ഹമാസുമായി ബന്ധപ്പെട്ട ചോദ്യം: മറുപടി എന്റേത്, മീനാക്ഷി ലേഖിയുടെ പരാതിയെക്കുറിച്ച് അറിയില്ല: വി.മുരളീധരൻ
Mail This Article
തിരുവനന്തപുരം∙ ഹമാസുമായി ബന്ധപ്പെട്ട ചോദ്യത്തിനു പാർലമെന്റിൽ മറുപടി നൽകിയത് താനാണെന്നു വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ‘‘പാർലമെന്റിലെ ചോദ്യത്തിനു നൽകിയ മറുപടി വായിച്ചാൽ എല്ലാവർക്കും മനസിലാകും. വിദേശകാര്യ വകുപ്പ് വക്താവ് വിഷയത്തിൽ കൃത്യമായി സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ വ്യക്തത വരും ദിവസങ്ങളിൽ പാർലമെന്റിൽ ഉണ്ടാവും. മീനാക്ഷി ലേഖിയുടെ പരാതി സംബന്ധിച്ച് അറിയില്ല’’–വി.മുരളീധരൻ പറഞ്ഞു. ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കുമോയെന്ന കെ.സുധാകരൻ എംപിയുടെ ചോദ്യത്തിനു നൽകിയ മറുപടിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തത വരുത്തിയിരുന്നു.
ലോക്‌സഭയിൽ കെ.സുധാകരൻ എംപി ഉന്നയിച്ച ചോദ്യത്തിനു മറുപടി നൽകിയതു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണെന്നാണു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ചോദ്യത്തിന് മറ്റൊരു കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായ മീനാക്ഷി ലേഖിയുടെ പേരിലാണ് സുധാകരനു മറുപടി ലഭിച്ചത്. എന്നാൽ, ഹമാസുമായി ബന്ധപ്പെട്ട ചോദ്യങ്ങളുള്ള പേപ്പറുകളിൽ താൻ ഒപ്പിട്ടിട്ടില്ലെന്ന് അറിയിച്ച് അവർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്. ഇക്കാര്യത്തിൽ സാങ്കേതിക പിഴവു സംഭവിച്ചതാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാൻ ഇന്ത്യൻ സർക്കാരിന് എന്തെങ്കിലും നിർദ്ദേശമുണ്ടോയെന്നും ഇതു സംബന്ധിച്ച് ഇസ്രയേൽ സർക്കാർ എന്തെങ്കിലും ആവശ്യമുന്നയിച്ചിട്ടുണ്ടോയെന്നുമായിരുന്നു കെ.സുധാകരന്റെ ചോദ്യം.