ADVERTISEMENT

ലോകം ഇന്ത്യയിലേക്കു നോക്കിയ വർഷമാണു കടന്നുപോകുന്നത്. അഭിമാനമായും പ്രചോദനമായും സ്വപ്നനേട്ടങ്ങളായും സംഭവങ്ങളുടെ പരമ്പരകൾ. ദുരന്തങ്ങളും തീരാമുറിവുകളും രാജ്യത്തിന്റെ സങ്കടങ്ങളുമായി. രാഷ്ട്രീയ വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും പതിവുപോലെ അന്തരീക്ഷത്തിൽ നിറഞ്ഞു. ചന്ദ്രയാനും പുതിയ പാർലമെന്റും ഇന്ത്യയുടെ തിലകക്കുറിയായപ്പോൾ, പുകയാക്രമണവും മണിപ്പുർ കലാപവും തീരാകളങ്കവുമായി. 2023 എന്ന വാർത്താവർഷത്തിലെ പ്രധാന സംഭവങ്ങളിലേക്കൊരു തിരിഞ്ഞുനോട്ടം.

∙ കൊടി മാറ്റിക്കെട്ടി ജനങ്ങൾ 

സംസ്ഥാനങ്ങളിൽ ഭരണമാറ്റവും ഭരണത്തുടർച്ചയും സംഭവിച്ച വർഷമാണിത്. 2024ലെ പൊതുതിരഞ്ഞെടുപ്പിനു മുൻപേ പല ഘട്ടങ്ങളിലായി 9 സംസ്ഥാനങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ്. ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു ഭൂരിപക്ഷം; മണിക് സാഹ വീണ്ടും മുഖ്യമന്ത്രിയായി. മേഘാലയയിൽ ബിജെപിയും എച്ച്എസ്പിഡിപിയും സ്വതന്ത്രരും പിന്തുണച്ചതോടെ എൻപിപി നേതാവ് കോൺറാഡ് സാങ്മ മുഖ്യമന്ത്രി. നാഗാലാൻഡിൽ എൻഡിപിപി-ബിജെപി സഖ്യത്തിനു ഭരണത്തുടർച്ച; നെയ്ഫ്യൂ റിയോ മുഖ്യമന്ത്രി. കർണാടകയിൽ കോൺഗ്രസിനായിരുന്നു ജയം. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറി.

കോൺഗ്രസ് പാർട്ടി പതാകയുമായി പ്രവർത്തകൻ. (Photo by Manjunath KIRAN / AFP)
കോൺഗ്രസ് പാർട്ടി പതാകയുമായി പ്രവർത്തകൻ. (Photo by Manjunath KIRAN / AFP)

ലോക്സഭാ പോരാട്ടത്തിനു മുന്നോടിയായുള്ള സെമിഫൈനൽ എന്നു വിശേഷിപ്പിക്കപ്പെട്ട മിസോറം, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിലും ബിജെപിക്കാണു മുൻതൂക്കം. മധ്യപ്രദേശിൽ തുടർഭരണം നേടിയും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസിൽനിന്നു ഭരണം പിടിച്ചെടുത്തും ബിജെപി കരുത്തുകാട്ടി. തെലങ്കാനയിലെ വിജയമാണു കോൺഗ്രസിന് ആശ്വാസം. മധ്യപ്രദേശിൽ മോഹൻ യാദവ്, ഛത്തീസ്ഗഡിൽ വിഷ്ണുദേവ് സായി, രാജസ്ഥാനിൽ ഭജൻലാൽ ശർമ എന്നിവരെ മുഖ്യമന്ത്രിമാരാക്കി ബിജെപി തലമുറമാറ്റം പ്രഖ്യാപിച്ചു. മിസോറമിൽ സോറം പീപ്പിൾസ് മൂവ്മെന്റ് (സെഡ്പിഎം) ആദ്യമായി അധികാരത്തില്‍; ലാൽഡുഹോമ മുഖ്യമന്ത്രി. തെലങ്കാനയിൽ കെ.ചന്ദ്രശേഖര റാവുവിന്റെ ബിആർഎസിനെ വീഴ്ത്തിയാണു കോൺഗ്രസ് അധികാരം പിടിച്ചെടുത്തത്; എ.രേവന്ത് റെഡ്ഡി മുഖ്യമന്ത്രി.

മധ്യപ്രദേശിലെ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന പാർട്ടി പ്രവർത്തകർ (PTI Photo)
മധ്യപ്രദേശിലെ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന പാർട്ടി പ്രവർത്തകർ (PTI Photo)

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതിഛായ വർധിപ്പിച്ച ഭാരത് ജോഡോ യാത്രയുടെ സമാപനം ഈ വർഷം ജനുവരിയിലായിരുന്നു. 2022ൽ കന്യാകുമാരിയിൽ ആരംഭിച്ച് 136 ദിവസം കൊണ്ട് 4,080 കിലോമീറ്റർ പിന്നിട്ട യാത്ര ശ്രീനഗറിലാണു സമാപിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയെ തോൽപ്പിക്കാൻ ഒറ്റയ്ക്കു കഴിയില്ലെന്നു മനസ്സിലാക്കി മുന്നണിയായാണു പ്രതിപക്ഷത്തിന്റെ പോരാട്ടം. ഇതിനായി കോൺഗ്രസിന്റെ കാർമികത്വത്തിൽ ‘ഇന്ത്യ’ മുന്നണി (ഇന്ത്യൻ നാഷനൽ ഡവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ്) രൂപീകരിച്ചു.

∙ ജനാധിപത്യത്തിലെ പുകയാക്രമണം

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പാർലമെന്റിലെ അതിഗുരുതരമായ സുരക്ഷാവീഴ്ചയ്ക്കും നമ്മൾ സാക്ഷിയായി. ഡിസംബർ 13ന് ലോക്സഭയിലെ ശൂന്യവേളയിൽ സന്ദർശകഗാലറിയിൽനിന്നു സഭാതളത്തിലേക്കു ചാടിയ രണ്ടുപേർ പുക തുറന്നുവിടുകയായിരുന്നു. രണ്ടുപേർ പാർലമെന്റ് മന്ദിരത്തിനു തൊട്ടടുത്തും പുകക്കുറ്റി (സ്‌മോക്ക് കാനിസ്റ്റർ) തുറന്നുവിട്ട് പരിഭ്രാന്തി പരത്തി. പാർലമെന്റിൽ 2001ൽ നടന്ന ഭീകരാക്രമണത്തിന്റെ വാർഷികദിനത്തിലായിരുന്നു സംഭവം. പാർലമെന്റ് മന്ദിരം ആക്രമിക്കുമെന്ന് സിഖ് ഭീകരൻ ഗുർപട്‌വന്ത് സിങ് പന്നു ഭീഷണി മുഴക്കിയതും ഏതാനും ദിവസം മുൻപാണ്. ഗാലറിയിൽനിന്നു ലോക്സഭയിലേക്കു ചാടിയ മനോരഞ്ജൻ, സാഗർ ശർമ, പുറത്തു പ്രതിഷേധിച്ച നീലം ദേവി, അമോൽ ഷിൻഡെ എന്നിവരെയും ഗൂഢാലോചന നടത്തിയ വിശാൽ ശർമയെയും അറസ്റ്റ് ചെയ്തു. ഷൂസിലാണു പുകക്കുറ്റി ഒളിപ്പിച്ചിരുന്നത്. പുകയാക്രമണത്തിന്റെ സൂത്രധാരനെന്നു കരുതുന്ന ലളിത് മോഹൻ ഝാ പിന്നീട് കർത്തവ്യപഥ് സ്റ്റേഷനിൽ കീഴടങ്ങി. ഝായെ സഹായിച്ച 2 പേരെയും കസ്റ്റഡിയിലെടുത്തു.

പുകമറ ബാക്കി: പാർലമെന്റിൽ കടന്നാക്രമണം നടത്തിയ യുവാക്കൾ പുകക്കുറ്റി തുറന്ന് പുക ചീറ്റിച്ചപ്പോൾ പകച്ചു നിൽക്കുന്ന എംപിമാർ. ആക്രമണകാരികളായ യുവാക്കളിലൊരാൾ 
ചുവന്ന വൃത്തത്തിനുള്ളിൽ. മറ്റൊരാൾ ചാടിയ നാലാം സന്ദർശക ഗാലറിയാണ് തൊട്ടുമുകളിലുള്ളത്. രാഹുൽ ഗാന്ധി എംപിയെയും കാണാം. തമിഴ്നാട്ടിലെ ധർമപുരിയിൽ നിന്നുള്ള ഡിഎംകെ എംപി ഡോ. എസ്.സെന്തിൽകുമാർ സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച ചിത്രം.
പുകമറ ബാക്കി: പാർലമെന്റിൽ കടന്നാക്രമണം നടത്തിയ യുവാക്കൾ പുകക്കുറ്റി തുറന്ന് പുക ചീറ്റിച്ചപ്പോൾ പകച്ചു നിൽക്കുന്ന എംപിമാർ. ആക്രമണകാരികളായ യുവാക്കളിലൊരാൾ ചുവന്ന വൃത്തത്തിനുള്ളിൽ. മറ്റൊരാൾ ചാടിയ നാലാം സന്ദർശക ഗാലറിയാണ് തൊട്ടുമുകളിലുള്ളത്. രാഹുൽ ഗാന്ധി എംപിയെയും കാണാം. തമിഴ്നാട്ടിലെ ധർമപുരിയിൽ നിന്നുള്ള ഡിഎംകെ എംപി ഡോ. എസ്.സെന്തിൽകുമാർ സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച ചിത്രം.

മാസങ്ങൾ നീണ്ട ആസൂത്രണത്തോടെ പാർലമെന്റിനെതിരായ ഗൂഢാലോചനയാണ് പ്രതികൾ നടത്തിയതെന്നു ഡൽഹി പൊലീസ് പറഞ്ഞു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ), ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി) വകുപ്പുകൾ പ്രകാരമാണു കേസുകൾ. തൊഴിലില്ലായ്മ, മണിപ്പുർ കലാപം അടക്കമുള്ള പ്രശ്നങ്ങളിൽ സർക്കാരിന്റെ ശ്രദ്ധ പതിയാനാണ് അതിക്രമം നടത്തിയതെന്നാണു പ്രതികളുടെ മൊഴി. ഇവർ ‘ഭഗത് സിങ് ഫാൻ ക്ലബ്’ എന്ന പേരിൽ സമൂഹമാധ്യമ ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. 1929 ഏപ്രിൽ 8ന് ഡൽഹിയിൽ സെൻട്രൽ അസംബ്ലിയിൽ ഭഗത് സിങ്ങും കൂട്ടാളികളും സന്ദർശക ഗാലറിയിൽനിന്നു ബോംബെറിഞ്ഞതിനു സമാനമായ പ്രതിഷേധമാണ് ഉദ്ദേശിച്ചതത്രെ.

ലോക്സഭാ ഹാളിലേക്കു കടന്നുകയറിയ യുവാക്കളിൽ ഒരാൾ 
എംപിമാർ പിടിക്കാൻ ശ്രമിച്ചതോടെ മേശകൾക്കു മുകളിലൂടെ ചാടുന്നു.
ലോക്സഭാ ഹാളിലേക്കു കടന്നുകയറിയ യുവാക്കളിൽ ഒരാൾ എംപിമാർ പിടിക്കാൻ ശ്രമിച്ചതോടെ മേശകൾക്കു മുകളിലൂടെ ചാടുന്നു.

പഴുതടച്ച സുരക്ഷാസംവിധാനങ്ങളുണ്ടെന്നു സർക്കാർ അവകാശപ്പെട്ടിരുന്ന പാർലമെന്റിലെ ആക്രമണം രാജ്യത്തെ ഞെട്ടിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടു ഇരസഭകളിലും ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. പാർലമെന്‍റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ട സസ്പെന്‍ഷനിലാണ് പ്രതിപക്ഷ പ്രതിഷേധം കലാശിച്ചത്.

∙ ചെങ്കോലേന്തിയ പുത്തൻ പാർലമെന്റ്

ചരിത്രത്തെ അരികിൽ നി‍ർത്തി ജനാധിപത്യത്തിന്റെ പുതിയ മുഖം രാജ്യം അനാവരണം ചെയ്തതു മേയ് 28നാണ്. വികസിത ഭാരതത്തിലേക്കുള്ള ചവിട്ടുപടിയെന്ന വിശേഷണത്തോടെ പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് 22 പ്രതിപക്ഷ കക്ഷികൾ ഉദ്ഘാടനം ബഹിഷ്കരിച്ചു. ശൃംഗേരി മഠത്തിലെ പുരോഹിതരുടെ കാർമികത്വത്തിൽ നടന്ന ഗണപതി ഹോമത്തിനുശേഷം തമിഴ്നാട്ടിലെ മഠങ്ങളിൽനിന്നുള്ള പുരോഹിതർ നൽകിയ ചെങ്കോൽ മോദി സ്വീകരിച്ചു. ലോക്സഭയിൽ സ്പീക്കറുടെ ഇരിപ്പിടത്തിനു വലതുവശത്തായാണു ചെങ്കോൽ സ്ഥാപിച്ചത്. സർവമത പ്രാർഥനയും നടന്നു. ബ്രിട്ടൻ അധികാരം കൈമാറിയതിന്റെ ഓർമയുണർത്തുന്ന ‘സ്വർണ ചെങ്കോൽ’ ആണു പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിച്ചത്.

പുതിയ പാർലമെന്റിൽ സ്ഥാപിക്കുന്ന ചെങ്കോൽ തിരുവാവടുത്തുറൈ അധീനത്തിന്റെ പ്രതിനിധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൈമാറിയപ്പോൾ. കേന്ദ്രമന്ത്രി നിർമല സീതാരാമൻ സമീപം.
പുതിയ പാർലമെന്റിൽ സ്ഥാപിക്കുന്ന ചെങ്കോൽ തിരുവാവടുത്തുറൈ അധീനത്തിന്റെ പ്രതിനിധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൈമാറിയപ്പോൾ. കേന്ദ്രമന്ത്രി നിർമല സീതാരാമൻ സമീപം.

64,500 ചതുരശ്രമീറ്റർ ചുറ്റളവുള്ള മന്ദിരം 864 കോടി രൂപ ചെലവിൽ രണ്ടര വർഷം കൊണ്ടാണു പൂർത്തിയാക്കിയത്. ബ്രിട്ടിഷ് കാലത്തു നിർമിച്ചു പൈതൃക മന്ദിരമായി മാറിയ പഴയതിനു തൊട്ടടുത്താണു പുതിയതും. കോവിഡ് കാലത്താണ് പുതിയ പാർലമെന്റ് മന്ദിരം ഉൾക്കൊള്ളുന്ന സെൻട്രൽ വിസ്റ്റ നിർമാണത്തിന് 20,000 കോടി രൂപ നീക്കിവച്ചത്. വൃത്താകൃതിയിലാണു പഴയ പാർലമെന്റ്. പുതിയതിനു ത്രികോണാകൃതിയാണ്. 4 നിലയുണ്ട്. ദേശീയ പുഷ്പമായ താമര പ്രമേയമാക്കിയാണു രാജ്യസഭ ഒരുക്കിയത്. 384 അംഗങ്ങൾക്ക് ഇരിപ്പിടം. ദേശീയപക്ഷിയായ മയിലിനെ പ്രമേയമാക്കിയാണു ലോക്‌സഭ. 888 അംഗങ്ങൾക്ക് ഇരിപ്പിടം. പുതിയ മന്ദിരത്തിൽ സംയുക്ത സമ്മേളനങ്ങൾക്കായി സെൻട്രൽ ഹാളില്ല. ഇരുസഭകളുടെയും സംയുക്ത സമ്മേളനം ലോക്‌സഭാ ചേംബറിലാകും നടക്കുക. അപ്പോൾ 1280 എംപിമാർക്കുവരെ പങ്കെടുക്കാം.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ രാത്രി ദൃശ്യം.  ചിത്രം∙മനോരമ
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ രാത്രി ദൃശ്യം. ചിത്രം∙മനോരമ

∙ അഭിമാന നിലാവായി ചന്ദ്രയാൻ

ലോകത്തിനു മുന്നിൽ വീണ്ടും ഇന്ത്യയുടെ അഭിമാനമായി മൂന്നാം ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ 3. ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആര്‍ഒ/ഇസ്‌റോ) ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്നു വിക്ഷേപിച്ച ദൗത്യം ഓഗസ്റ്റ് 23ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ‘ശിവശക്തി പോയിന്റിൽ’  സോഫ്റ്റ്ലാൻഡിങ് നടത്തി. വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ആദ്യത്തെ 10 ദിവസത്തിൽ ലക്ഷ്യങ്ങളെല്ലാം നിറവേറ്റി. റോവർ ചന്ദ്രനിൽ ഏകദേശം 100 മീറ്റർ സഞ്ചരിച്ചു. ലാൻഡറിനെ ഒരിക്കൽക്കൂടി പൊക്കി ഇറക്കാനും കഴിഞ്ഞു. ചന്ദ്രമണ്ണിലെ താപനില, പ്രകമ്പനങ്ങൾ, മൂലക സാന്നിധ്യം എന്നിങ്ങനെ പല വിലപ്പെട്ട വിവരങ്ങളും കൈമാറി. പിന്നെ ഉറങ്ങിയെങ്കിലും വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ചന്ദ്രനിൽ വീണ്ടും ഉണരുമോയെന്ന ആകാംക്ഷ ബാക്കിയാണ്. 615 കോടി രൂപയാണു ചെലവ്.

വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ (Image: X/ @ISRO)
വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ (Image: X/ @ISRO)

2019 സെപ്റ്റംബറിൽ ചന്ദ്രയാൻ–2 ദൗത്യത്തിന്റെ ലാൻഡർ ചാന്ദ്രപ്രതലത്തിൽ സുരക്ഷിതമായി ഇറക്കാൻ ശ്രമിക്കുന്നതിനിടെ ഇടിച്ചിറങ്ങി തകർന്ന സങ്കടം ഇന്ത്യ മറന്നത് ചന്ദ്രയാൻ–3 വിജയമായപ്പോഴാണ്. ചന്ദ്രയാൻ 3 ലാൻഡർ ചന്ദ്രനിലിറങ്ങിയപ്പോൾ പറന്നുയർന്ന പൊടിപടലങ്ങളുടെ ഭാരം ലാൻഡറിന്റെ മൊത്തം ഭാരത്തേക്കാൾ കൂടുതലെന്നാണു പഠനം. ദൗത്യത്തിന്റെ ഭാഗമായ പ്രൊപ്പൽഷൻ മൊഡ്യൂൾ ചന്ദ്രന്റെ ഭ്രമണപഥത്തിൽനിന്നു ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് ഇസ്റോ തിരിച്ചെത്തിച്ചു. ഭാവിയിൽ ചന്ദ്രനിൽനിന്നുള്ള പേടകങ്ങൾ ഭൂമിയിൽ തിരിച്ചെത്തിക്കാൻ ഉപകരിക്കുന്ന വിവരശേഖരണത്തിനുള്ള പരീക്ഷണദൗത്യം കൂടിയാണു വിജയം കണ്ടത്. ചന്ദ്രയാൻ–3 ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതിന്റെ ഓർമയ്ക്ക് ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുമെന്നു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.

chandrayaan-3-JPG

മനുഷ്യരെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന ഗഗൻയാൻ ദൗത്യത്തിന്റെ തയാറെടുപ്പിലാണ് ഐഎസ്ആർഒ. ഇതിനു മുന്നോടിയായി ബഹിരാകാശ യാത്രികയായ വനിതാ റോബട്ട് വ്യോമമിത്രയെ അയയ്ക്കും. 2040ഓടെ ഇന്ത്യന്‍ സഞ്ചാരികളെ ചന്ദ്രനിലിറക്കാനാണു ലക്ഷ്യമിടുന്നതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ് പറഞ്ഞു. ഇന്ത്യയുടെ സൗരദൗത്യവും ഈ വർഷമായിരുന്നു. സെപ്റ്റംബർ 2ന് ശ്രീഹരിക്കോട്ടയിൽനിന്നാണ് 1480.7 കിലോ ഭാരമുള്ള ആദിത്യ എൽ–1 വിക്ഷേപിച്ചത്. സൗര അന്തരീക്ഷത്തിന്റെ മുകൾഭാഗത്തെ ചൂടും അതുവഴിയുള്ള വികിരണം മൂലം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലുമുണ്ടാകുന്ന മാറ്റവും 5 വർഷത്തോളം പഠിക്കും. സൗരദൗത്യം നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ആദിത്യ പകർത്തിയ സൂര്യന്റെ ഫുൾഡിസ്ക് ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടിരുന്നു.

ചന്ദ്രയാൻ–3 ദൗത്യവിജയത്തിൽ ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിക്കുന്നു. (PTI Photo)
ചന്ദ്രയാൻ–3 ദൗത്യവിജയത്തിൽ ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിക്കുന്നു. (PTI Photo)

∙ ചോരയിറ്റുന്ന മുറിവായി മണിപ്പുർ

കലാപത്തെ തുടർന്ന് അശാന്തിയിലായ മണിപ്പുർ രാജ്യത്തിന്റെ തീരാനോവാണ്. മേയ് മൂന്നിന് തുടങ്ങിയ കലാപത്തീ ഇപ്പോഴും അണഞ്ഞിട്ടില്ല. കുകി, നാഗ എന്നിവയടക്കം മുപ്പതിലേറെ ഗോത്ര വിഭാഗങ്ങളും ഗോത്ര വിഭാഗക്കാരല്ലാത്ത മെയ്തെയ്കളും തമ്മിലാണു സംഘർഷം. ജനസംഖ്യയുടെ 64% വരുന്ന മെയ്തെയ് വിഭാഗത്തിനു പട്ടികവർഗ പദവി നൽകാനുള്ള നീക്കത്തിനെതിരെ ഗോത്ര വിഭാഗങ്ങൾ രംഗത്തിറങ്ങുകയായിരുന്നു. മലനിരകളിലെ ജില്ലകളിൽ ഗോത്ര വിഭാഗക്കാർ ഏറെയുള്ളപ്പോൾ താഴ്‌വാര ജില്ലകളിൽ മെയ്തെയ്ക്കാണു ഭൂരിപക്ഷം. ഗോത്ര മേഖലകളിൽ തുടങ്ങിയ കലാപം മണിപ്പുരിലാകെ ആളിപ്പടർന്നു. സെപ്റ്റംബറിലെ സർക്കാർ കണക്കുപ്രകാരം മണിപ്പുർ കലാപത്തിൽ 175 പേരാണു കൊല്ലപ്പെട്ടത്. 32 പേരെ കാണാതായി. 1,100 പേർക്ക് പരുക്കേറ്റു. 4,786 വീടുകൾ ചുട്ടെരിച്ചതായും 386 ആരാധനാലയങ്ങൾ തകർത്തതായും മണിപ്പുർ പൊലീസ് പറഞ്ഞു.

മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങിന്റെ കുടുംബവീടിനു സമീപം പ്രതിഷേധക്കാർ തീയിട്ടപ്പോൾ. ചിത്രം: എഎഫ്പി
മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങിന്റെ കുടുംബവീടിനു സമീപം പ്രതിഷേധക്കാർ തീയിട്ടപ്പോൾ. ചിത്രം: എഎഫ്പി

കലാപകാരികൾ പൊലീസിൽനിന്നു കവർന്ന ആയുധങ്ങളിൽ 1,359 എണ്ണവും 15,050 വെടിയുണ്ടകളും തിരികെ ലഭിച്ചു. 5,000 തോക്കുകളും 6 ലക്ഷത്തോളം വെടിയുണ്ടകളുമാണു കവർന്നത്. ഒട്ടേറെപ്പേർ വീടുവിട്ട് ദുരിതാശ്വാസ ക്യാംപുകളിലും സമീപ സംസ്ഥാനങ്ങളിലും അഭയം തേടി. കലാപം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഊർജിതശ്രമം ഉണ്ടായില്ല. കേന്ദ്ര ഇടപെടലുകൾ വേണ്ടത്ര ഫലം കണ്ടതുമില്ല. കുക്കി ഗോത്രവിഭാഗക്കാരായ രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തുകയും പീഡിപ്പിക്കുകയും ചെയ്ത ദാരുണസംഭവത്തിൽ രാജ്യമാകെ പ്രതിഷേധമിരമ്പി. യുവതികളിലൊരാളുടെ അച്ഛനും സഹോദരനും അതിക്രമം തടയാൻ ശ്രമിച്ചപ്പോൾ ജനക്കൂട്ടം മർദിച്ചു കൊലപ്പെടുത്തി. ഈ സംഭവത്തെത്തുടർന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പുർ വിഷയത്തിൽ ആദ്യമായി മൗനം വെടിഞ്ഞു. കലാപത്തെക്കുറിച്ചു രണ്ടര മാസത്തിനുശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കരസേനയുടെ ചെക് പോസ്റ്റ് നീക്കണമെന്നാവശ്യപ്പെട്ട് മെയ്തെയ് വിഭാഗം സ്ത്രീകൾ മണിപ്പുരിലെ ബിഷ്ണുപുരിലേക്കു നടത്തിയ മാർച്ച്. ചിത്രം: പിടിഐ
കരസേനയുടെ ചെക് പോസ്റ്റ് നീക്കണമെന്നാവശ്യപ്പെട്ട് മെയ്തെയ് വിഭാഗം സ്ത്രീകൾ മണിപ്പുരിലെ ബിഷ്ണുപുരിലേക്കു നടത്തിയ മാർച്ച്. ചിത്രം: പിടിഐ

നിസ്സംഗതയോടെയും അലക്ഷ്യമായും കലാപത്തെ സമീപിച്ച മുഖ്യമന്ത്രി ബിരേൻ സിങ്ങിനും ബിജെപി സർക്കാരിനുമെതിരെ പ്രതിഷേധമുയർന്നു. മണിപ്പുർ കലാപവുമായി ബന്ധപ്പെട്ടു പാർലമെന്റിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി അവിശ്വാസ പ്രമേയം കൊണ്ടുവന്നു. ഓഗസ്റ്റ് 10ന് പ്രമേയം ലോക്സഭയിൽ ശബ്ദവോട്ടോടെ പരാജയപ്പെട്ടു. മണിപ്പുർ വിഷയത്തിൽ ഒന്നും മിണ്ടാതിരുന്ന പ്രധാനമന്ത്രി പാർലമെന്റിൽ സംസാരിക്കാൻ നിർബന്ധിതനായതു രാഷ്ട്രീയ വിജയമായി പ്രതിപക്ഷം കണക്കാക്കി.

∙ പ്രത്യേക പദവിയില്ലാതെ ജമ്മു കശ്മീർ

ഭരണഘടനാപരമായി ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സർക്കാർ നടപടി സുപ്രീം കോടതി ശരിവച്ചതു ഡിസംബറിലാണ്. നിലവിൽ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിന് എത്രയും വേഗം സംസ്ഥാന പദവി തിരികെ നൽകണമെന്നും നിയമസഭയിലേക്ക് അടുത്ത സെപ്റ്റംബർ 30നു മുൻപു തിരഞ്ഞെടുപ്പു നടത്തണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ 5 അംഗ ഭരണഘടനാ ബെഞ്ച് നിർദേശിച്ചു. ഭരണഘടനയുടെ 370–ാം വകുപ്പു പ്രകാരമുണ്ടായിരുന്ന പ്രത്യേക പദവി രാഷ്ട്രപതിയുടെ ഉത്തരവിലൂടെ 2019 ഓഗസ്റ്റ് 5നാണ് ഇല്ലാതാക്കിയത്. ഇത് അംഗീകരിച്ച പാർലമെന്റ്, സംസ്ഥാനത്തെ ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ 2 കേന്ദ്ര ഭരണപ്രദേശങ്ങളാക്കാനുള്ള ബില്ലും പാസാക്കി. ഈ നടപടികൾ ചോദ്യം ചെയ്തു രാഷ്ട്രീയ നേതാക്കളുൾപ്പെടെ നൽകിയ 23 ഹർജികളിലാണു സുപ്രധാന വിധി.

Photo credit : PTI /S Irfan
Photo credit : PTI /S Irfan

മറ്റു സംസ്ഥാനങ്ങൾക്കില്ലാത്ത ആഭ്യന്തര പരമാധികാരം ജമ്മു കശ്മീരിന് ഇല്ലെന്നും 370–ാം വകുപ്പു താൽക്കാലിക സ്വഭാവമുള്ളതാണെന്നും കോടതി വിശദീകരിച്ചു. ഇന്ത്യൻ യൂണിയനിൽ ചേരാൻ സമ്മതിച്ചതിലൂടെ ഭൂപ്രദേശത്തിന്റെ കൂട്ടിച്ചേർക്കൽ മാത്രമല്ല, രാജ്യത്തിന്റെ ഭരണഘടനയിൽ അധിഷ്ഠിതമായ ഭരണത്തിനുള്ള നടപടി കൂടിയാണ് ഉണ്ടായത്. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നൽകാൻ നിർദേശിച്ചപ്പോഴും ലഡാക്കിനെ നിയമസഭയില്ലാത്ത കേന്ദ്ര ഭരണപ്രദേശമാക്കിയ നടപടി കോടതി ശരിവച്ചു. ഹർജിക്കാർ പ്രത്യേകം ഉന്നയിക്കാതിരുന്നതിനാൽ, സംസ്ഥാനത്ത് 2018ൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ നടപടി കോടതി പ്രത്യേകം പരിശോധിച്ചില്ല. രാജ്യത്തിന്റെ ഭരണഘടന പൂർണമായിത്തന്നെ ജമ്മു കശ്മീരിൽ ബാധകമായെന്നും അവിടത്തെ ഭരണഘടന അസാധുവായെന്നും കോടതി വ്യക്തമാക്കി. വിധി ചരിത്രപരവും പാർലമെന്റ് കൈക്കൊണ്ട തീരുമാനത്തെ ശരിവയ്ക്കുന്നതുമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

പ്രതീകാത്മക ചിത്രം (Photo: IANS)
പ്രതീകാത്മക ചിത്രം (Photo: IANS)

∙ ‘മോദി’ പരാമർശത്തിൽ കുരുങ്ങി രാഹുൽ

‘എല്ലാ മോഷ്ടാക്കൾക്കും മോദി എന്നു പേരുള്ളതെന്തുകൊണ്ട്’ എന്ന പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 2 വർഷം തടവുശിക്ഷ വിധിച്ചത് മാർച്ച് 23നാണ്. ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേശ് മോദി നൽകിയ അപകീർത്തി കേസിലാണു സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി വിധി പറഞ്ഞത്. അപ്പീൽ നൽകാൻ ശിക്ഷ സ്റ്റേ ചെയ്ത കോടതി, രാഹുലിനു 15,000 രൂപയുടെ ജാമ്യം അനുവദിച്ചു. ശിക്ഷാനടപടി മരവിപ്പിച്ചെങ്കിലും വിധി നിലനിൽക്കുന്നതിനാൽ എംപി സ്ഥാനത്തുനിന്നു രാഹുൽ അയോഗ്യനാക്കപ്പെട്ടു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ രാഹുൽ നടത്തിയ പരാമർശത്തിനെതിരെ ആയിരുന്നു കേസ്. രാഷ്ട്രീയ നേതാവെന്ന നിലയിൽ രാജ്യത്തെ അഴിമതി പുറത്തുകൊണ്ടുവരിക മാത്രമാണു ചെയ്തതെന്നും ആരെയും മനഃപൂർവം അവഹേളിച്ചിട്ടില്ലെന്നും രാഹുൽ വ്യക്തമാക്കി.

ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെത്തിയ രാഹുൽ ഗാന്ധി കുട്ടികളോട് സംവദിക്കുന്നു. (Photo by: PTI)
ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെത്തിയ രാഹുൽ ഗാന്ധി കുട്ടികളോട് സംവദിക്കുന്നു. (Photo by: PTI)

രാഹുലിനെതിരായ വിധി ഓഗസ്റ്റ് 4ന് സുപ്രീം കോടതി സ്റ്റേ ചെയ്തു. വയനാട് എംപിയായ രാഹുലിന്റെ ലോക്സഭാംഗത്വം ഓഗസ്റ്റ് 7ന് പുനഃസ്ഥാപിച്ചു. അയോഗ്യനാക്കി വിജ്ഞാപനമിറങ്ങി 134 ദിവസങ്ങൾക്കു ശേഷമാണു രാഹുലിന് അനുകൂലമായി സ്റ്റേ ലഭിച്ചത്. സൂറത്ത് മജിസ്ട്രേട്ട് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം നേരത്തേ സെഷൻസ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ജാമ്യം ലഭിക്കാവുന്ന അപകീർത്തിക്കേസിൽ പരാമവധി ശിക്ഷ വിധിച്ചതിലെ യുക്തി സുപ്രീം കോടതി ചോദ്യം ചെയ്തു. രാഹുലിന്റെ ഹർജിയിൽ വാദം കേട്ടു വിധി പറയാൻ ഗുജറാത്ത് ഹൈക്കോടതി 66 ദിവസമെടുത്തപ്പോൾ, ഒന്നേകാൽ മണിക്കൂറിൽ താഴെ സമയമെടുത്താണു സുപ്രീം കോടതി വാദം കേട്ടതും തീർപ്പു പറഞ്ഞതും.

അതേസമയം, പാർലമെന്റിൽ ചോദ്യം ചോദിക്കാൻ പാരിതോഷികം കൈപ്പറ്റിയെന്ന പരാതിയിൽ കുറ്റക്കാരിയെന്ന് എത്തിക്സ് കമ്മിറ്റി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ തൃണമൂൽ കോൺഗ്രസിന്റെ സജീവ നേതാവ് മഹുവ മൊയ്ത്രയെ ഡിസംബറിൽ ലോക്സഭയിൽനിന്നു പുറത്താക്കിയത് ഇന്ത്യ മുന്നണിക്കു തിരിച്ചടിയായി.

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി. Photo: @bharatjodo / Twitter
ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി. Photo: @bharatjodo / Twitter

∙ ഒടുവിൽ ബിൽ പാസായി, വനിതാവിജയം

പുതിയ പാർലമെന്റ് മന്ദിരത്തിലെ പ്രത്യേക സമ്മേളനത്തിൽ ആദ്യമായി പാസാക്കിയത് രാജ്യം ഏറെക്കാലമായി കാത്തിരുന്ന വനിതാസംവരണ ബില്ലാണ്. ലോക്സഭയിലെയും സംസ്ഥാന നിയമസഭകളിലെയും 33% സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബിൽ സെപ്റ്റംബർ 20ന് ഭരണപക്ഷ–പ്രതിപക്ഷ പിന്തുണയോടെ ലോക്സഭ പാസാക്കി. 454 പേർ അനുകൂലിച്ചും 2 പേർ എതിർത്തും വോട്ടു ചെയ്തു. അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം അംഗങ്ങളാണ് ബില്ലിനെ എതിർത്തതെന്നാണു സൂചന. നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണു ബിൽ അവതരിപ്പിച്ചത്. ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയിലും ഭരണ–പ്രതിപക്ഷ കക്ഷികൾ അനുകൂലിച്ചു വോട്ടു ചെയ്തു. രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നൽകിയതോടെ നിയമമന്ത്രാലയം വിജ്ഞാപനം ഇറക്കി.

രാജ്യസഭയിൽ വനിതാ സംവരണ ബില്‍ പാസാക്കിയതിനു ശേഷം വനിതാ എംപിമാർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി (PTI Photo/Manvender Vashist Lav)
രാജ്യസഭയിൽ വനിതാ സംവരണ ബില്‍ പാസാക്കിയതിനു ശേഷം വനിതാ എംപിമാർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി (PTI Photo/Manvender Vashist Lav)

ജനസംഖ്യാ കണക്കെടുപ്പ് നടത്തി 2026ലെ മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷമാണു സംവരണം നടപ്പാക്കുക. 2029 ലോക്സഭാ തിരഞ്ഞെടുപ്പ് മുതൽ പ്രാബല്യത്തിലാകും. മണ്ഡല പുനർനിർണയവും സെൻസസും കഴിഞ്ഞ ശേഷമേ ബിൽ നടപ്പാക്കൂ എന്ന വ്യവസ്ഥയെ എതിർത്തെങ്കിലും പ്രതിപക്ഷം ബില്ലിനോടു സഹകരിക്കുകയായിരുന്നു. ബില്ലിനെ ‘നാരീശക്തി വന്ദൻ അധിനിയമം’ എന്നു വിളിക്കുന്നതിനെ പ്രതിപക്ഷം എതിർത്തു. ഉടനടി നടപ്പാക്കാനാവാത്ത ബിൽ ഇപ്പോൾ കൊണ്ടുവരുന്നതു തിരഞ്ഞെടുപ്പിൽ പിടിച്ചു നിൽക്കാനാണെന്നു ചർച്ചയിൽ പ്രതിപക്ഷം കുറ്റപ്പെടുത്തി. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ വനിതാസംവരണ ബിൽ മുഖ്യ പ്രചാരണായുധമാക്കുകയാണു ബിജെപിയുടെയും മോദിയുടെയും ലക്ഷ്യമെന്നാണു നിഗമനം.

∙ ലോകം ഇന്ത്യയിലെത്തിയ വർഷം

ഇന്ത്യയുടെ നേതൃപാടവവും സംഘാടനശേഷിയും ലോകത്തെ അറിയിക്കുന്നതായിരുന്നു ജി20 അധ്യക്ഷപദവി. 2022 ഡിസംബർ 1 മുതൽ 2023 നവംബർ 30 വരെയായിരുന്നു അധ്യക്ഷ കാലാവധി. ഡൽഹിയിൽ സെപ്റ്റംബർ 9, 10 തീയതികളിൽ നടന്ന ജി20 ഉച്ചകോടി ഗംഭീര വിജയമായി. യുക്രെയ്നിൽ ഭക്ഷ്യ–ഊർജ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള സൈനിക നടപടികൾ അവസാനിപ്പിക്കണമെന്ന ന്യൂഡൽഹി പ്രഖ്യാപനം ശ്രദ്ധിക്കപ്പെട്ടു. സംയുക്ത പ്രഖ്യാപനത്തിനു തടസ്സം നിൽക്കുമെന്നു കരുതിയ ചൈനയുടെയും റഷ്യയുടെയും രാഷ്ട്രത്തലവന്മാരുടെ അസാന്നിധ്യത്തിലാണ് ഇന്ത്യ മറ്റു രാജ്യങ്ങളെ പൊതുധാരണയിലെത്താൻ പ്രേരിപ്പിച്ചത്. സംയുക്ത പ്രഖ്യാപനം ഇന്ത്യൻ നയതന്ത്രജ്ഞതയുടെ വിജയ‍മാണ്. 55 രാജ്യങ്ങൾ അടങ്ങുന്ന ആഫ്രിക്കൻ യൂണിയൻ സ്ഥിരാംഗമായതോടെ ജി20 കൂട്ടായ്മയുടെ ഘടനയും സ്വഭാവവും മാറുന്നതിനും ഉച്ചകോടി സാക്ഷിയായി.

EDS PLS TAKE NOTE OF THIS PTI PICK OF THE DAY :: **EDS: IMAGE VIA PMO** New Delhi: Prime Minister Narendra Modi with US President Joe Biden and other G20 leaders arrives to pay homage at Mahatma Gandhi's memorial Rajghat on the final day of the G20 Summit, in New Delhi, Sunday, Sept. 10, 2023. (PTI Photo) (PTI09_10_2023_000122B)(PTI09_10_2023_000332B)
ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ലോകനേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം. Photo: PTI

നയതന്ത്രത്തെ ജനകീയമാക്കാൻ കഴിഞ്ഞതാണ് ജി20 വഴി ഇന്ത്യയ്ക്കുണ്ടായ നേട്ടം. ഉച്ചകോടിക്കു മുന്നോടിയായി കേരളത്തിലടക്കം രാജ്യത്തെമ്പാടുമുള്ള അൻപതിലേറെ നഗരങ്ങളിലാണു സമ്മേളനങ്ങൾ ചേർന്നത്. ആഗോള ജൈവ ഇന്ധന സഖ്യത്തിനുവേണ്ടിയുള്ള നീക്കത്തിൽ ജി20 കൈവരിച്ച മുന്നേറ്റവും ഇന്ത്യ–മധ്യപൂർവദേശ–യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചതും നേട്ടങ്ങളാണ്. ഇന്ത്യയിൽനിന്നു കപ്പലിൽ ഗൾഫിലേതടക്കമുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും തുടർന്നു ട്രെയിനിൽ യൂറോപ്പിലേക്കും ചരക്കു ഗതാഗതം സാധ്യമാകും. ചൈനയുടെ ‘ബെൽറ്റ് ആൻഡ് റോഡ്’ ശൃംഖലയ്ക്കുള്ള മറുപടി കൂടിയാണിത്. ഒരു കുടുംബമെന്നപോലെ, വളർച്ചയിലേക്കുള്ള പാതയിൽ നാം പരസ്പരം പിന്തുണയ്ക്കുന്നു എന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഉച്ചകോടിയിൽ ‘ഭാരത്’ എന്നെഴുതിയ നെയിം പ്ലേറ്റ് പ്രധാനമന്ത്രി ഉപയോഗിച്ചതും ചർച്ചയായി. ജി20 അധ്യക്ഷ പദവി മോദിയിൽനിന്നു ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ ഔപചാരികമായി ഏറ്റെടുത്തു.

∙ ദുരന്തപാളത്തിലോടി റെയിൽവേ

ഒഡീഷയിലെ ബാലസോറിൽ ജൂൺ 2ന് മൂന്നു ട്രെയിനുകൾ അപകടത്തിൽപെട്ടുണ്ടായ ദുരന്തം ഇന്ത്യയെ സങ്കടത്തിലാഴ്ത്തി. 296 യാത്രക്കാർ മരിക്കുകയും 1200ലേറെ പേർക്കു പരുക്കേൽക്കുകയും ചെയ്ത അപകടം, രാജ്യം കണ്ട വലിയ ട്രെയിൻ ദുരന്തങ്ങളിലൊന്നാണ്. കെ‍ാറമാണ്ഡൽ എക്സ്പ്രസ് പ്രധാന പാതയിലൂടെ (മെയിൻ ലൈൻ) കടന്നുപോകാനായി സിഗ്‌നൽ നൽകിയിരുന്നെങ്കിലും ട്രെയിൻ പ്രധാന പാതയിൽനിന്നു തിരിഞ്ഞുപോകുന്ന (ലൂപ് ലൈൻ) പാതയിലൂടെ സഞ്ചരിച്ച്, നിർത്തിയിട്ടിരുന്ന ചരക്കു ട്രെയിനിൽ ഇടിക്കുകയായിരുന്നു. കൊറമാണ്ഡലിന്റെ 21 കോച്ചുകൾ പാളംതെറ്റിയപ്പോൾ, 5 മിനിറ്റിനകം എതിർദിശയിൽനിന്നെത്തിയ യശ്വന്ത്പുര– ഹൗറ എക്സ്പ്രസ്, ആദ്യം ചരക്കു ട്രെയിനിന്റെയും തുടർന്ന് കൊറമാണ്ഡലിന്റെയും മറിഞ്ഞ കോച്ചുകളിൽ ഇടിച്ചാണു ദുരന്തമുണ്ടായത്. സിഗ്നലിങ് പിഴവാണു ദുരന്തകാരണമെന്നു റെയിൽവേ അറിയിച്ചു. ട്രെയിൻ കൂട്ടിയിടി തടയാനുള്ള ഇലക്ട്രോണിക് സംവിധാനമായ ‘കവച്’ ഈ റൂട്ടിൽ സ്ഥാപിച്ചിട്ടില്ല.

ബാലസോറിൽ ട്രെയിൻ അപകടം നടന്ന സ്ഥലത്തെ രാത്രിക്കാഴ്ച (Photo by Punit PARANJPE and Punit PARANJPE / AFP)
ബാലസോറിൽ ട്രെയിൻ അപകടം നടന്ന സ്ഥലത്തെ രാത്രിക്കാഴ്ച (Photo by Punit PARANJPE and Punit PARANJPE / AFP)

റെയിൽവേ കൂടുതൽ പണം മുടക്കേണ്ടതു ട്രാക്കിലും സിഗ്‌നൽ‌ സംവിധാനങ്ങളിലുമാണെങ്കിലും അതിനു പലപ്പോഴും മുഖ്യപരിഗണന കിട്ടുന്നില്ലെന്നതും ചർച്ചയായി. രാഷ്ട്രീയ പ്രവേശനത്തിനു മുൻപ് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ജില്ലാ കലക്ടറായിരുന്ന സ്ഥലമാണു ബാലസോർ. മൂന്നു ദിവസം ഇവിടെ ക്യാംപ് ചെയ്തു മന്ത്രി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയെങ്കിലും അദ്ദേഹത്തിന്റെ രാജിക്കായി മുറവിളിയുയർന്നു. ബാലസോറിന്റെ ഞെട്ടൽ മാറുംമുൻപേ ഒക്ടോബർ 29ന് ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിൽ 2 പാസഞ്ചർ ട്രെയിനുകൾ കൂട്ടിയിടിച്ച് 9 പേർ മരിച്ചു, 32 പേർക്കു പരുക്കേറ്റു. ബാലസോർ ദുരന്തമുണ്ടായ അതേപാതയിൽ തന്നെയാണ് ഈ അപകടവുമെന്നതു റെയിൽവേയുടെ വിശ്വാസ്യതയ്ക്കു മങ്ങലേൽപ്പിച്ചു. ഈസ്റ്റ് കോസ്റ്റ് റെയിൽവേ സോൺ വാൾട്ടെയ്ർ ഡിവിഷനിൽ കണ്ടകാപ്പള്ളിക്കും അലമാന്ദായ്ക്കും ഇടയിലായിരുന്നു വിശാഖപട്ടണം–റായഗഡ പാസഞ്ചർ ട്രെയിനും വിശാഖപട്ടണം–പലാസ പാസഞ്ചർ ട്രെയിനും കൂട്ടിയിടിച്ചത്.

∙ സിൽക്യാര, അതിജീവനത്തിന്റെ മഹാഗാഥ

ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികൾക്കായി രാജ്യം പ്രാർഥനകളോടെയാണു കാത്തിരുന്നത്. ഉത്തരകാശി സിൽക്യാര തുരങ്ക നിർമാണത്തിനിടെ മലയിടിഞ്ഞുവീണ് 17 ദിവസമായി കുടുങ്ങിക്കിടന്ന തൊഴിലാളികളെ അതിസാഹസികമായ ദൗത്യത്തിനൊടുവിൽ നവംബർ 28ന് ഒരു പോറലുമേൽക്കാതെ രക്ഷിച്ചു. മനോബലത്തിന്റെ സുന്ദര സന്ദേശമെഴുതിയ തെ‍‍ാഴിലാളികളും അപ്രതീക്ഷിത തിരിച്ചടികളിൽ ഉലയാതെ നിശ്ചയദാർഢ്യത്തോടെ പ്രവർത്തിച്ച രക്ഷാപ്രവർത്തകരും കയ്യടി നേടി. ദുരന്തനിവാരണ സേന, ദേശീയപാതാ വികസന കോർപറേഷൻ എന്നിവയിലെ ഇരുനൂറോളം വിദഗ്ധരും റെയിൽവേ –ഊർജ മന്ത്രാലയങ്ങളിലെ എൻജിനീയർമാരും തുരങ്ക രക്ഷാപ്രവർത്തനത്തിൽ പ്രാവീണ്യമുള്ളവരുമെ‍ാക്കെ പങ്കുചേർന്ന രക്ഷാദൗത്യമാണു വിജയം കണ്ടത്.

സിൽക്യാര തുരങ്കത്തിൽനിന്നു രക്ഷിക്കപ്പെട്ട തൊഴിലാളികൾ ആംബുലൻസിനുള്ളിൽ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
സിൽക്യാര തുരങ്കത്തിൽനിന്നു രക്ഷിക്കപ്പെട്ട തൊഴിലാളികൾ ആംബുലൻസിനുള്ളിൽ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

തുരങ്കത്തിനകത്തു കുടുങ്ങിക്കിടക്കുന്നവർക്കു ഭക്ഷണവും വെള്ളവും ജീവവായുവുമെല്ലാം ലഭ്യമാക്കിയെങ്കിലും അവരെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യത്തിൽ തുടർച്ചയായി തടസ്സങ്ങളുണ്ടായി. തുരങ്കം ഇടിഞ്ഞുവീണു വലിയ അപകടം ഉണ്ടാവാതിരിക്കാനുള്ള മുൻകരുതലോടെ രക്ഷാപ്രവർത്തകർ രാപകൽ അധ്വാനിച്ചു. രാജ്യാന്തര ടണലിങ് ആൻഡ് അണ്ടർഗ്രൗണ്ട് സ്പേസ് അസോസിയേഷൻ പ്രസിഡന്റും ഓസ്ട്രേലിയക്കാരനുമായ ആർനോൾഡ് ഡിക്സിന്റെ നേതൃത്വത്തിലുള്ള സംഘവുമെത്തി. തുരങ്കത്തിലടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിലൂടെ 60 മീറ്റർ നീളത്തിൽ രക്ഷാകുഴൽ കടത്തിവിട്ട് തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം മൂന്നു തവണ തടസ്സപ്പെട്ടു. 48–ാം മീറ്ററിൽ നേരിട്ടതായിരുന്നു ഏറ്റവും വലിയ തടസ്സം. അവശിഷ്ടങ്ങൾ നീക്കി രക്ഷാകുഴൽ മുന്നോട്ടുനീക്കാൻ പ്രവർത്തിച്ച ഡ്രില്ലിങ് യന്ത്രം കുഴലിനുള്ളിൽ കുടുങ്ങി. ഒപ്പം, കുഴലിന്റെ ഏതാനും മീറ്ററുകൾ വളഞ്ഞു.

ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാര രക്ഷാദൗത്യത്തിൽ തുരങ്കത്തിൽ നിന്ന് പുറത്തെത്തിച്ച തൊഴിലാളികളുമായി നീങ്ങുന്ന ആംബുലന്‍സുകൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ
ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാര രക്ഷാദൗത്യത്തിൽ തുരങ്കത്തിൽ നിന്ന് പുറത്തെത്തിച്ച തൊഴിലാളികളുമായി നീങ്ങുന്ന ആംബുലന്‍സുകൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ

ഓക്സിജൻ സിലിണ്ടർ ശരീരത്തിൽ ഘടിപ്പിച്ച്, മാസ്ക് ധരിച്ച്, ലോഹഭാഗങ്ങൾ അറുത്തുമാറ്റാനുള്ള പ്ലാസ്മ കട്ടറുമായി രക്ഷാപ്രവർത്തകർ കുഴലിനകത്തേക്കു നിരങ്ങിനീങ്ങി. 80 സെന്റിമീറ്റർ മാത്രം വ്യാസമുള്ള രക്ഷാക്കുഴലിൽ ഞെരിഞ്ഞമർന്നിരുന്നും മലർന്നുകിടന്നും പിന്നീടുള്ള 48 മണിക്കൂർ ഇവർ കഠിനാധ്വാനം ചെയ്തു. അവശിഷ്ടങ്ങൾ തുരക്കാൻ റാറ്റ് മൈനേഴ്സിനു വഴിയൊരുക്കിയ ശേഷമാണ് അവർ പുറത്തിറങ്ങിയത്. മേഘാലയയിലെ ഖനികളിൽ കൽക്കരി ശേഖരിക്കാൻ എലികളെ പോലെ ചെറു മാളങ്ങളുണ്ടാക്കുന്ന രീതിയാണു റാറ്റ് മൈനിങ്. കയ്യിൽ പിക്കാസും കമ്പിപ്പാരയും ചെറിയ ചുറ്റികയുമായാണു റാറ്റ് മൈനേഴ്സ് ഇഞ്ചിഞ്ചായി തുരന്ന് മുന്നേറിയത്. 17 ദിവസത്തിനു ശേഷമെത്തിയ രക്ഷാവെളിച്ചം കണ്ട് തൊഴിലാളികൾ അലറിവിളിച്ചു. 400 മണിക്കൂറിലേറെ ആകാംക്ഷയോടെ കാത്തിരുന്ന സിൽക്യാര രക്ഷാദൗത്യത്തിന്റെ വിജയനിമിഷത്തെ ഇന്ത്യക്കാർ മാത്രമല്ല, ലോകവും ആഹ്ലാദത്തോടെയാണു വരവേറ്റത്.

ഹൃദയപൂർവം: ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ  മണ്ണിടിഞ്ഞുവീണ് തൊഴിലാളികൾ കുടുങ്ങിക്കിടന്ന സ്ഥലത്തുനിന്നും അവരെ രക്ഷിക്കുമ്പോൾ, സമീപത്തെ കെട്ടിടത്തിനു  മുകളിൽ പ്രാർഥനയോടെ നിൽക്കുന്ന സ്ത്രീകൾ. ചിത്രം : ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
ഹൃദയപൂർവം: ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ  മണ്ണിടിഞ്ഞുവീണ് തൊഴിലാളികൾ കുടുങ്ങിക്കിടന്ന സ്ഥലത്തുനിന്നും അവരെ രക്ഷിക്കുമ്പോൾ, സമീപത്തെ കെട്ടിടത്തിനു  മുകളിൽ പ്രാർഥനയോടെ നിൽക്കുന്ന സ്ത്രീകൾ. ചിത്രം : ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
English Summary:

Major news events that happened in India: A recap of the top incidents for the year 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com