സെഷൻസ് കോടതിയിൽ വീണ്ടും ജാമ്യാപേക്ഷയുമായി സെന്തിൽ ബാലാജി
Mail This Article
ചെന്നൈ∙ ജാമ്യാപേക്ഷയുമായി കീഴ്‌ക്കോടതിയെ സമീപിക്കാനുള്ള സുപ്രീംകോടതി ഉത്തരവിനു പിന്നാലെ, സർക്കാർ ജോലിക്കു കോഴ വാങ്ങിയെന്ന കേസിൽ അറസ്റ്റിലായ തമിഴ്നാട് മന്ത്രി വി.സെന്തിൽ ബാലാജി വീണ്ടും ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. വിഷയത്തിൽ മറുപടി നൽകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് (ഇഡി) കോടതി നിർദേശിച്ചു.
കേസിൽ ജാമ്യം തേടി മന്ത്രി സെന്തിൽ ബാലാജി രണ്ടുതവണ സമർപ്പിച്ച ഹർജികൾ ഇതേ കോടതി തള്ളിയിരുന്നു. മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. തുടർന്നു ജാമ്യം തേടി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. ഹർജി സ്വീകരിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചപ്പോൾ കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും ഹർജിയുടെ മെറിറ്റിനനുസരിച്ചു തീരുമാനമെടുക്കണമെന്നും ഉത്തരവിട്ടിരുന്നു.
ഇതോടെയാണു സെന്തിൽ ബാലാജി മൂന്നാം തവണയും ജാമ്യം തേടി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹർജി നൽകിയത്. ഈ കേസിലെ രേഖകൾ തിരുത്തിയാണ് ഇഡി തെളിവുകൾ സമർപ്പിച്ചതെന്നാണു ഹർജിയിലെ ആരോപണം. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ് ജാമ്യാപേക്ഷ നൽകിയതെന്നു സെന്തിൽ ബാലാജിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇഡിയുടെ അഭിഭാഷകൻ ഈ ഹർജിയിൽ മറുപടി നൽകാൻ സമയം ആവശ്യപ്പെട്ടതോടെ കേസ് എട്ടിലേക്കു മാറ്റി.
സർക്കാർ ജോലിക്കു കോഴ വാങ്ങിയെന്ന കേസിലാണ് ഇഡി മന്ത്രി വി.സെന്തിൽബാലാജിയെ അറസ്റ്റ് ചെയ്തത്. 2023 ജൂൺ 13നായിരുന്നു അറസ്റ്റ്. 18 മണിക്കൂറോളം ചോദ്യം ചെയ്തതിനുശേഷമായിരുന്നു അറസ്റ്റ്. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി പറഞ്ഞ മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 2013–14ൽ മന്ത്രിയായിരിക്കെ ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്ക്, എൻജിനീയർ തസ്‌തികകളിൽ ജോലി വാഗ്ദാനം ചെയ്‌തു കോഴ വാങ്ങിയെന്നാണു സെന്തിൽ ബാലാജിക്കെതിരായ കേസ്.