ഹാഫിസ് സയീദിനെ വിട്ടുനൽകൽ: ഇന്ത്യയുമായി കൈമാറ്റ കരാറില്ലെന്ന് പാക്കിസ്ഥാൻ
Mail This Article
ഇസ്‌ലാമാബാദ് ∙ ലഷ്കറെ തയിബ തലവനും 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനുമായ ഹാഫിസ് സയീദിനെ വിട്ടുനൽകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായി പാക്കിസ്ഥാൻ വിദേശകാര്യ വക്താവ് മുംതാസ് സഹ്‌റ. എന്നാൽ ഇരുരാജ്യങ്ങൾക്കുമിടയിൽ, യുഎൻ ചട്ട പ്രകാരമുള്ള കൈമാറ്റ കരാർ നിലവിലില്ലെന്നും അവർ പറഞ്ഞു. ഇന്ത്യയിലെ നിരവധി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള ഹാഫിസിനെ വിട്ടുകിട്ടണമെന്നു പാക്കിസ്ഥാനോട് ആവശ്യപ്പെട്ടതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വെള്ളിയാഴ്ച പറഞ്ഞിരുന്നു.
‘‘കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഹാഫിസ് സയീദിനെ വിട്ടുനൽകണമെന്ന് ഇന്ത്യൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഇത്തരത്തിൽ കുറ്റവാളികളെ കൈമാറുന്ന യാതൊരു കരാറും നിലവിലില്ല’’ –പാക്ക് വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഫെബ്രുവരി 8ന് പൊതുതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് പാക്കിസ്ഥാൻ വിഷയത്തിൽ പ്രതികരണവുമായി രംഗത്തുവന്നത്. ഹാഫിസ് സയീദുമായി ബന്ധമുള്ള പാക്കിസ്ഥാൻ മർക്കസി മുസ്‌ലിം ലീഗ് (പിഎംഎംഎൽ) എല്ലാ മണ്ഡലത്തിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, തെളിവുകൾ സഹിതമാണ് പാക്കിസ്ഥാനോട് ഹാഫിസിനെ വിട്ടുനൽകാന്‍ അഭ്യർഥിച്ചതെന്ന് അരിന്ദം ബാഗ്ചി പറഞ്ഞു. യുഎന്നും ഹാഫിസിനെ തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ബാഗ്ചി ചൂണ്ടിക്കാണിച്ചു.
ലഷ്കറെ തയിബയുടെ സ്ഥാപകനായ ഹാഫിസ് സയീദിനെ 2008 ഡിസംബറിലാണ് യുഎൻ രക്ഷാസമിതി തീവ്രവാദിയായി പ്രഖ്യാപിച്ചത്. വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 2019 ജൂലൈ മുതൽ പാക്കിസ്ഥാനിൽ ജയിൽശിക്ഷ അനുഭവിച്ചുവരികയാണ്. 2022ൽ ലഹോറിലെ തീവ്രവാദ വിരുദ്ധ കോടതി ‘സാമ്പത്തിക ഭീകരവാദം’ നടത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് ഹാഫിസിനെ 33 വർഷത്തെ ജയില്‍ശിക്ഷയ്ക്ക് വിധിച്ചു. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ഹാഫിസിന്റെ മകൻ തൽഹ സയീദ് ഉൾപ്പെടയുള്ളവർ മത്സരിക്കുന്നുണ്ട്. പിഎംഎംഎൽ അധ്യക്ഷൻ ഖാലിദ് മസൂദ് സിന്ധു, പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് നേതാവ് നവാസ് ഷെരീഫിനെതിരെയും മത്സരരംഗത്തുണ്ട്.