‘മോദി കി ഗാറന്റി’ മുദ്രാവാക്യമുയർത്തി പ്രചാരണം ആരംഭിക്കാൻ നിർദേശം നൽകി അമിത് ഷാ
Mail This Article
പട്ന ∙ ലോക്സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടു ‘ മോദി കി ഗാറന്റി’ മുദ്രാവാക്യമുയർത്തി പ്രചാരണം ആരംഭിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിഹാറിലെ ബിജെപി നേതാക്കൾക്കു നിർദേശം നൽകി. നരേന്ദ്ര മോദി സർക്കാരിന്റെ വികസന, ക്ഷേമ പദ്ധതികളെ കുറിച്ചു വോട്ടർമാരെ ബോധവൽകരിക്കാനാണ് പരിപാടി. ഭാരതത്തെ വികസിത രാഷ്ട്രമാക്കാൻ നരേന്ദ്ര മോദി സർക്കാർ ആവിഷ്കരിക്കുന്ന സ്വപ്ന പദ്ധതികളും പ്രചാരണ വിഷയമാക്കും.
ബിജെപി ജാതി സെൻസസിന് എതിരല്ലെന്നും പിന്നാക്ക വിഭാഗ നേതാക്കൾക്ക് പ്രാമുഖ്യം നൽകുന്നുണ്ടെന്നും വോട്ടർമാരെ ബോധ്യപ്പെടുത്തും. പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി ഘടകകക്ഷികളിലെ കുടുംബ വാഴ്ചയും തുറന്നു കാട്ടും.
ബിജെപിയുടെ രാജ്യസഭാംഗങ്ങൾ മൂന്നു ലോക്സഭാ മണ്ഡലങ്ങളിൽ പ്രചാരണത്തിനു നേതൃത്വം നൽകണം. ലോക്സഭാംഗങ്ങൾ സ്വന്തം മണ്ഡലത്തിനു പുറമെ മറ്റൊരു മണ്ഡലത്തിൽ കൂടി ശ്രദ്ധിക്കണം. പാർട്ടി എംഎൽഎമാർ സ്വന്തം നിയമസഭാ മണ്ഡലത്തിനു പുറമെ മറ്റൊരു നിയമസഭാ മണ്ഡലത്തിലും പ്രചാരണത്തിനിറങ്ങണം. ജനപ്രതിനിധികൾ മണ്ഡലങ്ങളിൽ മൂന്നു ദിവസം താമസിച്ചു ജനസമ്പർക്ക പരിപാടികൾ നടത്താനാണ് നിർദേശം.