സുശാന്ത് സിങ്ങിന്റെ മുൻ മാനേജർ ദിഷ സാലിയന്റെ മരണത്തിന് പിന്നിലെന്ത്? എസ്ഐടി അന്വേഷിക്കും
Mail This Article
മുംബൈ ∙ നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മുൻ മാനേജർ ദിഷ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി ശംഭുരാജ് ദേശായി അറിയിച്ചു. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് എസ്ഐടിക്കു നേതൃത്വം നൽകുന്നത്.
2020 ജൂൺ 8നാണ് ദിഷയെ മലാഡിലെ കെട്ടിടത്തിൽനിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂൺ 14ന് സുശാന്തിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ദിഷാ സാലിയന്റെ മരണത്തിൽ ആദിത്യ താക്കറെയ്ക്ക് പങ്കുണ്ടെന്ന ആരോപണം വന്‍രാഷ്ട്രീയ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു.
2020-ലാണ് ദിഷാ സാലിയൻ മരിച്ചത്. താമസിച്ചിരുന്ന കെട്ടിടത്തിന്റെ 14–ാം നിലയിൽനിന്ന് വീണു മരിച്ച നിലയിലായിരുന്നു മൃതദേഹം. ഈ കേസിൽ പ്രത്യേകാന്വേഷണ സംഘത്തെ (എസ്ഐടി) പ്രഖ്യാപിച്ചിരിക്കുകയാണ് മഹാരാഷ്ട്ര സർക്കാര്‍. അപ്രതീക്ഷിതമായി നിയമസഭയിൽ ദിഷാ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട ചർച്ച ഉയർന്നു വന്നിരുന്നു. ഈ മരണത്തിനു പിന്നിലുള്ള ‘സത്യം കണ്ടെത്താൻ’ ശിവസേന നേതാവും എംഎൽഎയുമായ ആദിത്യ താക്കറെയ്ക്ക് നാർക്കോ പരിശോധന നടത്തണമെന്നായിരുന്നു കേന്ദ്രമന്ത്രിയും ബിജെപി നേതാവും മുൻ ശിവസേനാ നേതാവുമായിരുന്ന നാരായൺ റാണെയുടെ മകൻ, ബിജെപി എംഎൽഎയായ നിതേഷ് റാണയുടെ ആവശ്യം. ഇത് അംഗീകരിച്ചതായും അന്വേഷണം നടത്തുമെന്നും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉടൻ വ്യക്തമാക്കുകയും ചെയ്തു.
ദിഷാ സാലിയന്റെ മരണം, വിവാദങ്ങൾ
28–കാരിയായ സെലിബ്രിറ്റി മാനേജരായിരുന്നു ദിഷാ സാലിയൻ. അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത് ഉള്‍പ്പെടെയുള്ളവരുടെ മാനേജരുമായിരുന്നു അവർ. ദിഷ മരിച്ച് ഒരാഴ്ചയ്ക്കുള്ളിലായിരുന്നു സുശാന്ത് സിങ് ആത്മഹത്യ ചെയ്ത്. ദിഷയും ആത്മഹത്യ ചെയ്യുകയോ വീണു മരിക്കുകയോ ആണുണ്ടായിട്ടുള്ളത് എന്നാണ് ഇതുവരെയുള്ള അന്വേഷണങ്ങൾ തെളിയിച്ചിട്ടുള്ളത്. ഇരുവരുടെയും മരണം സംബന്ധിച്ചും വിവിധ ഗൂഢാലോചനാ കഥകൾ അന്നു മുതൽ പുറത്തു വരുന്നുണ്ട്. എന്നാൽ പോസ്റ്റ്മോർട്ടത്തിലോ തുടർന്നുള്ള അന്വേഷണങ്ങളിലോ മരണം കൊലപാതകമാണെന്ന സൂചനകളൊന്നും ലഭിച്ചിരുന്നില്ല. അതേസമയം, സുശാന്തിന്റെ മരണം രാഷ്ട്രീയായുധമായി മാറുകയും ചെയ്തു. സുശാന്തിന്റെ മരണത്തിനു പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ട്വിറ്റർ ഹാഷ്ടാഗുകൾ ഇന്നും ഇടക്കിടെ ഉയർന്നു വരാറുണ്ട്. സുശാന്തിന് മയക്കുമരുന്ന് സംഘടിപ്പിച്ചു നൽകി എന്നാരോപിച്ച് അദ്ദേഹത്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തിയെ അറസ്റ്റ് ചെയ്യുന്നതടക്കം ബോളിവുഡ് താരങ്ങളെ കൂട്ടത്തോടെ ചോദ്യം ചെയ്യുന്ന സംഭവങ്ങളും ഇതിനിടെ ഉണ്ടായി.
ദിഷാ സാലിയന്റെ മരണത്തിനു പിന്നിൽ കെട്ടിടത്തിനു മുകളിൽ നിന്നു വീണു എന്നതിനപ്പുറം മറ്റ് കാരണങ്ങളൊന്നും ഇല്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പോസ്റ്റ് മോർട്ടം റിപ്പോർട്ടും അനുബന്ധ പരിശോധനകളുടെ വിവരങ്ങളും കുടുംബാംഗങ്ങളുടെ മൊഴിയും സഹിതമായിരുന്നു അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. ദിഷ ഗർഭിണിയായിരുന്നു തുടങ്ങി അന്നുയർന്ന പല ആരോപണങ്ങളും തെറ്റാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ തെളിഞ്ഞു. മരിക്കുന്നതിന്റെ തലേന്ന് ‘രാഷ്ട്രീയക്കാരുമായി പാർട്ടി കൂടി’ എന്ന ആരോപണവും ഉയർന്നിരുന്നു. എന്നാൽ അത്തരത്തിലൊന്നും ഉണ്ടായിട്ടില്ലെന്നും ഓൺലൈൻ ഡെലിവറി വാങ്ങിക്കാൻ പുറത്തുവന്നതല്ലാതെ പാർട്ടികളിലൊന്നും അവർ പങ്കെടുത്തിട്ടില്ല എന്നും പോലീസ് വ്യക്തമാക്കിയിരുന്നു. കെട്ടിടത്തിൽനിന്ന് താഴെ വീണ് മരിച്ചു കിടന്നപ്പോൾ ദിഷയുടെ ദേഹത്ത് വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല എന്ന ആരോപണം തെറ്റാണെന്നായിരുന്നു അവരുടെ പിതാവിന്റെ മൊഴി. അപകടം നടന്ന് അധികം വൈകാതെതന്നെ അദ്ദേഹം സ്ഥലത്തെത്തിയിരുന്നു. എന്നാൽ തന്റെ ജന്മദിനത്തോടനുബന്ധിച്ച് ദിഷ വസതിയിൽ പാർട്ടി നടത്തിയിരുന്നുവെന്നും മദ്യപിച്ചിരുന്ന അവർ കാലുതെറ്റി താഴേക്ക് പതിക്കുകയായിരുന്നു എന്നും പോലീസിെന ഉദ്ധരിച്ചുള്ള പല റിപ്പോർട്ടുകളും പറയുന്നു.