ഭൂട്ടാൻ രാജകുടുംബത്തിന്റെ സ്വത്തുക്കളും പിടിച്ചടക്കി ചൈനയുടെ കടന്നുകയറ്റം; കരുതലോടെ ഇന്ത്യ
Mail This Article
ബെയ്ജിങ്∙ ഭൂട്ടാനിലെ ഏറെ ചരിത്രപ്രാധാന്യമുള്ള ബേയുൽ ഖെൻപജോങ്ങിലെ നദീതീരത്ത് ടൗൺഷിപ് നിർമാണം അതിവേഗത്തിലാക്കി ചൈന. ഒരു മാസത്തിൽ താഴെ പഴക്കമുള്ള പുതിയ ഉപഗ്രഹ ചിത്രങ്ങളാണ് വടക്കുകിഴക്കൻ ഭൂട്ടാനിലേക്ക് ചൈന അനധികൃതമായി കടന്നുകയറുന്നതിന്റെ വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. ഭൂട്ടാനുമായുള്ള അതിർത്തി ചർച്ചകൾക്കിടയിലാണ് ചൈനയുടെ നിർമാണ പ്രവർത്തനങ്ങൾ. 2020 മുതൽ ഇവിടെ ചൈനയുടെ നിർമാണ പ്രവർത്തനങ്ങളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ദ്രുതഗതിയിൽ നിർമാണം പുരോഗമിക്കുകയാണെന്നാണ് ഉപഗ്രഹ ചിത്രങ്ങളിൽനിന്നു വ്യക്തമാകുന്നത്.
ഭൂട്ടാൻ രാജകുടുംബത്തിന്റെ പൈതൃക സ്വത്തുക്കൾ ഉൾപ്പെടുന്ന പർവതപ്രദേശങ്ങളിലും ചൈനയുടെ കടന്നുകയറ്റമുണ്ടെന്നാണ് സൂചന. എന്നിട്ടും ഇതു തടയാൻ സർക്കാരിനു സാധിക്കുന്നില്ല. എട്ടു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള രാജ്യമായ ഭൂട്ടാന്, ലോകത്തിലെ വൻശക്തികളിലൊന്നായ ചൈനയുടെ അനധികൃത കടന്നുകയറ്റം തടയുന്നതിന് പരിമിതികളുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യയും ഇക്കാര്യം സസൂക്ഷ്മം നിരീക്ഷിച്ചു വരുകയാണ്.
ഭൂട്ടാന്റെ ചില ഭാഗങ്ങളിൽ ചൈനയുടെ അധിനിവേശം ഇന്ത്യയുടെ സുരക്ഷയിലും ആഴത്തിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്. ഭൂട്ടാന്റെ പ്രദേശമായി രാജ്യാന്തരതലത്തിൽ അംഗീകരിക്കപ്പെട്ട പ്രദേശത്ത് അവർ നിർമിച്ച റോഡ് നീട്ടുന്നതിൽനിന്നു ചൈനീസ് സൈനികരെ ഇന്ത്യൻ സൈനികർ തടഞ്ഞിരുന്നു. 2017ൽ സിക്കിമിനോട് ചേർന്നുള്ള ദോക്‌ലാം പീഠഭൂമിയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ ഏറ്റുമുട്ടിയിരുന്നു.
അതിനുശേഷം, ചൈനീസ് തൊഴിലാളികൾ ഭൂട്ടാൻ പ്രദേശത്തിനോട് കിഴക്കും ദോക്‌ലാമിനോട് ചേർന്നും കിടക്കുന്ന അമു ചു നദീതടത്തിൽ മൂന്നു ഗ്രാമങ്ങൾ നിർമിക്കാൻ തുടങ്ങി. ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗത്തെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ഭൂപ്രദേശമായ സിലിഗുരി ഇടനാഴിക്ക് ഭീഷണിയാകുന്ന തരത്തിൽ തങ്ങളുടെ സാന്നിധ്യം തെക്കോട്ട് വ്യാപിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഭൂട്ടാനിൽ ചൈനയുടെ അധിനിവേശം എന്നാണ് ഇന്ത്യ കരുതുന്നത്.