അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങ് രാഷ്ട്രപതി നടത്തണം: ഉദ്ധവ് താക്കറെ
Mail This Article
മുംബൈ ∙ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാച്ചടങ്ങ് പ്രസിഡന്റ് ദ്രൗപതി മുർമു നിർവഹിക്കണമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. ‘‘ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം പുനഃസ്ഥാപിച്ചതിന് ശേഷം പ്രഥമ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദാണ് ഔപചാരികമായ പുനരുദ്ധാരണ ചടങ്ങ് നടത്തിയത്. അയോധ്യയിലെ രാമക്ഷേത്രം രാജ്യത്തിന്റെ അഭിമാന പ്രശ്‌നമായതിനാൽ രാഷ്ട്രപതി മുർമുവാണ് പ്രതിഷ്ഠാച്ചടങ്ങ് നടത്തേണ്ടത്’’ – ഉദ്ധവ് പറഞ്ഞു.
നാസിക്കിലെ കാലാരാമ ക്ഷേത്രത്തിലേക്ക് മുർമുവിനെ ക്ഷണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉദ്ധവിന് അയോധ്യയിലേക്കു ക്ഷണമില്ലാത്തതിനാൽ ക്ഷേത്ര സമർപ്പണ ചടങ്ങു നടത്തുന്ന ദിവസം കാലാരാമ ക്ഷേത്രത്തിൽ ദർശനം നടത്താനാണു പദ്ധതി. ഗോദാവരിയുടെ തീരത്ത് മഹാആരതി നടത്തിയ ശേഷമായിരിക്കും ക്ഷേത്രദർശനം. 23ന് നാസിക്കിൽ പാർട്ടി ഭാരവാഹികളുടെ കൺവൻഷനിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും. 1992ൽ കർസേവയുടെ ഭാഗമായ ശിവസേനാ പ്രവർത്തകരെ നാസിക്കിൽ ആദരിക്കുമെന്നും ഉദ്ധവ് പറഞ്ഞു.