ADVERTISEMENT

ബെംഗളൂരു∙ ഗോവയിലെ ഹോട്ടൽ മുറിയിൽ നാലു വയസ്സുകാരനെ കൺസൽറ്റിങ് കമ്പനി സിഇഒ കൊലപ്പെടുത്തിയ കേസിൽ പൊലീസിന് പ്രതിയിലേക്കെത്താൻ സഹായകമായത് മൂന്നു വസ്തുക്കൾ. പ്രതിയായ സുചന സേത്തും കൊല്ലപ്പെട്ട മകനും താമസിച്ച മുറിയിൽനിന്ന് കത്തി, ടവൽ, തലയിണ എന്നിവയാണ് പൊലീസ് കണ്ടെടുത്തത്. 

ജനുവരി ആറിനാണ് ഗോവയിലെ സർവീസ് അപാർട്മെന്റിൽ സുചന സേത്ത് മകനുമായെത്തി മുറിയെടുത്തത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ബാഗിലാക്കി ജനുവരി എട്ടിനാണ് ഇവർ ഗോവയിൽനിന്ന് ബെംഗളൂരുവിലേക്ക് യാത്ര തിരിച്ചത്. അപാർട്മെന്റിലെ ജീവനക്കാർ മുറി വൃത്തിയാക്കാൻ ചെന്നപ്പോൾ ടവലിലാണ് ചോരപ്പാടുകൾ കണ്ടത്. തുടർന്ന് ഹോട്ടൽ ജീവനക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 

തലയിണയോ എന്തെങ്കിലും തുണിയോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാകും കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയെ കൊലപ്പെടുത്തിയതിനു പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് സുചന പൊലീസിനോട് പറഞ്ഞത്. കൈഞരമ്പ് മുറിച്ചപ്പോഴുണ്ടായ രക്തമാകാം ടവലിൽ കണ്ടതെന്നു പൊലീസ് കരുതുന്നു. ബെംഗളൂരുവിലേക്ക് പോകുന്നതിനിടെ രക്തക്കറയെ കുറിച്ച് ചോദിക്കാൻ സുചനയെ പൊലീസ് വിളിച്ചിരുന്നു. അപ്പോൾ അത് ‌ആർത്തവരക്തമാണെന്നാണ് സുചന ആദ്യം മറുപടി പറഞ്ഞത്.

പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് സുചന വ്യക്തമാക്കിയത്. എന്നാൽ ആത്മഹത്യയ്ക്കു ശ്രമിച്ചതിന്റെ കാരണമെന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾക്കിടെ ഭർത്താവിനോടുള്ള പ്രതികാരമായാണു കുട്ടിയെ ഇല്ലാതാക്കിയതെന്നു കരുതുന്നതായി പൊലീസ് ചൂണ്ടിക്കാട്ടി. ഇതിൽ ഇനിയും വ്യക്തത വരാനുണ്ട്. സുചന പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്.

ചോദ്യം ചെയ്യലിൽ സുചന കുറ്റം നിഷേധിച്ചിട്ടുണ്ട്. രാവിലെ ഉറക്കം ഉണർന്നപ്പോൾ കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയെന്നാണ് ഇവരുടെ മൊഴി. ഇതു വിശ്വസിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സുചനയുടെ ഫോൺ കോൾ രേഖകൾ പരിശോധിക്കുന്നുണ്ട്. സംഭവം നടന്ന മൂന്നു ദിവസങ്ങളിൽ‌ സുചന ആരൊക്കെയായാണ് സംസാരിച്ചതെന്നും എന്താണ് സംസാരിച്ചതെന്നും കണ്ടെത്താൻ ശ്രമിക്കുകയാണ്.

English Summary:

Knife, Towel, Pillow: Clues Bengaluru CEO Accused Of Killing Son Left Behind In Goa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com