മഹാദേവ് വാതുവയ്പ് ആപ്: അന്വേഷണം സ്റ്റേ ചെയ്യണം, എഫ്‌ഐആർ റദ്ദാക്കണം: നടൻ സാഹിൽ ഖാൻ ഹൈക്കോടതിയിൽ
Mail This Article
മുംബൈ∙ മഹാദേവ് വാതുവയ്പ് ആപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ റജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ സാഹിൽ ഖാൻ ബോംബെ ഹൈക്കോടതിയിൽ. മഹാദേവ് ആപ്പുമായി ബന്ധമില്ലെന്നും എഫ്‌ഐആർ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം നൽകിയ ഹർജിയിൽ പറയുന്നു. അന്വേഷണം സ്റ്റേ ചെയ്യണമെന്നും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിൽ നിന്നു പൊലീസിനെ വിലക്കണമെന്നുമാണ് ആവശ്യം.
സാഹിൽ ഖാനെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടെന്ന് നിരീക്ഷിച്ചു സെഷൻസ് കോടതി നേരത്തെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. മഹാദേവ് ആപ്പ് പ്രമോട്ടർമാർക്കും ആപ്പിന്റെ പ്രചാരണ പരിപാടികളുമായി സഹകരിച്ച ബോളിവുഡ് താരങ്ങൾക്കുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടത്തുന്ന അന്വേഷണത്തിനു പിന്നാലെയാണ് മുംബൈ പൊലീസും കേസെടുത്തത്.
ആപ്പിന്റെ മറവിൽ പ്രമോട്ടർമാർ വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇ.ഡി. അന്വേഷണം നടത്തുന്നത്. ഒട്ടേറെ ബോളിവുഡ് താരങ്ങൾ ഉൾപ്പെട്ട കേസിൽ ഈ മാസമാദ്യം സാഹിൽ ഖാനും ഇ.ഡി. സമൻസ് അയച്ചിരുന്നു. ഹുമ ഖുറേഷി, ഹിന ഖാൻ, കപിൽ ശർമ, ശ്രദ്ധ കപൂർ എന്നിവരാണ് നേരത്തെ ഇ.ഡി.യുടെ സമൻസ് ലഭിച്ച താരങ്ങൾ.