നടൻ യഷിന്റെ കട്ടൗട്ട് ഉയർത്തുന്നതിനിടെ ഷോക്കേറ്റ് 3 ആരാധകർ മരിച്ചു
![Yash | File Photo: Manorama Archives യഷ് (File Photo: Manorama Archives)](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2024/1/9/yash-1.jpg?w=1120&h=583)
Mail This Article
ബെംഗളൂരു∙ കെജിഎഫ് താരം യഷിന്റെ ജന്മദിനം പ്രമാണിച്ച് ഗദഗിൽ താരത്തിന്റെ കൂറ്റൻ കട്ടൗട്ട് ഉയർത്തുന്നതിനിടെ 3 ആരാധകർ ഷോക്കേറ്റു മരിച്ചു. ഹനുമന്ത (21), മുരളി നടുവിനാമണി(20), നവീൻ ഗജ്ജി(19) എന്നിവരാണ് മരിച്ചത്. മറ്റു 3 പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50000 രൂപ വീതവും സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
ഇന്നലെ യഷിന്റെ ജന്മദിനമായതിനാൽ ഞായറാഴ്ച രാത്രി വൈകിയാണു സുരനഗരിയിലെ അംബേദ്കർ നഗറിൽ യുവാക്കൾ കട്ടൗട്ട് ഉയർത്തിയത്. ഇതിന്റെ സ്റ്റീൽ ഫ്രെയിം ഹൈടെൻഷൻ വൈദ്യുതി ലൈനിൽ തട്ടിയതിനെ തുടർന്നാണ് അപകടം. രാത്രിയായതിനാൽ റോഡിനു കുറുകെയുള്ള ഹൈടെൻഷൻ ലൈൻ യുവാക്കളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഷിറഹട്ടി എംഎൽഎ ഡോ.ചന്ദ്രു ലാമനി പരുക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.