ADVERTISEMENT

ആലപ്പുഴ∙ അധികാര രാഷ്ട്രീയത്തിനെതിരെ കടുത്ത‌ വിമർശനം നടത്തിയ പ്രമുഖ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരെ വിമർശിച്ച് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി.സുധാകരൻ. ‘ഭരണവും സമരവുമെന്തെന്ന് പഠിപ്പിക്കാൻ വരേണ്ട’ എന്ന് അദ്ദേഹം പറഞ്ഞു. ‘എംടിയെ ഏറ്റുപറഞ്ഞ് ചില സാഹിത്യകാരന്മാർ ഷോ കാണിക്കുന്നു. ചിലർക്ക് ഭയങ്കര ഇളക്കം. നേരിട്ട് പറയാതെ എംടിയെ ഏറ്റുപറയുന്നത് ഭീരുത്വം’ എന്നും അദ്ദേഹം പറഞ്ഞു. എംടിക്കു പിന്നാലെ എം.മുകന്ദനും വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വിമർശനം. കേരള പ്രൈവറ്റ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരൻ.

സുധാകരന്റെ പ്രസംഗത്തിൽ നിന്ന്:

‘‘എം.ടി.വാസുദേവൻ നായർ ഷോ കാണിക്കുകയാണ്. പറയുന്നതിൽ ആത്മാർഥത ഇല്ല. എത്ര വലിയ ആൾ ആണെങ്കിലും എം.ടി.വാസുദേവൻ നായർ പറഞ്ഞതുകൊണ്ട് ഞങ്ങളും പറയുന്നു എന്ന മട്ടിൽ പ്രതികരിച്ച സാഹിത്യകാരന്മാർ ഭീരുത്വമാണ് കാണിച്ചത്.  ഇടതുപക്ഷം ജനകീയ പ്രശ്നങ്ങളിൽ എടുത്തിട്ടുള്ള ചരിത്രപരമായ നിലപാടുണ്ട്. പ്രതിപക്ഷത്തായിരുന്നാലും ഭരണത്തിൽ ആയിരുന്നാലും അവകാശങ്ങൾ നേടാൻ പ്രക്ഷോഭം നടത്തും. സമരവും ഭരണവും ഇഎംഎസ് പറഞ്ഞതാണ്. അതൊക്കെ എല്ലാവരും മറന്നുപോയോ?. ഭരണം കൊണ്ടുമാത്രം ജനകീയ പ്രശ്നങ്ങൾ തീരില്ല എന്നാണ് ഇഎംഎസ് പറഞ്ഞതിന്റെ അർഥം. അത് മാർക്സിസം ആണ്. പഠിച്ചവർക്കേ അറിയൂ. വായിച്ചു പഠിക്കണം. 

ഇക്കാര്യത്തിൽ എം.ടി.വാസുദേവൻ നായർ പറയേണ്ടതില്ല. അതൊക്കെ ഞാനും നേരത്തെ പറഞ്ഞിട്ടുള്ളതാണ്. എംടി പറഞ്ഞപ്പോൾ മാത്രമെന്താ ഭയങ്കര ഇളക്കം?. എംടി പറഞ്ഞതിനോട് ഞാനെന്തിനാ പ്രതികരിക്കുന്നത്?. ഞാൻ 60 വർഷമായി എല്ലാ ദിവസവും പറഞ്ഞുകൊണ്ടിരിക്കുകയല്ലേ. പിന്നെ ഞാനെന്തിനാ എംടിയോട് പറയുന്നത്. ഇതിനു മുൻപും ഞാൻ പറഞ്ഞിട്ടുണ്ട്. അതിനോടൊന്നും അദ്ദേഹം പ്രതികരിച്ചിട്ടില്ല. മിണ്ടിയിട്ടില്ല. അദ്ദേഹത്തിന് തോന്നിയത് പറഞ്ഞു. ഉടനെ കേരളത്തിലെ സാഹിത്യകാരന്മാർ ഓരോരുത്തരും ഓരോന്ന് പറഞ്ഞു തുടങ്ങി. അതുതന്നെ ഭീരുത്വമാണ്. 

എം.ടി. വാസുദേവൻ പറയുന്നതിൽ എന്തെങ്കിലും പറയേണ്ടതായി ഉണ്ടായിരുന്നെങ്കിലും പറയണമെന്നാ ഞാൻ പറയുന്നത്. ഇപ്പോൾ പറയുന്നത് എന്താ നേരത്തെ പറയാതിരുന്നത്?. ഇപ്പോൾ ഷോ കാണിക്കുകയാണ്. ആത്മാർഥതയില്ല. അത് ഏറ്റു പറയാതിരുന്ന ഒരാളുണ്ട് ടി.പത്മനാഭൻ. സാധാരണ അദേഹം ഏറ്റുപിടിക്കുന്നതാണ്. ഇക്കാര്യത്തിൽ ഒന്നും പറഞ്ഞില്ല. എംടി പറഞ്ഞത് ഒരാളെ പറ്റിയാണോ പലരെ കുറിച്ചാണോ എന്ന് പല തർക്കമുണ്ട്. മന്ത്രിമാരിലും വ്യത്യസ്ത അഭിപ്രായമാണ്. ഉണ്ടെങ്കിൽ പരിശോധിക്കണമെന്നു പറയേണ്ട കാര്യമില്ല. എംടി ജനങ്ങളോടാണ് പറഞ്ഞത്. ഉടനെ കേരളത്തിൽ എന്തോ ഒരു ആറ്റംബോംബ് വീണു എന്ന നിലയിൽ ചർച്ച ചെയ്യുന്നത് അപക്വമാണ്.

ഞാൻ പറയുന്നതെല്ലാം പാർട്ടി നയമാണ്. അതാണ് ഭരണവും സമരവും എന്ന് ഇഎംഎസ് പറഞ്ഞത്. അത് ഒരു കാലത്തും കാലഹരണപ്പെട്ടില്ല. സമരവും ഭരണവും അതൊരു മാർക്സിസ്റ്റ് ഡയലറ്റിക്സ് ആണെന്ന് ആർക്കും അറിയില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം പാർലമെന്ററി ഡെമോക്രസി ഒരു അബ്സല്യൂട്ട് ലക്ഷ്യം അല്ല. അബ്സല്യൂട്ട് സോഷ്യലിസം മാത്രമാണ്. അസമത്വവും ചൂഷണവും ഇല്ലാതായി എല്ലാവരും ഒരുപോലെ വരുന്ന ഒരു കാലം അതാണ് ലക്ഷ്യം. അല്ലാതെ കംമ്പോഡിയയിലും റഷ്യയിലും നടന്ന കാര്യങ്ങൾ പറഞ്ഞിട്ട് സോഷ്യലിസം തകർന്നെന്ന് പറയുന്നത് അറിവില്ലായ്മയാണ്. ആത്യന്തികമായി സോഷ്യലിസത്തിലേക്ക് ലക്ഷ്യം വച്ചിട്ടുള്ള ഒരു ജനതയ്ക്ക് പാർലമെന്ററി ഡെമോക്രസി കൊണ്ട് മാത്രം അവരുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഭരണവും സമരവും ആകാം’’–  സുധാകരൻ പറഞ്ഞു.

ഭരണാധികാരി എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നായിരുന്നു എംടിയുടെ വിമർശനം. അധികാരം ആധിപത്യമോ സർവാധിപത്യമോ ആകാമെന്നതാണ് എവിടെയും സ്ഥിതി. അധികാരം ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തം പണ്ടേ കുഴിവെട്ടി മൂടി–കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (കെഎൽഎഫ്) മുഖ്യാതിഥിയായി നടത്തിയ പ്രസംഗത്തിൽ എംടി തുറന്നടിച്ചു. ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു എംടിയുടെ വിമർശനം. 

കിരീടങ്ങൾ വാഴുന്ന കാലത്താണു നാമിപ്പോഴുള്ളതെന്നും ഇതിനിടയിൽ മനുഷ്യത്വത്തിന്റെ വില തിരിച്ചറിയണമെന്നുമായിരുന്നു എം.മുകന്ദന്റെ വിമർശനം. ‘അധികാരത്തിലിരിക്കുന്നവർ സിംഹാസനത്തിന്റെ രുചി അറിഞ്ഞവരാണ്. അവർ അവിടെനിന്ന് എഴുന്നേൽക്കില്ല. സിംഹാസനത്തിൽ ഇരിക്കുന്നവരോടു പറയാനുള്ളത് സിംഹാസനം ഒഴിയൂ എന്നാണ്. ജനങ്ങൾ വരുന്നുണ്ട്’– കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ എം.മുകുന്ദൻ പറഞ്ഞു. 

English Summary:

G Sudhakaran slams MT Vasudevan Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com