സിസ്റ്റർ അമലയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ സതീഷ് ബാബുവിന്റെ ജീവപര്യന്തം തടവ് ശരിവച്ചു ഹൈക്കോടതി
Mail This Article
കൊച്ചി∙ പാലാ ലിസ്യൂ കാർമലൈറ്റ് മഠത്തിലെ സിസ്റ്റർ അമലയെ (69) തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി കാസർകോട് സ്വദേശി മെഴുവാതട്ടുങ്കൽ സതീഷ് ബാബുവിന്റെ ജീവപര്യന്തം തടവ് ഹൈക്കോടതി ശരിവച്ചു. സതീഷ് ബാബു നൽകിയ അപ്പീൽ തള്ളി. ശിക്ഷയ്ക്ക് പര്യാപ്തമായ തെളിവുണ്ടെന്നു കോടതി കണ്ടെത്തി. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാർ, ജോൺസൻ ജോൺ എന്നിവരടങ്ങിയ ബെഞ്ച് ആണ് അപ്പീൽ തള്ളിയത്. പീഡനക്കുറ്റത്തിന് വിചാരണക്കോടതി നൽകിയ 10 വർഷം തടവ് റദ്ദാക്കി.
കവർച്ചയ്ക്കിടെ 2015 സെപ്‌റ്റംബർ 16ന് അർധ രാത്രിയാണു സിസ്റ്റർ അമല (69) മഠത്തിലെ മൂന്നാം നിലയിലെ മുറിയിൽ തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടത്. വിചാരണ നടത്തിയ പാലാ അഡീഷനൽ ജില്ലാ ആൻഡ് സെഷൻസ് കോടതി ജീവപര്യന്തം കഠിനതടവും 2.10 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
സതീഷ് ബാബുവിനെതിരായ കുറ്റവും ശിക്ഷയും (വിചാരണക്കോടതി വിധിച്ചത്)
- കൊലപാതകം (ഐപിസി 302) ജീവപര്യന്തം തടവ്, 1 ലക്ഷം രൂപ പിഴ; പിഴ ഒടുക്കാത്ത പക്ഷം 3 വർഷം കൂടി കഠിന തടവ്
- മാനഭംഗം (ഐപിസി 376) 10 വർഷം കഠിന തടവ്, 50000 രൂപ പിഴ; പിഴ ഒടുക്കാത്ത പക്ഷം 2 വർഷം കൂടി കഠിന തടവ്
- ഭവനഭേദനം (ഐപിസി 449) 7 വർഷം കഠിന തടവ്, 30000 രൂപ പിഴ; പിഴ അടച്ചില്ലെങ്കിൽ 1 വർഷം കൂടി കഠിന തടവ്
- അതിക്രമിച്ചു കയറൽ (ഐപിസി 457) 3 വർഷം കഠിന തടവ്, 30000 രൂപ പിഴ