ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ നടപ്പിലാക്കാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്യണമെന്ന പരാതിയിൽ ഗവർണർ ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ചതോടെ, പതിവില്ലാത്ത രാഷ്ട്രീയ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതെന്നും ദൈനംദിന ചെലവുകൾക്കുപോലും ബുദ്ധിമുട്ടുന്നതായും കഴിഞ്ഞ മാസം ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയതിനാൽ മറിച്ചൊരു മറുപടി നൽകുക സാധ്യമല്ല. പണം നൽകാതെ കേന്ദ്രം വീർപ്പുമുട്ടിക്കുന്നതിന്റെ കണക്കുകൾ റിപ്പോർട്ടായി സർക്കാർ ഗവർണർക്കു നൽകാനാണു സാധ്യത. ഗവർണർ റിപ്പോർട്ട് രാഷ്ട്രപതിക്ക് അയയ്ക്കുന്നതോടെ റിപ്പോർട്ടിലുള്ള കണക്കുകളെ സംബന്ധിച്ചുള്ള വിശദീകരണത്തിനു കേന്ദ്രത്തിനും അവസരം ഒരുങ്ങും.

ലോക്സഭാ തിരഞ്ഞെടുപ്പു വരുന്നതിനാൽ തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ ഇരുവിഭാഗവും കണക്കുകൾ ഉപയോഗിക്കും. പൊതുജനത്തിന്റെ ശ്രദ്ധയിൽ സാമ്പത്തിക പ്രതിസന്ധി കൂടുതലായി പതിയും. രാഷ്ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല. റിസർവ് ബാങ്ക് ഉൾപ്പെടെയുള്ളവരുടെ നിർദേശങ്ങൾ സ്വീകരിച്ചശേഷം സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ, സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗം രാഷ്ട്രപതിയുടെ നിയന്ത്രണത്തിലാകും. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിച്ചുരുക്കാനും സാമ്പത്തിക പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും രാഷ്ട്രപതിക്കു കഴിയും. കേരളത്തിൽ കേന്ദ്രം സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ കരുതുന്നില്ല. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി രാഷ്ട്രീയ ആയുധമാക്കാനാണ് ബിജെപി ശ്രമം. അതിനെ പ്രതിരോധിക്കാൻ എൽഡിഎഫും നീക്കങ്ങൾ നടത്തും.

സാമ്പത്തിക അടിയന്തരാവസ്ഥ സംബന്ധിച്ച് ഭരണഘടനയിൽ പറയുന്നത് ഇങ്ങനെ: ഭാരതത്തിന്റെയോ ഭാരതത്തിന്റെ ഭൂപ്രദേശത്തിന്റെ ഏതെങ്കിലും ഭാഗത്തിന്റെയോ സാമ്പത്തിക ഭദ്രത അല്ലെങ്കിൽ വിശ്വാസ്യത ഭീഷണിയിലാക്കുന്ന ഒരു സ്ഥിതിവിശേഷം ഉത്ഭവിച്ചിട്ടുണ്ട് എന്നു രാഷ്ട്രപതിക്കു ബോധ്യമാകുകയാണെങ്കിൽ, ഒരു വിളംബരം വഴി ആ അർഥത്തിൽ അദ്ദേഹത്തിന് (രാഷ്ട്രപതിക്ക്) ഒരു പ്രഖ്യാപനം നടത്താവുന്നതാണ്. പുറപ്പെടുവിച്ച വിളംബരം രാഷ്ടപതിക്ക് ഒരു വിളംബരം വഴി പിൻവലിക്കുകയോ വ്യത്യാസപ്പെടുത്തുകയോ ചെയ്യാം. രണ്ടു മാസത്തിനകം പാർലമെന്റിന്റെ ഇരുസഭകളും പ്രമേയം അംഗീകരിച്ചില്ലെങ്കിൽ പ്രാബല്യം ഇല്ലാതാകും. ലോക്സഭ പിരിച്ചു വിട്ടിരിക്കുന്ന കാലഘട്ടത്തിൽ വിളംബരം പുറപ്പെടുവിക്കുകയോ, വിളംബരം പുറപ്പെടുവിച്ചതിനുശേഷം രണ്ടു മാസത്തിനുള്ളിൽ ലോക്സഭ പിരിച്ചു വിടപ്പെടുകയോ ചെയ്താൽ വിളംബരം അംഗീകരിക്കുന്ന പ്രമേയം രാജ്യസഭ പാസാക്കണം. ലോക്സഭയുടെ പുനസംഘടനയ്ക്കുശേഷം 30 ദിവസത്തിനുള്ളിൽ പ്രമേയം പാസാക്കിയില്ലെങ്കിൽ അസാധുവാകും.

സാമ്പത്തിക മര്യാദ പാലിക്കുന്നതിനുള്ള നിർദേശങ്ങൾ രാഷ്ട്രപതിക്കു നൽകാം. ശമ്പളവും ബത്തയും കുറവു ചെയ്യുന്നതിനു നിർദേശങ്ങൾ പുറപ്പെടുവിക്കാം. ധനകാര്യബില്ലുകളും മറ്റുബില്ലുകളും  നിയമസഭ പാസാക്കിയശേഷം രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വയ്ക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്താം. കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്.ശശികുമാറാണ് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിക്കു ശുപാർശ നൽകണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം നൽകിയത്. ഇത്തരം നിവേദനം ഗവർണർക്ക് ലഭിക്കുന്നത് ആദ്യമായാണ്. ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ പകർപ്പും കോടതി ഉത്തരവും സിഎജി റിപ്പോർട്ടും നിവേദനത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. കേരള സിവിൽ സപ്ലൈസ് കോർപ്പറേഷന് അത്യാവശ്യ സാധനങ്ങൾ വാങ്ങിയതിന് 1000 കോടി രൂപയുടെയും, ധാന്യങ്ങൾ സമാഹരിച്ച പേരിൽ 4000 കോടി രൂപയുടെയും ബാധ്യതയുണ്ടെന്നു നിവേദനത്തിൽ പറയുന്നു.

സർക്കാരിനുവേണ്ടി വിവിധ നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത സർക്കാർ കരാറുകാർക്ക് 16,000 കോടി രൂപ കുടിശിക ഇനത്തിൽ നൽകാനുണ്ട്. യൂണിവേഴ്സിറ്റി കോളജ് അധ്യാപകരുടെ 2018 മുതലുള്ള യുജിസി ശമ്പള കുടിശ്ശികയും ഡിഎയും ഇനത്തിൽ 1500 കോടി രൂപ നൽകാനുണ്ട്. വിവിധ ഇനം ക്ഷേമ പെൻഷനുകൾ മാസങ്ങളോളം കുടിശികയായത് വയോജനങ്ങളെ ദുരിതത്തിലാക്കി. ഇന്ധന സെസ് ഏർപ്പെടുത്തിയത് ഈ ആവശ്യത്തിനായിരുന്നു. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 2019 ലെ ശമ്പള പരിഷ്ക്കരണ  കുടിശ്ശികയും  ഡിഎയുമടക്കം 24000  കോടി രൂപയുടെ കുടിശിക നൽകാനുണ്ട്. കെഎസ്ആർടിസി ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാൻ കഴിയുന്നില്ല. റിട്ടയർ  ചെയ്യുന്നവരുടെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞു വച്ചിരിക്കുന്നു. ജീവനക്കാരുടെ പ്രതിമാസ പെൻഷൻ പോലും മാസങ്ങളായി നൽകുന്നില്ലെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനം ഇത്രയും വലിയ സാമ്പത്തിക പ്രതിസന്ധി  തുടരുമ്പോൾ രാഷ്ട്രീയ നേട്ടങ്ങൾക്ക്  മാത്രമായി സംസ്ഥാന സർക്കാർ കേരളീയം, നവ കേരള സദസ്സ് തുടങ്ങിയ പരിപാടികൾക്ക് കോടികൾ ചെലവിടുകയാണെന്നും പരാതിയിൽ ആരോപിക്കുന്നു. കേരളത്തിന് കേന്ദ്രം തരാനുള്ള  അർഹതപ്പെട്ട പണം കൃത്യമായി നൽകിയാൽ പ്രതിസന്ധി ഒഴിവാക്കാനാകുമെന്ന് ധനവകുപ്പ് പറയുന്നു.

English Summary:

Governor Seeking An Explanation From The Chief Secretary To Set Unusual Political Battle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com