ഗൗരി ലങ്കേഷ് വധക്കേസ്: ഗൂഢാലോചനയിൽ പങ്കുള്ളയാൾക്ക് ജാമ്യം
Mail This Article
ബെംഗളൂരു∙ ഗൗരി ലങ്കേഷ് വധക്കേസിൽ പതിനൊന്നാം പ്രതി മോഹൻ നായിക്കിനു കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിചാരണ നീണ്ടുപോകുന്നതു കണക്കിലെടുത്താണ്, 2018 ജൂലൈ 18 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന നായിക്കിനു കോടതി ജാമ്യം നൽകിയത്. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ പങ്കാളിയായെന്നതാണ് നായിക്കിന് എതിരായ കുറ്റം. കേസിൽ ആദ്യമായാണ് ഒരു പ്രതിക്കു ജാമ്യം ലഭിക്കുന്നത്.
എന്നാൽ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഗൗരി ലങ്കേഷിന്റെ സഹോദരി കവിതാ ലങ്കേഷും പ്രത്യേക അന്വേഷണ സംഘവും അറിയിച്ചു. 2017 സെപ്റ്റംബർ 5നാണു ഗൗരി ലങ്കേഷ് വസതിക്കു മുന്നിൽ വെടിയേറ്റു മരിച്ചത്.
നിറയൊഴിച്ച പരശുറാം വാഗ്മറും കൂട്ടാളി ഗണേഷ് മിസ്കിനും ഉൾപ്പെടെ അറസ്റ്റിലായ 17 പേരിൽ ഏറെയും സനാതൻ സൻസ്ത, ഹിന്ദു ജനജാഗൃതി സമിതി, ശ്രീരാമ സേന, ഹിന്ദു യുവ സേന എന്നിവയുടെ പ്രവർത്തകരാണ്.