ബിൽക്കീസ് കേസിലെ പ്രതികളെ കാണാനില്ല; എല്ലാവരും വീട് പൂട്ടി പോയെന്ന് പ്രദേശവാസികൾ
Mail This Article
ന്യൂഡൽഹി∙ ബിൽക്കീസ് ബാനോ കൂട്ടബലാത്സംഗ കേസിലെ 11 പ്രതികളിൽ 9 പേരെ കാണാനില്ല. ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനോ ഉൾപ്പെടെ 8 സ്ത്രീകളെ കൂട്ട പീഡനത്തിന് ഇരയാക്കിയതിനും കുഞ്ഞുങ്ങളുൾപ്പെടെ 14 പേരെ കൊലപ്പെടുത്തിയതിനും ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിച്ച ഗുജറാത്ത് സർക്കാർ നടപടി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. കുറ്റവാളികൾ 11 പേരും രണ്ടാഴ്ചയ്ക്കകം ജയിലിൽ തിരികെ എത്തണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇതിനിടെയാണ് 11 പ്രതികളിൽ 9 പേരെ കാണാനില്ലെന്ന് വിവരം പുറത്തുവരുന്നത്.
രൺധിക്പുർ, സിംഗ്വാദ് എന്നീ ഗ്രാമങ്ങളിലെ താമസക്കാരാണ് പ്രതികൾ. 2002ലെ ഗോദ്ര കലാപത്തിന് മുൻപ് ബിൽക്കീസും കുടുംബവും രൺധിക്പുരിൽ താമസിച്ചിരുന്നു. സുപ്രീം കോടതി വിധി വരുന്നതുവരെ പ്രതികളെ കണ്ടതായി പ്രദേശവാസികൾ പറയുന്നു. എന്നാൽ, ഇപ്പോൾ കാണാനില്ലെന്നും എല്ലാവരും വീട് പൂട്ടി പോയെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.
11 പ്രതികൾ കീഴടങ്ങുന്നത് സംബന്ധിച്ച് ദഹോദ് പൊലീസ് സ്റ്റേഷനിൽ ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ദഹോദ് എസ്പി ബൽറാം മീണ പറഞ്ഞു. പ്രതികളിൽ ചിലർ ബന്ധുക്കളെ സന്ദർശിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതായും എസ്പി കൂട്ടിച്ചേർത്തു. സമാധാനം നിലനിർത്താൻ പ്രദേശത്ത് പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
പ്രതികൾ ഇവർ: ജസ്വന്ത് നായി, ഗോവിന്ദ് നായി, ശൈലേഷ് ഭട്ട്, രാധേശ്യാം ഭഗ്‍വാൻദാസ് ഷാ, ബിപിൻ ചന്ദ്ര ജോഷി, കേസർ ഭായ് വൊഹാനിയ, പ്രദീപ് മോർദിയ, ബകാഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേശ് ചന്ദന.