‘ഇന്ത്യ കോ–ഓർഡിനേഷൻ കമ്മിറ്റിയിൽ സിപിഎം ചേർന്നാൽ പിണറായിയെ ഇ.ഡി ചോദ്യം ചെയ്യും; ഇതു രാജഭരണമാണോ?’
Mail This Article
കണ്ണൂർ∙ സ്വർണക്കടത്ത്, ലൈഫ് മിഷൻ, കരുവന്നൂർ ബാങ്ക് കേസുകളിൽ മുഖ്യമന്ത്രി പിണറായി വിജയനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുമെന്ന ഭയം കൊണ്ടാണ് ‘ഇന്ത്യ’ മുന്നണിയുടെ കോ–ഓർഡിനേഷൻ കമ്മിറ്റിയിൽനിന്നു സിപിഎം വിട്ടു നിൽക്കുന്നതെന്നു മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി. യുഡിഎഫ് കണ്ണൂർ നിയോജകമണ്ഡലം കുറ്റവിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘‘കോ–ഓർഡിനേഷൻ കമ്മിറ്റിയിൽ ചേരാൻ സിപിഎം തീരുമാനിക്കുന്നതിന്റെ പിറ്റേന്ന് ഇഡി പിണറായി വിജയനെ ചോദ്യം ചെയ്യും. എന്തു നിലവാരമില്ലാത്തവരാണു മുഖ്യമന്ത്രിയും ഗവർണറും? എന്തു വേഷം കെട്ടലാണ് രണ്ടുപേരും? ശബരിമലയിൽ തിരക്കു നിയന്ത്രിക്കാൻ പൊലീസില്ല. ഇവർക്കു രണ്ടു പേർക്കും കാവലിനാണു പൊലീസ് മുഴുവൻ. മിഠായിത്തെരുവിൽ ഗവർണർ എന്തൊക്കെയാണു കാട്ടിക്കൂട്ടിയത്?
നവകേരള സദസ്സിൽ പരാതിയെന്നു പറയരുതെന്നാണു പുതിയ ഉത്തരവ്. ജനകീയ ഭരണത്തിൽ, പൗരൻ നൽകുന്നതു പരാതിയാണ്. ഇതു രാജഭരണമാണോ? പിണറായി വിജയൻ കുടുംബ മഹിമ കൊണ്ടാണോ മുഖ്യമന്ത്രിയായത്? സ്കൂൾ വിദ്യാർഥികളെ പൊരിവെയിലത്തു നിർത്തി കൈവീശിക്കുന്ന മുഖ്യമന്ത്രിയുടെ മനോവികാരം ഭ്രാന്താണ്.
സിപിഎമ്മിന്റെ പണം മുഴുവൻ കൈകാര്യം ചെയ്യുന്നത് ഊരാളുങ്കലാണ്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ, ക്ലിഫ്ഹൗസിൽ വച്ചു കണ്ടപ്പോൾ മുഖ്യമന്ത്രിയുടെ മകൾ വിളിച്ചത് ‘ഗഡ്കരി അങ്കിൾ’ എന്നാണ്. ഊരാളുങ്കലിനാണു കരാറുകൾ ലഭിക്കുന്നത്. ‘ഇന്ത്യ’ മുന്നണിയുടെ കോ ഓർഡിനേഷൻ കമ്മിറ്റിയിൽ ചേരാൻ സിപിഎം തീരുമാനിച്ചാൽ, പിറ്റേന്ന് ഊരാളുങ്കലിന്റെ കരാറുകൾ റദ്ദാകും. ഇഡി അന്വേഷണവും വരും’’– കെ.എം.ഷാജി പറഞ്ഞു.