ഫോൺ സ്വിച്ച് ഓഫ്, ക്ലിനിക്ക് അടഞ്ഞുകിടന്നു; ഹാദിയ തടവിലെന്നാരോപിച്ച് പിതാവ് ഹൈക്കോടതിയിൽ: വീണ്ടും വിവാഹിതയായെന്ന് ഹാദിയ
Mail This Article
കൊച്ചി ∙ മകൾ ഡോ.അഖിലയെന്ന ഹാദിയയെ തടവിലാക്കിയിരിക്കുകയാണെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു വൈക്കം സ്വദേശി കെ.എം.അശോകൻ നൽകിയ ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി 12 ന് പരിഗണിക്കും. മലപ്പുറം സ്വദേശി എ.എസ്.സൈനബ ഉൾപ്പെടെയുള്ളവരുടെ നിയമവിരുദ്ധ കസ്റ്റഡിയിലാണ് മകളെന്നാണു ഹർജിയിലെ ആരോപണം. മലപ്പുറത്ത് മകൾ ഹോമിയോ ക്ലിനിക് തുടങ്ങിയെന്ന് അശോകന്റെ ഹർജിയിൽ പറയുന്നു.
താനും ഭാര്യയും മകളെ ഫോണിൽ വിളിക്കുകയും ഇടയ്ക്കു ക്ലിനിക്കിലെത്തുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ഒരു മാസമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. പലപ്പോഴും ഫോൺ സ്വിച്ച് ഓഫായിരുന്നു. മൂന്നിന് ക്ലിനിക്കിൽ എത്തിയപ്പോൾ അടഞ്ഞുകിടക്കുകയായിരുന്നു. മകൾ എവിടെയാണെന്ന് അറിയില്ലെന്നാണു പരിസരത്തുള്ളവർ പറഞ്ഞതെന്നും അറിയിച്ചു. വിവാഹം ചെയ്ത ഷഫിൻ ജഹാനുമായി ദാമ്പത്യ ബന്ധമില്ലെന്നും ഷഫീന്റെ വിവരങ്ങൾ അറിയില്ലെന്നും ഇതിനിടെ, മകൾ പറഞ്ഞിരുന്നെന്നും ഹർജിയിൽ അറിയിച്ചു.
അതിനിടെ ഷഫിനുമായി വിവാഹമോചിതയായെന്നും തന്റെ ഇഷ്ടപ്രകാരം മറ്റൊരാളെ വിവാഹം ചെയ്തെന്നും ഹാദിയ ഒരു വിഡിയോയിൽ വെളിപ്പെടുത്തിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ‘‘വിവാഹിതയാകാനും അതിൽനിന്ന് പുറത്തുവരാനും ഇന്ത്യൻ ഭരണഘടന എല്ലാവർക്കും സ്വാതന്ത്ര്യം നൽകുന്നുണ്ട്. ഇത് സമൂഹത്തിൽ സാധാരണ നടക്കുന്നതാണ്. എന്റെ കാര്യത്തിൽ മാത്രം സമൂഹത്തിന് എന്താണ് ഇത്ര പ്രശ്നം എന്ന് മനസ്സിലാകുന്നില്ല. സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തയായ ഒരു സ്ത്രീയാണ് ഞാൻ. എനിക്ക് വിവാഹബന്ധവുമായി മുന്നോട്ടു പോകാൻ കഴിയാതെ വന്നപ്പോൾ ഞാൻ അതിൽനിന്ന് പുറത്തുവന്നു. ഇപ്പോൾ എനിക്ക് ഇഷ്ടമുള്ള മറ്റൊരാളെ ഞാൻ വിവാഹം ചെയ്തു. ഒരു മുസ്‍ലിം ആയി ജീവിക്കുന്നതിൽ ഞാൻ സന്തോഷവതിയാണ്. എന്റെ മാതാപിതാക്കൾക്കും ഈ പുനർവിവാഹത്തെ കുറിച്ച് അറിയാം.
ഞാൻ ഒളിവിലല്ല, എന്റെ ഫോൺ സ്വിച്ച് ഓഫുമല്ല. തുടക്കം മുതൽ എന്റെ പിതാവ് എന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ല. എന്റെ പിതാവ് എന്നും സംഘപരിവാറിന്റെ ഉപകരണമായി പ്രവർത്തിക്കുകയാണ്.’’– ഹാദിയ വിഡിയോയിൽ പറഞ്ഞു.
തമിഴ്നാട്ടിൽ മെഡിക്കൽ വിദ്യാർഥിയായിരുന്ന അഖില ഇസ്‌ലാം മതം സ്വീകരിക്കുകയും കൊല്ലം സ്വദേശി ഷഫിൻ ജഹാനെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഏറെ നിയമ നടപടികളുണ്ടായി. അവസാനം വിവാഹം സുപ്രീം കോടതി ശരിവച്ചു. ഹർജി ഇന്നലെ ജസ്റ്റിസ് പി.ബി.സുരേഷ് കുമാർ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്ക് വന്നെങ്കിലും ഹേബിയസ് കോർപസ് ഹർജികൾ പരിഗണിക്കുന്ന ജസ്റ്റിസ് അനു ശിവരാമൻ അധ്യക്ഷയായ ബെഞ്ചിലേക്ക് മാറ്റാൻ നിർദേശിക്കുകയായിരുന്നു.