ADVERTISEMENT

തിരുവനന്തപുരം∙ ശബരിമലയിൽ നടക്കുന്നത് നഗ്നമായ മനുഷ്യാവകാശ ധ്വംസനമാണെന്ന് ബിജെപി ദേശീയ നിർവാഹ സമിതി അംഗം കുമ്മനം രാജശേഖരൻ. മുഖ്യമന്ത്രിയും ദേവസ്വം ബോർഡും ഭക്തരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാതെ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. നരകയാതന അനുഭവിക്കുന്ന അയ്യപ്പഭക്തരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനും മനുഷ്യാവകാശ കമ്മിഷനും വനിതാ, ബാലാവകാശ കമ്മിഷനുകളും അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘‘ശബരിമലയിൽ വരിക എന്നത് ഭക്തന്റെ ഭരണഘടനാ അവകാശമാണ്. ഭക്തന് കുടിവെളളം, ആഹാരം, താമസം, ചികിത്സ, ഗതാഗതം,  ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യം ഒരുക്കുക എന്നത് സർക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തവുമാണ്. ഇതൊന്നും ചെയ്യാതെ ഭക്തർ കൂടുതലായി എത്തിയതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും പ്രസ്താവനകൾ അടിസ്ഥാനരഹിതമാണ്. 

എല്ലാകാലത്തും സ്ത്രീകളും കുട്ടികളും ശബരിമലയിൽ എത്താറുണ്ട്. എല്ലാ വർഷവും 30 ശതമാനം അധികം ഭക്തർ എത്തുമെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്. എന്നിട്ടും മണ്ഡലകാലത്ത് മാത്രം അവലോകനയോഗം ചേരുകയും നട അടയ്ക്കുമ്പോൾ അവലോകനം അവസാനിപ്പിക്കുകയും ചെയ്യുന്നതാണ് സർക്കാരിന്റെ രീതി. സർക്കാരിന് അയ്യപ്പന്മാരുടെ പോക്കറ്റിലെ കാശുമതി. വിവിധ വകുപ്പുകൾ ശബരിമലയെ കറവപ്പശുവായാണ് കാണുന്നത്. കെഎസ്ഇബിയും വാട്ടർ അതോറിറ്റിയും കെഎസ്ആർടിസിയുമെല്ലാം ‘അയ്യപ്പൻകോള്’ എന്നാണ് കൊള്ളയെ വിശേഷിപ്പിക്കുന്നത്. 

ശബരിമലയിലെ ശ്രീധർമശാസ്താ ക്ഷേത്രത്തിൽ ധർമശാലകളാണ് വേണ്ടത്. നിരവധി സന്നദ്ധ സംഘടനകൾ ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തിരുന്നത് സർക്കാർ നിർത്തലാക്കി. പകരം ശബരിമലയെ ടൂറിസം കേന്ദ്രമാക്കി മാറ്റാണ് സർക്കാരിന്റെ നീക്കം. ഒരു തീർഥാടന കാലയളവിൽ സംസ്ഥാന സർക്കാരിന് പതിനായിരം കോടിയോളം രൂപയുടെ നികുതിവരുമാനം ഉണ്ടാകുമെന്നാണ് ഏകദേശകണക്ക്. അതിന്റെ ഒരംശംപോലും ശബരിമലയിൽ ചെലവാക്കുന്നില്ല. ആൾത്തിരക്ക് നിയന്ത്രിക്കലല്ല, മാനേജ് ചെയ്യുകയാണ് വേണ്ടത്. അതിനു പരിചയസമ്പന്നരായ ഉദ്യോഗസ്ഥരും ഇച്ഛാശക്തിയുള്ള ഭരണ സംവിധാനവും ഉണ്ടാകണം. 

1999ലെ ഹിൽടോപ് ദുരന്തം അന്വേഷിച്ച ചന്ദ്രമോഹൻ കമ്മിഷനും 2011ലെ പുൽമേട് ദുരന്തം അന്വേഷിച്ച ഹരിചന്ദ്രൻ നായർ കമ്മിഷനും നൽകിയ റിപ്പോർട്ടിലെ സുരക്ഷാ ക്രമീകരണങ്ങൾ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ശബരിമലയിലെ സുരക്ഷ സംബന്ധിച്ചുള്ള മാസ്റ്റർ പ്ലാനും കോടതി വിധികളും എവിടെയെന്നും സർക്കാർ മറുപടി പറയണം. ശബരിമലയിൽ 110 ഏക്കർ ഭൂമി അഡ്വക്കറ്റ് കമ്മിഷൻ അളന്ന് തിട്ടപ്പെടുത്തി നൽകിയിട്ടുണ്ട്. അതിൽ 60 ഏക്കർ മാത്രമാണ് ഉപയോഗിക്കുന്നത്. പമ്പയിൽ 50 ഏക്കറോളം വെറുതെ കിടക്കുന്നു. നിലയ്ക്കലിൽ നിന്നും സമാന്തരപാതയിലൂടെ പമ്പയിൽ അയ്യപ്പന്മാർക്കെത്താൻ കഴിയും. 20 വർഷമായി ശ്രമിച്ചിട്ടും പാത സഞ്ചാരയോഗ്യമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. 

‌ഇപ്പോൾ സന്നിധാനത്ത് എത്തിയാൽ നെയ്‌തേങ്ങ ഉടച്ച് നെയ്യ് അഭിഷേകത്തിനു നല്‍കാനുള്ള സൗകര്യം പോലും ഭക്തന് ലഭിക്കുന്നില്ല. നാമജപം പാടില്ലെന്ന് ഉത്തരവിറക്കിയ ദേവസ്വം ബോർഡ് എന്തുകൊണ്ട് ഇക്കാര്യങ്ങൾ നടത്താൻ ശ്രമിക്കുന്നില്ല. നിയന്ത്രണങ്ങൾ ഭക്തരുടെമേൽ അടിച്ചേൽപ്പിക്കുകയല്ല, ഭക്തജന കൂട്ടായ്മകളുമായി കൂടിയാലോചിച്ച് സമവായത്തിലൂടെ നടപ്പിലാക്കുകയാണ് വേണ്ടത്. അതിനു സർക്കാർ തയാറാകണം’’– അദ്ദേഹം ആവശ്യപ്പെട്ടു. 

കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ബിജെപി പ്രതിനിധി സംഘം ശബരിമല സന്ദർശിക്കും. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ജി.രാമൻ നായർ, പത്തനംതിട്ട ജില്ലാ അധ്യക്ഷൻ വി.എ.സൂരജ്, കോട്ടയം ജില്ലാ അധ്യക്ഷൻ ലിജിൻ ലാൽ എന്നിവർ സംഘത്തിലുണ്ടാകും.

English Summary:

Kummanam Rajasekharan on Sabarimala pilgrim rush

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com