ബദൽ ‘രക്ഷാപ്രവർത്തനം’ തുടങ്ങി കോൺഗ്രസ്; നവകേരള സദസ് നവ ഏറ്റുമുട്ടൽ സദസാകുമോ?
Mail This Article
തിരുവനന്തപുരം∙ ഡിവൈഎഫ്ഐയുടെ ‘രക്ഷാപ്രവർത്തനത്തിന്’ യൂത്ത് കോൺഗ്രസും കെഎസ്‌യുവും ‘ബദൽ രക്ഷാപ്രവർത്തനം’ ആരംഭിച്ചതോടെ നവകേരള സദസ് നവ ഏറ്റുമുട്ടൽ സദസായി മാറുകയാണ്. കാസർകോടുനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും സമാധാനപൂർവം ആരംഭിച്ച നവകേരള സദസ് തിരുവനന്തപുരത്ത് എത്തിയപ്പോളേക്കും തെരുവ് യുദ്ധത്തിന്റെ സാഹചര്യത്തിലേക്കു കടന്നിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് അടിച്ചൊതുക്കുകയായിരുന്നു. പലയിടത്തും പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും തോളോടുതോൾ ചേർന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചത്. കോൺഗ്രസ് പ്രവർത്തകർ നിന്നു തല്ലുകൊണ്ടെങ്കിലും കാര്യമായ തിരിച്ചടിക്കു മുതിർന്നില്ല.
മഞ്ചേശ്വരത്തെ പൈവളിഗെയില്‍ ആരംഭിച്ച നവകേരളസദസ് കാസര്‍കോട് ജില്ല വിടുന്നതുവരെ കാര്യമായ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നില്ല. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിച്ചതിന് പിന്നാലെ തങ്ങളുടെ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ എടുക്കുന്നുവെന്ന് ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവും കരിങ്കൊടി പ്രതിഷേധവുമായി രംഗത്തെത്തിയത്. കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനു കരിങ്കൊടി കാണിച്ചവരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചെടിച്ചട്ടിയും ഹെല്‍മറ്റും ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.
മർദനത്തിന്റെ ദൃശ്യങ്ങൾ ജനം മുഴുവൻ കണ്ടിട്ടും അതിനെ ‘രക്ഷാപ്രവർത്തനം’ എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. കൊടിയുമായി തന്റെ ബസിന്റെ മുന്നിലേക്ക് ചാടിയവരെ ബസ് ഇടിക്കാതിരിക്കാനാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പിടിച്ചുമാറ്റിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. മുഖ്യമന്ത്രിയുടെ വിശദീകരണം വലിയ വിവാദങ്ങൾക്ക് വഴി തുറന്നു. മുഖ്യമന്ത്രിയുടെ ഉറച്ച പിന്തുണകൂടി ലഭിച്ചതോടെ ഡിവൈഎഫ്ഐ പ്രവർത്തകർ ‘രക്ഷാപ്രവർത്തനം’ ഊർജിതമാക്കി. മുഖ്യമന്ത്രി പോകുന്ന വഴിയിലെവിടെയെങ്കിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിന്നാൽ വടിയും കല്ലുമായി ‘രക്ഷാപ്രവർത്തനം’ ആരംഭിക്കുന്ന സ്ഥിതിയായി. പൊലീസ് മാറിനിന്ന് ‘രക്ഷാപ്രവർത്തനം’ വീക്ഷിച്ചു.
എറണാകുളത്തും ആലപ്പുഴയിലുമെത്തിയപ്പോളാണ് സാഹചര്യം കൂടുതല്‍ രൂക്ഷമായത്. ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസുകാരെ നേരിടാന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷാ ചുമതലയിലുള്ള മറ്റൊരു ഉദ്യോഗസ്ഥനും വടിയുമായി ചാടിയിറങ്ങി. പൊലീസ് പിടിച്ചുവച്ചിരുന്ന യൂത്ത് കോൺഗ്രസ്പ്രവർത്തകരെ പൊതിരെ തല്ലി. പ്രതിഷേധിച്ച ഭിന്നശേഷിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു. ഇതിനിടെ നവകേരള ബസിന് നേരെ ഷൂ ഏറുണ്ടായി. ആദ്യം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയെങ്കിലും നിവർത്തിയില്ലാത്തതുകൊണ്ടാണ് ചെയ്യേണ്ടി വന്നതെന്ന് ന്യായീകരിച്ചു. ഷൂ എറിഞ്ഞവരുടെ നേരെ വധശ്രമത്തിന് പൊലീസ് കേസും ചാർത്തി.
പ്രവര്‍ത്തകര്‍ക്കുനേരെ മര്‍ദനം തുടര്‍ന്നാല്‍ തിരിച്ചടിക്കേണ്ടിവരുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും തുടർച്ചയായി പ്രസ്താവന ഇറക്കി. എന്നാൽ കാര്യങ്ങൾ പ്രസ്താവനയിൽ മാത്രം ഒതുങ്ങാൻ തുടങ്ങിയതോടെ പ്രവർത്തകരിൽ തന്നെ പ്രതിഷേധം ഉയർന്നു. കെ.മുരളീധരൻ ഉൾപ്പെടെയുള്ളവർ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തി.
നവകേരള യാത്രയ്ക്കെതിരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദിച്ചതടക്കമുള്ള സംഭവങ്ങളിൽ പ്രതിഷേധം പ്രസ്താവനകളിലൊതുക്കാതെ തെരുവിലിറങ്ങാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനു പാർട്ടി ഹൈക്കമാൻഡിന്റെ നിർദേശം വന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാനും ഡിവൈഎഫ്ഐക്കാരും തെരുവിൽ നേരിടുമ്പോൾ അതിനെതിരെ സംസ്ഥാന നേതൃത്വം നടത്തുന്ന പ്രതിഷേധങ്ങൾക്കു വീര്യം പോരെന്നു വിലയിരുത്തിയാണിത്. ഇതുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരനുമായി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ചർച്ച നടത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു പിന്തുണയുമായി സംസ്ഥാന നേതൃത്വം മുന്നിട്ടിറങ്ങണം. അതിനാവശ്യമായ സമരപരിപാടികൾക്കു രൂപം നൽകണമെന്നും വേണുഗോപാൽ നിർദേശിച്ചു.
കൊല്ലത്ത് നവകേരള ബസ് പ്രവേശിച്ചപ്പോള്‍ ആദ്യമുണ്ടായ പ്രതിഷേധം യുവമോര്‍ച്ചയുടെ നേതൃത്വത്തിലായിരുന്നു. ‘രക്ഷാപ്രവർത്തനത്തിന്’ എത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ യുവമോര്‍ച്ചക്കാര്‍ കമ്പും വടിയുമായി നേരിട്ടു. യുവമോർച്ച അതേ നാണയത്തിൽ തിരിച്ചടിച്ചപ്പോൾ ഇത്രയും കാലം തല്ലുകൊണ്ട യൂത്ത് കോൺഗ്രസുകാർക്ക് ‘ജാള്യത’ തോന്നിത്തുടങ്ങി. ഇതോടെ നേർക്കുനേർ ഏറ്റുമുട്ടലിന് യൂത്ത് കോണ്‍ഗ്രസും കച്ചമുറുക്കി. കൊല്ലത്ത് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് സാന്നിധ്യത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ കല്ലും തടിക്കഷണങ്ങളും കൊണ്ടു മർദിച്ചു. വടിയും മുളക് സ്പ്രേയും കയ്യിൽ കരുതിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരിച്ചടിച്ചതോടെ നഗരം അര മണിക്കൂറോളം യുദ്ധക്കളമായി.
ബുധനാഴ്ച സെക്രട്ടേറിയറ്റിലേക്കു യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് പൊലീസുമായുള്ള തെരുവ് യുദ്ധത്തിന് വേദിയായി. മാര്‍ച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ വി.ഡി. സതീശന്‍, നടപടിയുണ്ടായില്ലെങ്കില്‍ എണ്ണിയെണ്ണി തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു. ഒരു കടലാസുപോലും ചുരുട്ടിയെറിയരുതെന്നാണ് കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറഞ്ഞുകൊണ്ടിരുന്നതെങ്കിലും പുതിയ സാഹചര്യത്തില്‍ അതു മാറ്റിപ്പറയാനാണ് മാര്‍ച്ചില്‍ വന്നതെന്നും പ്രഖ്യാപിച്ചു. ഡിജിപി ഓഫിസിലേക്കു വ്യാഴാഴ്ച കെഎസ്‍യുവും 23നു കോൺഗ്രസും പ്രതിഷേധ മാർച്ച് നടത്തും. 23നു നവകേരള സദസ്സ് സമാപിക്കുന്ന ദിവസം വരെ പൊലീസിനെ മുൾമുനയിൽ നിർത്തുകയാണു കോൺഗ്രസിന്റെ ഉദ്ദേശ്യം.
കോൺഗ്രസ് തെരുവിലിറങ്ങിയതോടെ ഡിവൈഎഫ്ഐ ‘രക്ഷാപ്രവർത്തനം’ ഊർജിതമാക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. പൊലീസിനൊപ്പം നിന്ന് യൂത്ത് കോൺഗ്രസിനെ നേരിടാൻ ഡിവൈഎഫ്ഐയും ഇറങ്ങിത്തിരിച്ചാൽ വരും ദിവസങ്ങളിൽ തലസ്ഥാന നഗരം യുദ്ധക്കളമായി മാറിയേക്കും. നവകേരള സദസിനും മുഖ്യമന്ത്രിക്കും വൻ സുരക്ഷ ഒരുക്കുന്നതിനൊപ്പം കോൺഗ്രസ് പ്രതിഷേധത്തെ നേരിടുകയെന്ന ഇരട്ട വെല്ലുവിളിയാണ് പൊലീസിനെ കാത്തിരിക്കുന്നത്.