ഗുജറാത്തിൽ വീണ്ടും കുഴൽക്കിണർ ദുരന്തം; 8 മണിക്കൂറിനു ശേഷം പുറത്തെടുത്ത 3 വയസ്സുകാരിക്ക് ദാരുണാന്ത്യം
Mail This Article
ദ്വാരക∙ ഗുജറാത്തിൽ ഉപയോഗശൂന്യമായ കുഴൽക്കിണറിനുള്ളിൽ അകപ്പെട്ട മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. ഒൻപതു മണിക്കൂറോളം നീണ്ട തീവ്രശ്രമത്തിനൊടുവിൽ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുജറാത്തിലെ ദ്വാരകയിലാണ് സംഭവം. ഗുജറാത്തിലെ ദേവഭൂമി ദ്വാരക ജില്ലയിലെ റാൻ ഗ്രാമത്തിൽ നിന്നുള്ള എയ്ഞ്ചൽ സാക്കറെ എന്ന കുഞ്ഞാണ് അപകടത്തിൽപ്പെട്ടത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കളിക്കുന്നതിനിടെ കുഞ്ഞ് അബദ്ധത്തിൽ കുഴൽക്കിണറിനുള്ളിൽ വീണത്. 30 അടിയോളം താഴ്ചയിലാണ് കുഞ്ഞ് കുടുങ്ങിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രാത്രി 9.50നാണ് കുഞ്ഞിനെ പുറത്തെടുക്കാനായത്. ഉടൻതന്നെ ജാം ഖംഭാലിയയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല.
സൈന്യവും ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) ഒൻപതു മണിക്കൂറോളം പരിശ്രമിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തത്. പുറത്തെടുക്കുന്ന സമയത്ത് ജീവനുണ്ടായിരുന്നെങ്കിലും അബോധാവസ്ഥയിലായിരുന്നു. തുടർന്ന് 35 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ എത്തിക്കുമ്പോഴേയ്ക്കും മരിച്ചിരുന്നു.
പോസ്റ്റ്‌മോർട്ടത്തിൽ, ഓക്സിജൻ കിട്ടാതെയാണ് കുഞ്ഞിന്റെ മരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. വർഷങ്ങൾക്കു മുൻപ് കുഴിച്ച കുഴൽക്കിണറിലാണ് കുട്ടി അകപ്പെട്ടത്. കുഴിച്ച ശേഷം ഉപേക്ഷിച്ച കുഴൽക്കിണർ വേണ്ടവിധം മൂടിയിരുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.