വ്യാജ കൊലക്കുറ്റം ചുമത്തിയെന്ന് പരാതി; കഴക്കൂട്ടം എസിപിക്കെതിരെ കേസെടുത്ത് കോടതി
Mail This Article
തിരുവനന്തപുരം ∙ കള്ളക്കേസിൽ കുടുക്കിയെന്ന കാലടി സ്വദേശിയുടെ പരാതിയില്‍ കഴക്കൂട്ടം എസിപി പൃഥ്വിരാജിനെതിരെ കേസെടുത്ത് കോടതി. എഴുപത്തഞ്ചുകാരിയേയും മകനേയും വ്യാജ കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തെന്നാണ് പരാതി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നടപടി സ്വീകരിച്ചത്.
അന്യായമായി തടവിൽ വയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന, അസഭ്യം പറയൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് കേസ് റജിസ്റ്റർ ചെയ്തത്. കൊലപാതകക്കേസിൽ പ്രതികളാക്കി അന്യായമായി കസ്റ്റഡിയിൽവച്ചെന്നടക്കം പരാതിയിൽ ആരോപിക്കുന്നു.
2016ൽ പൃഥ്വിരാജ് തമ്പാനൂർ സിഐ ആയിരുന്ന സമയത്താണ് കേസിനാസ്‌പദമായ സംഭവമുണ്ടാകുന്നത്. പരാതിക്കാരനുമായും പൃഥ്വിരാജുമായി പാർക്കിങ്ങുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. ഇതിന് ശേഷമാണ് ഇയാളുടെ വീടിനടുത്ത് ഒരു കൊലപാതകം നടക്കുന്നത്. ഈ കൊലപാതകത്തിൽ പരാതിക്കാരനേയും ഇയാളുടെ 75 വയസ്സുള്ള അമ്മയേയും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പൃഥ്വിരാജ് പ്രതിചേർക്കുകയായിരുന്നു. അമ്മയെ ഒന്നാം പ്രതിയാക്കിയും യുവാവിനെ രണ്ടാം പ്രതിയാക്കിയും പൃഥ്വിരാജ് കേസെടുത്തു.