കോൺഗ്രസ് നേതാവ് ലാൽജി കൊലക്കേസ്: കോൺഗ്രസ് പ്രവർത്തകരായ പ്രതികളെ വെറുതെവിട്ട് കോടതി
Mail This Article
തൃശൂർ∙ കോൺഗ്രസ് നേതാവ് ലാൽജിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെറുതെവിട്ട് കോടതി. തെളിവുകളുടെ അഭാവത്തെ തുടർന്നാണ് തൃശൂർ അഡീഷനൽ സെഷൻസ് കോടതിയാണ് പ്രതികളെ വെറുതെവിട്ടത്. പ്രതികളെല്ലാം കോൺഗ്രസ് പ്രവർത്തകരാണ്. 2013ലായിരുന്നു കേസിന് ആസ്‌പദമായ സംഭവം. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ഗ്രൂപ്പ് വഴക്കിനെ തുടർന്നുള്ള വൈരാഗ്യത്തിലാണ് 2013 ഓഗസ്റ്റ് 16ന് ബൈക്കിലെത്തിയ സംഘം കോൺഗ്രസ് അയ്യന്തോൾ മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന ലാൽജിയെ വെട്ടിക്കൊന്നത്.
സംഭവത്തിൽ 10 പ്രതികളാണ് ഉണ്ടായിരുന്നത്. എന്നാൽ ഒരാൾ കേസ് നടക്കുന്നതിനിടെ മരിച്ചിരുന്നു. തൃശൂർ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ടി.കെ.മിനിമോളാണ് വിധി പുറപ്പെടുവിച്ചത്. കേസില്‍ 20 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് 46 രേഖകളും പരിശോധിച്ചിരുന്നു.
അയ്യന്തോൾ സ്വദേശികളായ വൈശാഖ്, രാജേഷ്, പ്രശാന്ത്, സതീശൻ, അനൂപ്, രവി, രാജേന്ദ്രൻ, സജീഷ്, ജോമോൻ എന്നിവരെയാണ് കോടതി വെറുതെവിട്ടത്. 2013ൽ കോൺഗ്രസ് ഗ്രൂപ്പ് വഴക്കിനെ തുടർന്നു മൂന്നുമാസത്തിനിടെ നടന്ന രണ്ടാമത്തെ കൊലപാതകമായിരുന്നു ലാൽജിയുടേത്. യൂത്ത് കോൺഗ്രസ് അയ്യന്തോൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് മധു ഈച്ചരത്ത് കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ലാൽജിയെ വെട്ടിക്കൊന്നത്.