ADVERTISEMENT

കോട്ടയം∙ തൃശൂര്‍ തേക്കിൻകാട് മൈതാനിയിൽ ബിജെപി സംഘടിപ്പിച്ച ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തിൽ നടി ശോഭന പങ്കെടുത്തതിനെതിരെ വിമർശനമുയർന്നതിൽ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി. ശോഭനയെ സംഘിയാക്കിയാൽ ശോഭനക്കൊന്നുമില്ലെന്നും സംഘികൾക്കതു ഗുണം ചെയ്യുമെന്നു മാത്രമെന്നും അവർ ഫെയ്സ്ബുക്കിൽ കുറിച്ചു. മഹിളാ സമ്മേളനത്തിന്റെ പ്രസംഗത്തിനിടെ, ‘നമ്മൾ ജീവിക്കുന്നതു ശക്തമായ നേതൃത്വമുള്ളപ്പോളാണെന്നും ഏറെ പ്രതീക്ഷയോടെയാണ് വനിതാ സംരക്ഷണ ബിൽ നോക്കിക്കാണുന്നത്’ എന്നും ശോഭന പറഞ്ഞിരുന്നു.

ഫെയ്സ്ബുക് കുറിപ്പിന്റെ പൂർണരൂപം:

നൃത്തവും സിനിമയും അല്ലാതെ മറ്റൊന്നിനെ കുറിച്ചും ശോഭന ഇന്നുവരെ സംസാരിച്ചു കേട്ടിട്ടില്ല. നീണ്ട അഭിമുഖങ്ങളിൽ പോലും അവർ കലാജീവിതമല്ലാതെ വ്യക്തിപരമായതൊന്നും വെളിപ്പെടുത്താറില്ല. മറ്റൊന്നും അവർ ശ്രദ്ധിക്കുന്നതായി തോന്നിയിട്ടില്ല. അവരുടെ വേദികൾ, രാഷ്ട്രീയ ഇടമായല്ല, കലാകാരി എന്ന നിലയിൽ കിട്ടുന്ന വേദി ആയി മാത്രമാണ് അവർ കാണുന്നത്. 

നവകേരള സദസ്സിന്റെ ഭാഗമായ കേരളീയത്തെയും മോദി വേദിയെയും അവർ ഒരുപോലെ കാണുന്നത് അതുകൊണ്ടാണ്. രാഷ്ട്രീയ അജ്ഞതയാണത്. മോദിയെ കുറിച്ചും പിണറായിയെ കുറിച്ചും രാഹുൽ ഗാന്ധിയെ കുറിച്ചും എഴുതിക്കൊടുക്കുന്നത് അവർ പറയും.  രാഷ്ട്രീയ ബോധത്തിൽ അതാണ് അവരുടെ നില. നില മാത്രമാണത്. നിലപാടല്ല.

നാളെ ഗവർണറുടെ വേദിയിലും കോൺഗ്രസിന്റെ വേദിയിലും അവരെത്തും. അവരുടെ നിലക്കൊത്ത ചെലവുകൾ വഹിക്കാൻ സംഘാടകർ തയാറെങ്കിൽ. എഴുതിക്കൊണ്ടുവന്ന പ്രസംഗം അവർ തപ്പിയും തടഞ്ഞും വായിക്കും. അവരുടെ സംഘി ചായ് എന്നൊക്കെ ഇതിനെ പെരുപ്പിച്ചാലും അവരിത് അറിയാനോ ശ്രദ്ധിക്കാനോ പോകുന്നില്ല. ശ്രദ്ധിച്ചാലും പതിവ് i dnt care ഭാവമായിരിക്കും അവരുടേത്. എന്നെ ഒന്നും ബാധിക്കില്ല എന്നൊരു മട്ട് ആ സ്വയംപ്രഖ്യാപിത ഇരിപ്പിലും നടപ്പിലുമുണ്ട്. 

മല്ലികാ സാരാഭായിയെ പോലെയോ ഷബാന ആസ്മിയെ പോലെയോ രാഷ്ട്രീയ ചിന്തകളുള്ള ഒരു വ്യക്തിയല്ല ശോഭന. ബിജെപി സമ്മേളനത്തിൽ പങ്കെടുക്കില്ല എന്ന തീരുമാനമെടുക്കാൻ മാത്രമൊന്നുമുള്ള രാഷ്ട്രീയബോധമില്ലാത്ത ഒരാളെ കുറിച്ചും അവർ വായിച്ചു തീർത്ത ഒരു കുറിപ്പിനെ കുറിച്ചും ഇത്ര ബേജാറാകേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. ശോഭനയെ സംഘിയാക്കിയാൽ ശോഭനക്കൊന്നുമില്ല, സംഘികൾക്കതു ഗുണം ചെയ്യുമെന്നു മാത്രം.

English Summary:

Saradakkutty on the participation of actress Shobana at BJP event

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com