കൂട്ട്. വീട്ടിലായാലും യാത്രയിലായാലും പത്തുമിനിറ്റ് ഒഴിവു കിട്ടിയാല്‍ പോലും പുസ്തകം കയ്യിലെടുക്കും. രാഷ്ട്രീയം വിഷയമാകുന്ന പുസ്തകങ്ങളായിരുന്നു പഥ്യം. വായനയില്‍ നിന്ന് ലഭിക്കുന്ന പുതിയ അറിവുകള്‍ രേഖപ്പെടുത്തി വെയ്ക്കാനും മറക്കാറില്ല. കപ്പയും കഞ്ഞിയുമായിരുന്നു പ്രിയ ഭക്ഷണം.
∙ നിഴലായി വനജ
ജീവിത യാത്രയിലും രാഷ്ട്രീയ ജീവിതത്തിലും വനജയ്ക്ക് എന്നും ഭര്‍ത്താവിന്റെ നിഴലായി നില്‍ക്കാനായിരുന്നു താല്‍പ്പര്യം. ഭര്‍ത്താവിന്റെ തിരക്കുകളോടു പരാതിയോ പരിഭവമോ ഇല്ലാതെ കാനത്തെ വീട്ടില്‍ ഗൃഹനാഥയായി എന്നും വനജയുണ്ടായിരുന്നു. കാനം രാജേന്ദ്രന്റെ ധൈര്യങ്ങളിലൊന്നു വനജേച്ചിയാണെന്നു രാഷ്ട്രീയത്തിലെ പ്രിയപ്പെട്ടവര്‍ പറയും. 1975 ല്‍ എഐവൈഎഫ് നേതാവായിരിക്കേയാണു കാനം രാജേന്ദ്രന്‍ വനജയെ ജീവിത സഖിയാക്കുന്നത്. തിരക്കുള്ള രാഷ്ട്രീയ നേതാവാണെന്ന് അറിഞ്ഞു കൊണ്ടായിരുന്നു വിവാഹം. രാജേന്ദ്രനെ വനജ വിവാഹം കഴിക്കുന്നത്. ആദ്യകാലത്തൊക്കെ കാനം രാജേന്ദ്രന്‍ നിയമസഭയിലേക്ക് മല്‍സരിക്കുമ്പോള്‍ വനജയും പ്രചാരണത്തിനിറങ്ങുമായിരുന്നു. ക്ഷമയും ഓര്‍മശക്തിയുമാണ് ഭര്‍ത്താവിന്റെ എറ്റവും വലിയ ഗുണങ്ങളെന്നു വനജ പറയും. ഓര്‍മ്മശക്തിയില്‍ കംപ്യൂട്ടറിനെ പോലും തോല്‍പ്പിക്കും. പിന്നെ അടുക്കും ചിട്ടയും - എല്ലാ കാര്യത്തിലും അതുണ്ട്. രാഷ്ട്രീയത്തിലായാലും വീട്ടിലായാലും, വനജയോടൊപ്പം മക്കള്‍ സന്ദീപും സ്മിതയും അതു സാക്ഷ്യപ്പെടുത്തും.
∙ വളര്‍ച്ചയ്ക്ക് അടിത്തറയിട്ട നിരാഹാരം
പാര്‍ട്ടി പ്രവര്‍ത്തകരെ പേരെടുത്ത് വിളിക്കത്തക്ക പരിചയവും സൗഹൃദവും മനസില്‍ സൂക്ഷിക്കുമെങ്കിലും പ്രവര്‍ത്തനങ്ങളില്‍ വീഴ്ച ഉണ്ടായാല്‍ തട്ടിക്കയറാനും കാനം രാജേന്ദ്രന്‍ മടിക്കില്ലായിരുന്നു. ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവും എഐടിയുസി ദേശീയ നേതാവുമൊക്കെയായിരിക്കുമ്പോഴും പാര്‍ട്ടിയുടെ ബ്രാഞ്ച് തലത്തിലുള്ള കമ്മിറ്റികളില്‍ പോലും കാനം സ്ഥലത്തുണ്ടെങ്കില്‍ പങ്കെടുക്കുമായിരുന്നു. രണ്ട് തവണ നിയമസഭാ അംഗമായ കാലയളവില്‍ വാഴൂര്‍ നിയോജക മണ്ഡലത്തില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. എംഎല്‍എയായിരിക്കെ 1983 ല്‍ കാഞ്ഞിരപ്പാറ സാലി വധക്കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കറുകച്ചാലില്‍ നടത്തിയ ഒന്‍പത് ദിവസത്തെ നിരാഹാര സമരം കേരളത്തിലെ രാഷ്ട്രീയത്തില്‍ കാനം രാജേന്ദ്രന്റെ വളര്‍ച്ചയ്ക്ക് അടിത്തറയിട്ടു.