കർണാടകയിൽ പെൺഭ്രൂണഹത്യ തടയാൻ ദൗത്യ സേന; നയരൂപീകരണവും നടത്തും: ആരോഗ്യമന്ത്രി
Mail This Article
ബെംഗളൂരു ∙ സംസ്ഥാനത്ത് വർധിച്ചുവരുന്ന പെൺ ഭ്രൂണഹത്യ തടയാൻ ദൗത്യ സേനയ്ക്ക് രൂപം നൽകുന്നതിനൊപ്പം നയരൂപീകരണം നടത്തുമെന്ന് ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. നിലവിലുള്ള നിയമം ഭേദഗതി ചെയ്യുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്.
പെൺഭ്രൂണഹത്യാ സംഭവങ്ങൾ നിരീക്ഷിക്കാനായി പ്രത്യേക സമിതികളെ സബ് ഡിവിഷൻ തലങ്ങളിൽ നിയോഗിക്കും. ഇത്തരം കേസുകൾ എസിപി തലത്തിൽ കൈകാര്യം ചെയ്യും. അടുത്ത മാസം മുതൽ പ്രത്യേക ഹെൽപ് ലൈൻ പുനഃസ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
പെൺഭ്രൂണഹത്യയുടെ ഭാഗമായി ലിംഗ നിർണയം നടത്താൻ സഹായിക്കുന്ന അനധികൃത സ്കാനിങ് കേന്ദ്രങ്ങളും വ്യാജ ക്ലിനിക്കുകളും ജില്ലാ ആരോഗ്യ ഓഫിസർമാരുടെ നേതൃത്വത്തിൽ അടച്ചുപൂട്ടി വരികയാണ്. കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമ പ്രകാരമുള്ള റജിസ്ട്രേഷൻ ഇല്ലാത്ത സ്ഥാപനങ്ങൾക്ക് എതിരെയാണ് നടപടി.
ബെംഗളൂരു നഗര, ഗ്രാമ ജില്ലകളിലും, മണ്ഡ്യ, മൈസൂരു എന്നിവിടങ്ങളിലുമായി പടർന്നു കിടക്കുന്ന റാക്കറ്റുകളിലെ 3 ഡോക്ടർമാർ ഉൾപ്പെടെ 16 പേരെ വെവ്വേറെ സംഭവങ്ങളിലായി കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടർന്ന് സിഐഡി വിഭാഗം അന്വേഷണം നടത്തി വരികയാണ്.