ADVERTISEMENT

തിരുവനന്തപുരം∙ കെഎസ്എഫ്ഡിസിയിൽ നിന്ന് രാജിവച്ച് സംവിധായകൻ ഡോ.ബിജു. ബോർഡ് മെമ്പർ സ്ഥാനമാണ് ഒഴിഞ്ഞത്. തൊഴിൽപരമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്നാണ് വിശദീകരണം. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തുമായുള്ള പ്രശ്നമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം. ബിജുവിന്റെ ‘അദൃശ്യജാലകങ്ങൾ’ സിനിമയ്ക്ക് തിയറ്ററിൽ ആളു കയറുന്നില്ലെന്നും സ്വന്തം പ്രസക്തി എന്തെന്ന് ആലോചിക്കണമെന്നും രഞ്ജിത്ത് ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശമാണ് വിവാദത്തിന് തിരികൊളുത്തിയത്. 

ബിജുവിന്റെ ‘അദൃശ്യജാലകങ്ങൾ’ സിനിമ പ്രദർശിപ്പിക്കേണ്ടതില്ലെന്ന് ഐഎഫ്എഫ്കെ തീരുമാനം എടുത്തിരുന്നു. രാജ്യാന്തര ചലച്ചിത്രമേളകളിൽ ശ്രദ്ധ നേടിയതോടെയാണ് അദൃശ്യജാലകങ്ങൾ പ്രദർശിപ്പിക്കാൻ തീരുമാനിച്ചത്. രഞ്ജിത്തിന്റെ പരാമർശത്തിന് ബിജു കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു. 

കേരളത്തിനും ഗോവയ്ക്കും അപ്പുറം ഒരു ചലച്ചിത്രമേളയിൽ പോലും പങ്കെടുത്തിട്ടില്ലാത്ത ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനോടു രാജ്യാന്തര ചലച്ചിത്രമേളകളെപ്പറ്റി സംസാരിക്കുന്നതു വ്യർഥമെന്നു സംവിധായകൻ ‍ഡോ.ബിജു. തിയറ്ററുകളിൽ ആളെക്കൂട്ടിയതുകൊണ്ടല്ല സിനിമകൾ ചലച്ചിത്രമേളകളിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്. അക്കാര്യം പോലും അറിയാത്തയാളാണു കേരളത്തിൽ ചലച്ചിത്രമേളയുടെ ചെയർമാനായിരിക്കുന്നത് എന്നോർക്കുമ്പോൾ ലജ്ജിക്കുന്നുവെന്നും ഡോ.ബിജു. ബിജുവിന്റെ ‘അദൃശ്യജാലകങ്ങൾ’ സിനിമയ്ക്ക് തിയറ്ററിൽ ആളു കയറുന്നില്ലെന്നും സ്വന്തം പ്രസക്തി എന്തെന്ന് ആലോചിക്കണമെന്നും രഞ്ജിത്ത് ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശത്തിനെതിരെയാണു സമൂഹമാധ്യമത്തിൽ ബിജുവിന്റെ തുറന്ന കത്ത്. 

തിയറ്ററിൽ ആളെ കൂട്ടുന്നതു മാത്രമാണു സിനിമ എന്ന രഞ്ജിത്തിന്റെ ബോധം തിരുത്താൻ താൻ ആളല്ല. വളരെയേറെ ക്രിട്ടിക്കൽ അംഗീകാരം കിട്ടിയ തന്റെ സിനിമയെ ഐഎഫ്എഫ്കെയിൽ സിനിമ തിരഞ്ഞെടുത്തപ്പോൾ രഞ്ജിത്തിന്റെ സുഹൃത്ത് തള്ളിക്കളഞ്ഞതാണ്. പിന്നീട് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്ര മേളയിൽ മത്സരവിഭാഗത്തിൽ ഇടംപിടിച്ചപ്പോൾ ഐഎഫ്എഫ്കെയിലെ കലൈഡോസ്കോപ് വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ തന്നോട് അനുമതി ചോദിക്കുകയായിരുന്നു. ആദ്യ പ്രദർശനത്തിന് അഭൂതപൂർവമായ തിരക്കുമുണ്ടായി. കഴിഞ്ഞ മേളയിൽ ഡെലിഗേറ്റുകളെ പട്ടിയോട് ഉപമിച്ചയാളാണു രഞ്ജിത്ത്. രഞ്ജിത്തിന്റെ മാടമ്പിത്തരവും ആജ്ഞാപിക്കലും ഒക്കെ കയ്യിൽ വച്ചാൽ മതി. രാജ്യാന്തര ചലച്ചിത്ര മേളയുടെ ചെയർമാനായിരിക്കാൻ  എന്തെങ്കിലും യോഗ്യതയുണ്ടോ എന്നു സ്വയം ആലോചിക്കൂവെന്നും തുറന്ന കത്തിൽ ഡോ.ബിജു പറയുന്നു.

തനിക്കെതിരെ പരാമർശമുള്ള രഞ്ജിത്തിന്റെ അഭിമുഖം കണ്ടതിനു പിന്നാലെ രഞ്ജിത്തിന് ഫോൺ സന്ദേശം അയച്ചിരുന്നതായി സംവിധായകൻ ഡോ.ബിജു.

‘‘എന്റെ പ്രസക്തി തീരുമാനിക്കുന്നത് രഞ്ജിത്ത് അല്ല. കേരളത്തിനും ഇന്ത്യയ്ക്കും അപ്പുറം ഒരു സിനിമാലോകമുണ്ട് എന്നുപോലും അറിയാത്ത താങ്കളുടെ വിലയിരുത്തൽ എനിക്ക് ആവശ്യമില്ല’’– എന്നായിരുന്നു ഡോ.ബിജുവിന്റെ സന്ദേശം. ‘മറുവാക്കുകൾക്കു നന്ദി’ എന്ന് ആദ്യം മറുപടി നൽകിയ രഞ്ജിത്ത് പിന്നീട് ‘മതി നിർത്തിക്കോ’ എന്ന ഭീഷണി സന്ദേശം അയച്ചെന്നും ‘രഞ്ജിത്തിന്റെ ആജ്ഞ അനുസരിക്കാൻ തനിക്കു ബാധ്യതയില്ല’ എന്നു മറുപടി നൽകിയെന്നും ഡോ.ബിജു വെളിപ്പെടുത്തിയിരുന്നു.

English Summary:

Dr Biju resigns from KSFDC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com