‘അവള്‍ക്ക് പറന്നുനടക്കണം, ഫാഷനില്‍ നടക്കണം; അതൊന്നും ഞങ്ങടെ കുടുംബത്തില്‍ നടക്കൂല’: വയനാട്ടിൽ കുടുംബവഴക്ക്, പൊലീസ് ഇടപെട്ടു
Mail This Article
സുൽത്താൻ ബത്തേരി∙ ഭര്‍ത്താവില്‍ നിന്നും കുടുംബത്തില്‍ നിന്നും കടുത്ത സ്ത്രീധന പീഡനം നേരിട്ടുവെന്ന പരാതിയുമായി യുവതി. വയനാട് ബത്തേരി സ്വദേശിനി ഷഹാന ബാനുവും പതിനൊന്നു വയസ്സുകാരി മകളുമാണ് കഴിഞ്ഞ ദിവസം പരാതിയുമായി രംഗത്തെത്തിയത്. വിവാഹമോചനം നേടാതെ ഭര്‍ത്താവ് രണ്ടാമതു വിവാഹം കഴിച്ചെന്ന് ആരോപിച്ച് ഇരുവരും ഭര്‍തൃവീടിനു മുന്നില്‍ ബഹളം വച്ചു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി.
ഒന്നര വര്‍ഷമായി മാറി താമസിക്കുന്നതിനിടെ ഭര്‍ത്താവ് ഏകപക്ഷീയമായി വിവാഹമോചന നടപടികള്‍ ആരംഭിക്കുകയായിരുന്നെന്ന് ഷഹാന പറയുന്നു. വിവാഹമോചന നടപടികള്‍ പൂര്‍ത്തിയാകുന്നതിനു മുന്‍പുതന്നെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് വീട്ടില്‍ കൊണ്ടുവന്നു. ഇതറിഞ്ഞ ഷഹാനയും മകളും ഭര്‍ത്താവിന്‍റെ വീടിനു മുന്നില്‍ എത്തി ബഹളം വയ്ക്കുകയായിരുന്നു. സ്ത്രീധനത്തിന്‍റെ പേരില്‍ കൊടിയ പീഡനം സഹിക്കേണ്ടി വന്നുവെന്നും ഷഹാന പറഞ്ഞു.
‘‘ഉപ്പ മരിച്ചുകഴിഞ്ഞ ശേഷം, അയാളും അയാളുടെ രണ്ടു സഹോദരിമാർ, അവരുടെ ഭർത്താവ് എന്നിവർ ചേർന്ന് എന്നെ സ്ത്രീധനത്തിന്റെ പേരിൽ മാനസികമായും ശാരീരികമായും പീഡിപ്പിക്കാന്‍ തുടങ്ങി. എന്റെ കയ്യില്‍ ഇനി ഒന്നും കൊടുക്കാനില്ല. എല്ലാം ഞാന്‍ കൊടുത്തു. 37 പവനും മൂന്നു ലക്ഷം രൂപയും ഒക്കെ കൊടുത്തു. അയാൾ എന്റെ വീട്ടിൽ വന്ന് നിരന്തരം ശല്യം ചെയ്യുകയാണ്.’’– ഷഹാന പറഞ്ഞു.
അതേസമയം, കുടുംബത്തിന് ചേരാത്ത രീതിയിലുള്ള ജീവിതമാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്നാണ് ഭര്‍തൃവീട്ടുകാരുടെ വാദം. ഷഹാനയ്ക്ക് പറന്നു നടക്കണമെന്നും ഫാഷനില്‍ ജീവിക്കണമെന്നും അതൊന്നും ഈ വീട്ടില്‍ നടക്കില്ലെന്നുമാണ് ഭര്‍തൃവീട്ടുകാരുടെ വാദം.
‘‘എപ്പോഴും ആ കുട്ടി പ്രശ്നക്കാരിയാണ്. അവൾക്കു സ്വന്തമായി പറന്നുനടക്കണം. പുതിയ ഫാഷനിൽ നടക്കണം. അതൊന്നും ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം അനുവദിച്ചുകൊടുക്കാൻ പറ്റില്ല. നല്ല പഠിക്കുന്ന കുട്ടിയാണ്. വീട്ടിലൊക്കെ നല്ല ഉപകാരം ചെയ്യുന്ന കുട്ടിയാണ്. പക്ഷേ, അവൾ ഭർത്താവിനെ അനുസരിക്കില്ല, വീട്ടുകാരെ അനുസരിക്കില്ല. അവൾക്ക് ഓടി പാടി നടക്കണം. അതാണ് അവളുടെ മെയിൻ ലക്ഷ്യം. ജിമ്മും മറ്റുള്ള പരിപാടികളുമൊക്കെ ആയിട്ട് അവൾ പുറത്ത് ആടിപ്പാടി നടക്കുകയാണ്. അതൊന്നും ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം വച്ചുപൊറുപ്പിക്കാൻ പറ്റുന്ന സംഭവമല്ല.’’ – ബന്ധു അബ്ദുൽ അസീസ് പറഞ്ഞു.
ഷഹാനയും മകളും ബഹളം വയ്ക്കുന്നതു കണ്ട നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പരാതി നല്‍കുന്നതിനായി യുവതിയെയും മകളെയും പൊലീസ് കൂട്ടികൊണ്ടുപോയി. എന്നാല്‍, പൊലീസ് ഭര്‍ത്താവിന്‍റെ കുടുംബത്തിന്‍റെ ഭാഗത്തുനിന്നാണ് ഇടപ്പെട്ടതെന്ന് ഷഹാന ആരോപിച്ചു. ഭര്‍ത്താവ് മര്‍ദിച്ചെന്ന് കാട്ടി യുവതിയും മകളും ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.