ADVERTISEMENT

കൊൽക്കത്ത ∙ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ പാർലമെന്റിൽനിന്ന് പുറത്താക്കിയതിനെ രൂക്ഷമായി വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷയുമായ മമതാ ബാനർജി. ബിജെപി ജനാധിപത്യത്തെ വഞ്ചിച്ചെന്നും മഹുവയെ പുറത്താക്കിയത് അവരുടെ ഭാഗം കേൾക്കാതെയാണെന്നും മമത തുറന്നടിച്ചു. മഹുവയ്ക്ക് എതിരായ നടപടി അങ്ങേയറ്റം അന്യായമാണെന്നും അവർ പറഞ്ഞു. ചോദ്യത്തിനു കോഴ വിവാദത്തിൽ എത്തിക്സ് കമ്മിറ്റി ശുപാർശ അംഗീകരിച്ച് വെള്ളിയാഴ്ചയാണ് മഹുവയെ ലോക്സഭയിൽനിന്ന് പുറത്താക്കിയത്.

‘‘ബിജെപിയുടെ സമീപനം കാണുമ്പോൾ എനിക്ക് വിഷമമുണ്ട്. എങ്ങനെയാണവർ ജനാധിപത്യത്തെ വഞ്ചിച്ചതെന്നു നോക്കൂ. മഹുവയ്ക്ക് അവരുടെ നിലപാട് വിശദീകരിക്കാനുള്ള അവസരം നൽകാൻ തയാറായില്ല. അങ്ങേയറ്റം അന്യായമായ നടപടിയാണ് സ്വീകരിച്ചത്. ബിജെപിയുടെ പ്രതികാര രാഷ്ട്രീയമാണിത്. ഇതിനുള്ള മറുപടി ജനം നൽകും. അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടും’’ –മമത പറഞ്ഞു. നേരത്തെ മഹുവയെ പുറത്താക്കാൻ സഭയ്ക്ക് അധികാരമില്ലെന്ന് തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ് എംപിമാർ സഭയിൽ വാദിച്ചെങ്കിലും ഫലമുണ്ടായില്ല.

അതേസമയം സഭയിൽനിന്ന് പുറത്താക്കിയ നടപടിയിലൂടെ തന്നെ നിശ്ശബ്ദയാക്കാമെന്ന് മോദി സർക്കാർ കരുതേണ്ടെന്ന് മഹുവ പ്രതികരിച്ചു. അദാനി കേന്ദ്രത്തിന് എത്രത്തോളം പ്രിയപ്പെട്ടയാളാണെന്ന് കാണിക്കുന്നതാണ് ‘കങ്കാരു കോടതി’യുടെ നടപടിയെന്ന് അവർ പരിഹസിച്ചു. എത്തിക്സ് കമ്മിറ്റിക്ക് സഭയിൽനിന്ന് പുറത്താക്കാനുള്ള അധികാരമില്ല. പാർലമെന്റിനുള്ളിൽ സംസാരിക്കാനാവില്ലെങ്കിലും പുറത്ത് അതിനുള്ള അവസരമുണ്ട്. ബിജെപി സർക്കാരിന്റെ അവസാനത്തിന് തുടക്കമായെന്നും മഹുവ പറഞ്ഞു.

English Summary:

Mamata Banerjee slams BJP as Mahua Moitra expelled as Lok Sabha MP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com