ADVERTISEMENT

ചെറുതോണി ∙ ഭൂമിയുമായി ബന്ധപ്പെട്ടതാണ് ഇടുക്കിയുടെ എക്കാലത്തെയും പ്രധാന വിഷയമെന്നും സാധാരണക്കാരായ ജനങ്ങളെയും കർഷകരെയും സഹായിക്കുക എന്ന സമീപനമാണു സർക്കാരിന്റേതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കുടിയേറ്റ കർഷകരായ മലയോര ജനതയെ വിശ്വാസത്തിലെടുത്ത് എല്ലാ വിഭാഗത്തിലുള്ള ആളുകളുമായി തുറന്ന മനസ്സോടെയുള്ള ചർച്ചകൾ നടത്തിയാണ് സർക്കാർ മുന്നോട്ടുപോയത്. നവകേരള സദസ്സിന്റെ ഭാഗമായി ചെറുതോണിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘‘ചെറുതോണിയിലെ പ്രഭാത യോഗത്തിലും ഇടുക്കിയുടെ സമഗ്രപുരോഗതിക്കുള്ള ഒട്ടേറെ നിര്‍ദേശങ്ങളാണുയര്‍ന്നത്. രാഷ്ട്രീയ നേതാക്കൾ, മതമേലധ്യക്ഷർ, സാമുദായിക നേതാക്കൾ, പരിസ്ഥിതി പ്രവർത്തകർ, മാധ്യമപ്രതിനിധികൾ തുടങ്ങിയവരുമായി നടത്തിയ വിശാലമായ ചർച്ചകൾ വഴിയാണ് ഇടുക്കി ജില്ലയിലെ ഭൂമിയുമായി ബന്ധപ്പെട്ട കാതലായ പ്രശ്നങ്ങളിൽ പരിഹാരം കാണാൻ കഴിഞ്ഞത്. അങ്ങനെയുള്ള പരിഹാരമാർഗങ്ങളിൽ ഒന്നാണ് കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ 2023ലെ ‘കേരള സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ (ഭേദഗതി) ബിൽ’. ഇത് നിയമമാകുന്നതോടെ മലയോര മേഖലയിലെ ജനങ്ങൾക്ക് പൊതുവിലും ഇടുക്കി ജനതയ്ക്ക് വിശേഷിച്ചും വലിയ ആശ്വാസമാവും.

വന്യജീവി സംഘർഷങ്ങൾ കുറയ്ക്കുന്നതിനു സോളർ ഫെൻസിങ് നിർമിക്കുന്ന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുകയാണ്. കഴിഞ്ഞ കാലയളവിൽ 31 കോടിയിലധികം രൂപയാണ് വന്യജീവി ആകമണം മൂലം കഷ്ടത നേരിട്ടവർക്ക് നഷ്ടപരിഹാരമായി നൽകിയത്. കർഷകർക്ക് ആശ്വാസം നൽകുന്ന നടപടിയുടെ ഭാഗമായി, വിളകൾ ആക്രമിക്കുകയും ജനവാസ കേന്ദ്രങ്ങളിലേക്ക് കടക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറി. വന്യമൃഗങ്ങളുടെ ആക്രമണത്തിനും പ്രകൃതിക്ഷോഭത്തിനും ഇരയായതിനാൽ ഒറ്റപ്പെട്ട മേഖലകളിൽ താമസിച്ചിരുന്ന ജനങ്ങൾക്കു മെച്ചപ്പെട്ട വിദ്യാഭ്യാസ, ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്താൻ സർക്കാർ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

ബഫര്‍സോണ്‍ വിഷയത്തില്‍ നമ്മുടെ നിലപാട് സുപ്രീകോടതി അംഗീകരിച്ചതാണ്. ജനവാസ മേഖലകളെ ബഫര്‍സോണ്‍ ബാധിക്കില്ല.  ജസ്റ്റിസ് ജെ.ബി.കോശി കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. പരിസ്ഥിത സംതുലിത വികസന മാതൃകകൾക്കനുസൃതമായുള്ള നിർമാണങ്ങളിലൂടെ ടൂറിസം സാധ്യത വികസിപ്പിക്കുകയാണു ലക്ഷ്യം. ദേശീയതലത്തിൽ മികച്ച ടൂറിസം വില്ലേജിനുള്ള ഗോൾഡ് അവാർഡ് നേടിയത് കാന്തല്ലൂർ വില്ലേജായിരുന്നു. ഉത്തരവാദിത്ത ടൂറിസം മിഷൻ നടപ്പാക്കിയ ഗ്രീൻ സ്ട്രീറ്റ് പദ്ധതിക്കാണ് അവാർഡ്. ഈ പദ്ധതി ടൂറിസം, പഞ്ചായത്ത് വകുപ്പുകൾ സംയുക്തമായി നടപ്പാക്കിയതാണ്.

വിനോദ സഞ്ചാരവകുപ്പിന്റെ സഹകരണത്തോടെ വാഗമണ്ണിൽ കേരളത്തിലെ ആദ്യത്തേതും ഇന്ത്യയിലെ എറ്റവും നീളം കൂടിയതുമായ കാന്റിലിവർ ഗ്ലാസ് ബ്രിജ് വിനോദസഞ്ചാരികൾക്ക് തുറന്നുകൊടുത്തു. പാഞ്ചാലിമേട് ടൂറിസം പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. ഇടുക്കിയിലേക്ക് സഞ്ചാരികളുടെ വരവില്‍ വന്‍കുതിപ്പാണ് രേഖപ്പെടുത്തിയത്. 2022-ല്‍ ഇടുക്കിയില്‍ എത്തിയത് 26,56,730 ആഭ്യന്തര സഞ്ചാരികളാണ്. 2023-ലെ ആദ്യ 9 മാസം എത്തിയത് 26,61,934 ആഭ്യന്തര സഞ്ചാരികള്‍.

കാര്‍ഷിക മേഖലയ്ക്ക് ഉത്തേജനം നല്‍കുന്ന നടപടികളുമായി മുന്നോട്ടുപോവുകയാണ്. കാര്‍ഷിക രംഗത്തെ ആധുനികവത്കരണം, ഉത്പാദനക്ഷമത വര്‍ധിപ്പിക്കല്‍, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിപണനം എന്നിവയ്ക്കാണ് ഊന്നല്‍. ജലജീവൻ മിഷന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളം എത്തിക്കുന്ന പദ്ധതി നടക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തി ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം, ചെക്ക് ഡാമുകൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികളും മികച്ച പുരോഗതി കൈവരിച്ചു. പരിസര ശുചിത്വം ഉറപ്പുവരുത്തുന്നതിനും പ്ലാസ്റ്റിക് റീസൈക്ലിങ് നടത്തുന്നതിനും മാലിന്യമുക്തമായ വിനോദസഞ്ചാര മേഖല ഉറപ്പുവരുത്തുന്നതിനും ഇടപെടുകയാണ്’’– മുഖ്യമന്ത്രി പറഞ്ഞു.

English Summary:

CM Pinarayi Vijayan said that land issues are the most important issue in Idukki, and the government's approach is to help the common people and farmers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com