ADVERTISEMENT

ന്യൂഡൽഹി ∙ ലൈംഗികാതിക്രമക്കേസ് പ്രതിയായ ബിജെപി എംപി ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ വിശ്വസ്തൻ സഞ്ജയ്കുമാർ സിങ് ദേശീയ റെസ്‌ലിങ് ഫെഡറേഷൻ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഉടലെടുത്ത വിവാദം ചൂടുപിടിക്കുന്നു. സഞ്ജയ്കുമാർ സിങ്ങിന്റെ തിരഞ്ഞെടുപ്പിനോടുള്ള പ്രതിഷേധമെന്ന നിലയിൽ, തനിക്കു തനിക്കു ലഭിച്ച പത്മശ്രീ പുരസ്കാരം ഒളിംപിക് മെഡൽ ജേതാവ് ബജ്‌രംഗ് പുനിയ തിരികെ നൽകി. മെഡൽ കർത്തവ്യപഥിൽ വച്ച് പൂനിയ മടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസിനു മുന്നിലെ ഫുട്പാത്തിലാണ് മെഡൽ ഉപേക്ഷിച്ചത്. മോദിയെ നേരിൽ കാണണമെന്ന ആവശ്യവുമായി എത്തിയ പുനിയയെ പൊലീസ് തടഞ്ഞിരുന്നു.

പത്മശ്രീ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തിരികെ നൽകുമെന്ന് മണിക്കൂറുകൾക്കു മുൻപാണ് ബജ്‌രംഗ് പുനിയ പ്രഖ്യാപിച്ച്. എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പുനിയ നിലപാട് വ്യക്തമാക്കിയത്.

സഞ്ജയ് കുമാർ സിങ് തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ, ഇന്നലെ നടത്തിയ വികാരനിര‍ഭരമായ വാർത്താ സമ്മേളനത്തിൽ ഒളിംപിക് മെഡൽ ജേതാവ് സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് ബൂട്ട് മേശയിൽ വച്ചാണ് സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിച്ചത്. ഈ വാർത്താ സമ്മേളനത്തിൽ സാക്ഷിക്കും ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ടിനുമൊപ്പം ബജ്‌രംഗ് പുനിയയും പങ്കെടുത്തിരുന്നു.

ബ്രിജ്ഭൂഷണിനെതിരെ നടപടിയാവശ്യപ്പെട്ട് ഇവർ മൂവരുമാണ് ജന്തർ മന്തറിൽ ഒരു മാസത്തിലേറെക്കാലം സമരം നടത്തിയത്. സാക്ഷിയും ബജ്‌രംഗ് പുനിയയും ഒളിംപിക് വെങ്കല മെഡൽ ജേതാക്കളാണ്. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ റെസ്‌ലിങ് താരമാണ് വിനേഷ് ഫോഗട്ട്.

2010 ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണ മെഡൽ നേടിയ അനിത ഷെറോണിനെ ഏഴിനെതിരെ 40 വോട്ടിനു തോൽപിച്ചാണ് യുപി റെസ്‌ലിങ് അസോസിയേഷൻ വൈസ് പ്രസിഡന്റായ സഞ്ജയ്കുമാർ സിങ് ദേശീയ ഫെഡറേഷൻ പ്രസിഡന്റായത്. ഫെഡറേഷനിലെ പതിനഞ്ചിൽ 13 പദവികളും ബ്രിജ്ഭൂഷണിന്റെ അനുയായികൾ നേടി. അനിത ഷെറോൺ പാനലിൽ മത്സരിച്ച പ്രേംചന്ദ് ലോച്ചബ് സെക്രട്ടറി ജനറലായി (27–19).

ബ്രിജ് ഭൂഷണോ അദ്ദേഹത്തിന്റെ അനുയായികളോ വീണ്ടും ഫെഡറേഷൻ നേതൃപദവിയിലെത്തിയില്ലെന്ന കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നു ബജ്‌രംഗ് പുനിയ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ബ്രിജ്ഭൂഷണിനെതിരെ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 7 താരങ്ങളാണ് ലൈംഗികാതിക്രമ പരാതി നൽകിയത്. സുപ്രീം കോടതി ഇടപെട്ട ശേഷമാണ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ പരാതി പിന്നീടു പിൻവലിച്ചെങ്കിലും മറ്റു കേസുകളിൽ കോടതി നടപടി പുരോഗമിക്കുകയാണ്.

പൊലീസിന്റെ അന്വേഷണത്തിൽ ലൈംഗികാതിക്രമം സ്ഥിരീകരിച്ചിരുന്നു. വനിതാ താരങ്ങളെ മോശമായി സ്പർശിച്ചെന്നും കടന്നുപിടിച്ചെന്നും ലൈംഗികാവശ്യത്തിനു വഴങ്ങിയാൽ സമ്മാനങ്ങൾ നൽകാമെന്നു വാഗ്ദാനം ചെയ്തെന്നും എഫ്ഐആറിലുണ്ട്. പതിഞ്ചിലേറെ സംഭവങ്ങൾ എഫ്ഐആറിൽ വിവരിക്കുന്നുണ്ട്.

English Summary:

I am returning my Padmashree award to the Prime Minister, Says Bajrang Punia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com