രാമക്ഷേത്രത്തില്‍ പോകേണ്ടെന്ന് ആരു പറഞ്ഞാലും ലക്ഷക്കണക്കിന് പേർ പോകും, അതൊരു വികാരമാണ്: വെള്ളാപ്പള്ളി
Mail This Article
ആലപ്പുഴ∙ ആരെതിർത്താലും രാമക്ഷേത്രം പണിയുക എന്നതു ഹിന്ദുക്കളുടെ വികാരമാണെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാമക്ഷേത്രത്തിന് എതിരെ നിൽക്കുന്ന ശക്തികൾ മലവെള്ളപാച്ചിലിൽ ഒഴുകിപ്പോകുമെന്നും രാമക്ഷേത്രത്തിൽ പോകണ്ടെന്നു കോൺഗ്രസ് തീരുമാനിച്ചത് അധികാരത്തിനുവേണ്ടിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
‘‘ഹിന്ദുക്കളുടെ വികാരമാണു രാമക്ഷേത്രം. മറ്റു മതത്തോടുള്ള വിദ്വേഷമല്ല അത്. ഏത് പാർട്ടിയിലുള്ളവരായാലും രാമക്ഷേത്രത്തിന്റെ സമർപ്പണത്തെയും ക്ഷേത്രത്തെയും ആദരിക്കുന്നുണ്ട്. അതിനെതിരായൊരു ശബ്ദം ഹിന്ദുവായി ജനിച്ച ഒരു രാഷ്ട്രീയക്കാരനും മനസ്സുകൊണ്ട് ഉണ്ടാവില്ല. രാമക്ഷേത്രത്തിൽ പോകേണ്ടെന്നു കോൺഗ്രസ് തീരുമാനിച്ചത് അധികാരത്തിനുവേണ്ടിയാണ്. അധികാരത്തിനുവേണ്ടി ആദർശങ്ങളെല്ലാം എല്ലാ പാർട്ടികളും കുഴിച്ചുമൂടിയില്ലേ’’–വെള്ളാപ്പള്ളി നടേശൻ ചോദിച്ചു.
‘‘രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കണ്ടെന്നു സിപിഎം നേരത്തെ എടുത്ത തീരുമാനമാണ്. കോൺഗ്രസ് തീരുമാനം എടുക്കാൻ വൈകിയത് എന്തുകൊണ്ടാണ്. ശബരിമലയ്ക്ക് പോകേണ്ടെന്ന് ഏതെങ്കിലും പാർട്ടി തീരുമാനിച്ചാൽ ആരെങ്കിലും പോകാതിരിക്കുമോ. എല്ലാവരും പോവും. അതുപോലെ തന്നെ രാമക്ഷേത്രത്തില്‍ പോകേണ്ടെന്ന് ആരു പറഞ്ഞാലും ലക്ഷക്കണക്കിന് പേർ പോകും. അതൊരു വികാരമാണ്, വിശ്വാസമാണ്, ആ വിശ്വാസത്തിന് എതിരായിട്ട്, വിപരീതമായിട്ട് ആരും നിൽക്കുന്നത് ശരിയല്ല’’–വെള്ളാപ്പള്ളി പറഞ്ഞു.