കശ്മീരിലെ വാഹനാപകടം: 4 പേരുടെയും മൃതദേഹങ്ങൾ സംസ്‍കരിച്ചു, യാത്രാമൊഴിയേകി ജന്മനാട്, വികാരനിർഭരം
Mail This Article
കൊച്ചി/പാലക്കാട്∙ കശ്മീരിലെ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ചിറ്റൂർ ശ്മശാനത്തിൽ സംസ്‍കരിച്ചു. നാലുപേരെയും അവസാനമായി ഒരുനോക്കു കാണാനായി തടിച്ചുകൂടിയത് വൻ ജനക്കൂട്ടമാണ്. രാവിലെ ആറരയ്ക്കു ചിറ്റൂർ ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന പൊതുദർശനത്തിൽ ജനക്കൂട്ടം ഒഴുകിയെത്തി.
നെടുങ്ങോട് സ്വദേശികളായ ആർ.അനിൽ (34), എസ്.സുധീഷ് (32), കെ.രാഹുൽ (28), എസ്.വിഘ്നേഷ് (22) എന്നിവരാണു കശ്മീരിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. പുലർച്ചെ മൂന്നുമണിയോടെയാണു നാലുപേരുടെയും മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചത്. നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിലാണു ശ്രീനഗറിൽനിന്നു മുംബൈ വഴി ഇവരുടെ മൃതദേഹങ്ങൾ എത്തിച്ചത്.
സംഭവം അറിഞ്ഞ ഉടൻ തന്നെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതായി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. രണ്ടുപേർ കശ്മീരിൽ ചികിത്സയിലുണ്ട്. അവരുടെ കാര്യം നോക്കാന്‍ ഏർപ്പാട് ചെയ്തിട്ടുണ്ട്. അവരും വേഗം സുഖം പ്രാപിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. ശ്രീനഗർ–ലേ ഹൈവേയിൽ ചൊവാഴ്ച വൈകിട്ടു നാലരയോടെയാണു നാലു മലയാളികളുടെ ജീവനെടുത്ത അപകടമുണ്ടായത്.
ചിറ്റൂരിൽ നിന്നു 13 പേരുടെ സംഘം നവംബർ 30നാണു ട്രെയിനിൽ യാത്ര പുറപ്പെട്ടത്. സുഹൃത്തുക്കൾ ചേർന്നു കുറി നടത്തിയാണു ഇതിനായി തുക സ്വരൂപിച്ചത്. 5 വർഷമായി ഇവർ ഇത്തരത്തിൽ യാത്ര പോകാറുണ്ട്. സോനാമാർഗിലേക്കു രണ്ടു കാറുകളിലെത്തിയ സംഘം പനിമത്ത് പാസിൽ സ്കീയിങ് നടത്തി മടങ്ങുമ്പോൾ സീറോ പോയിന്റിൽ വച്ച് ഒരു കാർ റോഡിൽ തെന്നി കൊക്കയിലേക്കു വീഴുകയായിരുന്നു.