കോൺഗ്രസിനേറ്റ തിരിച്ചടി മുതലെടുക്കാൻ നിതീഷ്; ‘ഇന്ത്യ’യുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ നീക്കം
Mail This Article
പട്ന ∙ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനേറ്റ തിരിച്ചടി മുതലെടുത്ത് പ്രതിപക്ഷ ‘ഇന്ത്യ’ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കരുനീക്കം ആരംഭിച്ചു. കോൺഗ്രസുമായി അടുപ്പം പുലർത്തുന്ന ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനേക്കാൾ ഇക്കാര്യത്തിൽ നിതീഷിനെ പിന്തുണയ്ക്കുന്നത് യുപിയിലെ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവാണ്.
പുതുവർഷത്തിൽ യുപിയിലെ പ്രധാനകേന്ദ്രങ്ങളിൽ റാലികൾ സംഘടിപ്പിക്കാനാണ് നിതീഷ് കുമാറിന്റെ പരിപാടി. വാരാണസി, ഗോരഖ്പുർ, അസംഗഡ്, പ്രയാഗ്‌രാജ്, ഫൂൽപുർ എന്നിവിടങ്ങളിലാകും നിതീഷിന്റെ റാലികൾ. ലോക്സഭാ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാർ യുപിയിലെ ഫൂൽപുർ മണ്ഡലത്തിൽ സ്ഥാനാർഥിയാകുമെന്നും സൂചനകളുണ്ട്.
‘ഇന്ത്യ’ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ അനുയോജ്യൻ നിതീഷ് കുമാറാണെന്ന് ജനതാദൾ (യു) എംപി സുനിർ കുമാർ പിന്റു അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി സ്ഥാനാർഥി പ്രഖ്യാപനവും സീറ്റു വിഭജനവുമാണ് ‘ഇന്ത്യ’ സഖ്യം ആദ്യം ചെയ്യേണ്ട കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.