ടിപിക്ക് ഊരാളുങ്കലുമായി ബന്ധമുണ്ടായിരുന്നില്ല; ഷാജിയുടെ ആരോപണം അടിസ്ഥാനമില്ലാത്തതെന്ന് കെ.കെ.രമ
Mail This Article
കോഴിക്കോട്∙ ഊരാളുങ്കൽ സൊസൈറ്റി പിടിച്ചെടുക്കുമോയെന്ന ഭയമാണു ടി.പി.ചന്ദ്രശേഖൻ കൊല്ലപ്പെടാൻ കാരണമെന്ന മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജിയുടെ വെളിപ്പെടുത്തൽ തള്ളി ടിപിയുടെ ഭാര്യയും എംഎൽഎയുമായ കെ.കെ.രമ. കെ.എം. ഷാജിയുടെ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് കെ.കെ.രമ പറഞ്ഞു.
‘‘ടിപിക്ക് ഊരാളുങ്കലുമായി ബന്ധമുണ്ടായിരുന്നില്ല. സിപിഎമ്മിനു മൃഗീയഭൂരിപക്ഷമുള്ള ഊരാളുങ്കൽ സൊസൈറ്റി പിടിച്ചെടുക്കുക അസാധ്യവുമാണ്. കൊല്ലപ്പെടുന്നതിനു മുമ്പ് സിപിഎം നേതാക്കളുമായി ചർച്ച നടത്തിയതായും അറിയില്ല’’–രമ പറഞ്ഞു. എന്നാൽ ചോറോട് സഹകരണ ബാങ്കിലെ സിപിഎം അഴിമതിക്കെതിരെ ടിപി മരണം വരെ പോരാടിയിരുന്നുവെന്നും അതിന്റെ പേരിൽ സിപിഎം നേതൃത്വവുമായി കടുത്ത ശത്രുത നിലനിന്നിരുന്നുവെന്നും കെ.കെ.രമ വ്യക്തമാക്കി.
ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ഊരാളുങ്കൽ സൊസൈറ്റി പിടിച്ചെടുത്താൽ കേരളത്തിലെ സിപിഎം നേതാക്കളുടെ കള്ളപ്പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുമെന്ന ഭയമാണു കൊലപാതകത്തിനു കാരണമെന്നായിരുന്നു ഷാജിയുടെ ആരോപണം. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനിൽനിന്ന് അന്വേഷണം മുകളിലേക്കു പോയാൽ മുഖ്യമന്ത്രിയടക്കം മറുപടി പറയേണ്ടി വരുമായിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കേസിന്റെ അന്വേഷണം പി. മോഹനനിൽ നിർത്താൻ ചില കളികളിലൂടെ സിപിഎമ്മിനു കഴിഞ്ഞുവെന്നു ഷാജി ആരോപിച്ചിരുന്നു.