ലോക്സഭയിൽ നിന്ന് പുറത്താക്കിയത് ചോദ്യം ചെയ്ത് മഹുവ; സുപ്രീം കോടതിയിൽ ഹർജി നൽകി
Mail This Article
ന്യൂഡൽഹി∙ പാർലമെന്റിൽ ചോദ്യം ചോദിക്കാൻ പാരിതോഷികം കൈപ്പറ്റിയെന്ന പരാതിയിൽ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയത് ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി നൽകി തൃണമൂൽ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. പരാതിയിൽ കുറ്റക്കാരിയെന്ന് എത്തിക്സ് കമ്മിറ്റി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മഹുവ മൊയ്ത്രയെ ലോക്സഭയിൽനിന്നു പുറത്താക്കിയത്.
ലോക്സഭയിൽ ചോദ്യങ്ങൾ ചോദിക്കാൻ ദുബായിലെ വ്യവസായി ദർശൻ ഹിരനന്ദാനിക്ക് ലോക്സഭ പോർട്ടലിന്റെ ലോഗിൻ വിവരങ്ങൾ മഹുവ കൈമാറിയതു രാജ്യസുരക്ഷയെ ബാധിക്കുന്നതും സഭയുടെ അന്തസ്സിനെ ഹനിക്കുന്നതുമാണെന്നാണു ബിജെപി അംഗം വിനോദ് സോൻകർ അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മഹുവയ്ക്കെതിരെ സമയബന്ധിതമായ നിയമനടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
ബിജെപി അംഗം നിഷികാന്ത് ദുബെയാണ് നേരത്തേ മഹുവയുടെ പങ്കാളിയായിരുന്ന ജയ് ആനന്ദ് ദെഹ്ദറായ് എന്ന അഭിഭാഷകൻ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ സ്പീക്കർക്കു പരാതി നൽകിയത്. വിവിധ മേഖലകളിൽ ബിസിനസുള്ള ഹിരാനന്ദാനിക്കു വേണ്ടി അദാനി ഗ്രൂപ്പിനെതിരെ മഹുവ ചോദ്യങ്ങൾ ചോദിച്ചുവെന്നും അതിനായി ലോക്സഭയുടെ സുപ്രധാനമായ ലോഗിൻ വിവരങ്ങൾ കൈമാറിയത് തെറ്റാണെന്നും ദുബെയുടെ പരാതിയിൽ പറഞ്ഞിരുന്നു.
മഹുവയുടെ 61 ചോദ്യങ്ങളിൽ ഏറെയും ഇത്തരത്തിലുള്ളതാണെന്നു പരാതിയിൽ പറഞ്ഞിരുന്നു. ഒക്ടോബർ 15നു കൈമാറിയ പരാതി സ്പീക്കർ എത്തിക്സ് സമിതിക്കു വിടുകയായിരുന്നു.സമിതിയുടെ തെളിവെടുപ്പിനിടെ വ്യക്തിപരവും അസംബന്ധവുമായ ചോദ്യങ്ങൾ ചോദിച്ചുവെന്നു പറഞ്ഞ് മഹുവ ഇറങ്ങിപ്പോയി. ലോഗിൻ വിവരങ്ങൾ ലഭിച്ചുവെന്ന് പറഞ്ഞ് ഹിരനന്ദാനി സമിതിക്കു സത്യവാങ്മൂലം നൽകിയിരുന്നു.