‘കാബിനറ്റ് റാങ്കോടെ മന്ത്രിയാകാനുള്ള അവസരം ഇല്ലാതാക്കിയത് കരുണാകരന്’: ആത്മകഥയിൽ കെ.എം.മാണി
Mail This Article
തിരുവനന്തപുരം∙ ചന്ദ്രശേഖർ മന്ത്രിസഭയിൽ കാബിനറ്റ് റാങ്കോടെ കേന്ദ്ര മന്ത്രിയാകാനുള്ള അവസരം ഇല്ലാതാക്കിയത് മുൻ മുഖ്യമന്ത്രി കെ.കരുണാകരനാണെന്ന് കെ.എം.മാണിയുടെ ആത്മകഥയിൽ വിമർശനം. വകുപ്പുവരെ തീരുമാനിച്ചെങ്കിലും തന്നെ മന്ത്രിയാക്കരുതെന്ന് കരുണാകരൻ നിർബന്ധിക്കുകയായിരുന്നു. കോൺഗ്രസുകാരുടെ ഔദാര്യത്തിൽ ഭരണക്കസേരയിൽ കയറാൻ അവസരം ലഭിച്ച ചന്ദ്രശേഖറിന് തലമുതിർന്ന ഒരു കോൺഗ്രസ് നേതാവിന്റെ ഭീഷണി സ്വരത്തിലുള്ള ആവശ്യം നിരസിക്കുക ബുദ്ധിമുട്ടായിരുന്നെന്നും ആത്മകഥയിൽ പറയുന്നു.
ചന്ദ്രശേഖറിന്റെ പാർട്ടിക്ക് ദക്ഷിണേന്ത്യയിൽ പ്രാതിനിധ്യമില്ലാത്തതിനാൽ മുസ്‌ലിം ലീഗിനെയും കേരള കോൺഗ്രസിനെയും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതായി കെ.എം.മാണിയുടെ ആത്മകഥയിൽ പറയുന്നു. സഖ്യകക്ഷികൾ മന്ത്രിസഭയിൽ ചേരുന്നതിന് കോൺഗ്രസിന് എതിർപ്പുണ്ടായിരുന്നില്ല. ചർച്ചകൾക്കായി കെ.എം.മാണിയെയും ടി.എം.ജേക്കബിനെയും കേരള കോൺഗ്രസ് (എം) ചുമതലപ്പെടുത്തി. മന്ത്രിസഭയിൽ ചേരുന്നതിനു സമ്മതമാണെന്ന് ചന്ദ്രശേഖറിനു പാർട്ടി കത്തു നൽകി.
അന്ന് കേരള കോൺഗ്രസിന് രണ്ട് എംപിമാരാണുള്ളത്. ലോക്സസഭയിൽ പി.സി.തോമസും രാജ്യസഭയിൽ തോമസ് കുതിരവട്ടവും. മുസ്‌ലിം ലീഗിനെ മന്ത്രിസഭയിൽ എടുക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം ഉണ്ടായിരുന്നെങ്കിലും കേരള കോൺഗ്രസിന്റെ കാര്യത്തിൽ ഉണ്ടായിരുന്നില്ലെന്ന് മാണി പറയുന്നു. ഇടനിലക്കാരനായി നിന്നത് സുബ്രഹ്മണ്യൻ സ്വാമിയായിരുന്നു. കേരള കോൺഗ്രസിൽനിന്ന് അർഹനായ സീനിയർ നേതാവുണ്ടെങ്കിൽ കാബിനറ്റ് പദവി നൽകാമെന്നും അല്ലെങ്കിൽ സഹമന്ത്രിസ്ഥാനമേ നൽകാൻ കഴിയൂ എന്നും സ്വാമി അറിയിച്ചു. കേരള കോൺഗ്രസ് യോഗം ചേർന്ന് കെ.എം. മാണിയെ മന്ത്രിയാക്കാൻ തീരുമാനിച്ചു.
മന്ത്രിസ്ഥാനം സ്വീകരിക്കാൻ താൽപര്യമില്ലെന്ന് യോഗത്തിൽ അറിയിച്ചതായി മാണി ആത്മകഥയിൽ പറയുന്നു. തോമസ് കുതിരവട്ടത്തെ നിർദേശിച്ചു. അപ്പോഴാണ് കാബിനറ്റ് പദവി വാഗ്ദനം എത്തിയത്. സമ്മർദം ശക്തമായതോടെ സമ്മതം മൂളി. പാർട്ടി സെക്രട്ടേറിയറ്റ് ഔദ്യോഗികമായി തീരുമാനമെടുത്തു. കാബിനറ്റ് റാങ്ക് ലഭിച്ചാൽ മാണി മന്ത്രിയാകും. അല്ലെങ്കിൽ രണ്ട് എംപിമാരിൽ ആരെങ്കിലും സഹമന്ത്രിമാരാകും. ആളെ മാണിക്ക് തീരുമാനിക്കാം. ഘടകകക്ഷികൾ മന്ത്രിസഭയിലേക്ക് വരുന്നതിന് കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾക്ക് എതിർപ്പുണ്ടായിരുന്നു. കേരള കോൺഗ്രസിനു വൈദ്യുതി വകുപ്പാണ് നീക്കിവച്ചിരിക്കുന്നതെന്ന അറിയിപ്പ് ഡൽഹി കേരള ഹൗസിലിരിക്കെ ലഭിച്ചു.
എന്നാൽ, അർധ രാത്രിയോടെ മാണിയുടെ പേരില്ലെന്ന അറിയിപ്പ് ലഭിച്ചു. ‘അങ്കലാപ്പും നിരാശയും ഏവരിലേക്കും പകരവേ, ചിലരുടെയെങ്കിലും മനസിൽ ഒരു നേതാവിന്റെ ചിത്രം തെളിഞ്ഞു വന്നു – കെ.കരുണാകരൻ’– മാണി പറയുന്നു. ‘ഞാനും സുഹൃത്തുക്കളും ചന്ദ്രശേഖറിനെ കാണാൻ പുറപ്പെട്ടു. ലിഫ്റ്റിൽ കയറാനൊരുങ്ങുമ്പോൾ കരുണാകരൻ ഇറങ്ങിവരുന്നു. അദ്ദേഹം ചന്ദ്രശേഖറെ കണ്ടു മടങ്ങുകയായിരുന്നു. അപ്രതീക്ഷിതമായി ഞങ്ങളുടെ മുന്നിൽപെട്ടപ്പോൾ അദ്ദേഹമൊന്ന് പരുങ്ങി. ജാള്യം മറച്ചുവച്ച് സ്വതസിദ്ധമായ ശൈലിയിൽ കണ്ണിറുക്കി ചിരിച്ചു. മാണീ നിങ്ങളുടെ കാര്യമെല്ലാം ചന്ദ്രശേഖറോട് പറഞ്ഞ് ശരിയാക്കിയിട്ടുണ്ടെന്ന് പറഞ്ഞു. ശരിയാക്കുകയാണല്ലോ ചെയ്തത്. കേരള കോൺഗ്രസ് നേതാക്കൾ പരസ്പരം വേദന പങ്കുവച്ചു’.
പലകേന്ദ്രങ്ങളും മന്ത്രിസ്ഥാനം ഉറപ്പു നൽകിയതിനെ തുടർന്ന് കെ.എം.മാണി യാത്ര മാറ്റിവച്ചു. ചന്ദ്രശേഖറെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഇപ്പോൾ മന്ത്രിസ്ഥാനം തരാൻ ബുദ്ധിമുട്ടാണെന്ന് അറിയിച്ചു. നിങ്ങൾ ഉൾപ്പെടുന്ന മുന്നിയിലെ ഒരു കോൺഗ്രസ് നേതാവിന്റെ സാമർഥ്യം കൊണ്ടാണ് മന്ത്രി സ്ഥാനം നഷ്ടമായതെന്ന് പിന്നീട് ചന്ദ്രശേഖർ മാണിയോട് നേരിട്ടു പറഞ്ഞു. ‘സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി രാജീവ് ഗാന്ധിയുടെ വീട്ടിൽവച്ച് വിരുന്നു സൽക്കാരം നടന്നിരുന്നു. വിരുന്നിൽ കെ.കരുണാകരനും ഉണ്ടായിരുന്നു. വിരുന്നു കഴിഞ്ഞ് കരുണാകരൻ ചന്ദ്രശേഖറിന്റെ കാറിലാണ് മടങ്ങിയത്. ഈ യാത്രയാവണം പ്രശ്നമുണ്ടാക്കിയത്’ – മാണി പറയുന്നു.
‘ജീവിതത്തിൽ ആദ്യമായാണ് കബളിപ്പിക്കപ്പെടുന്നത്. കേരളത്തിന് കേന്ദ്രമന്ത്രി സ്ഥാനം നഷ്ടമായി. കാലം ഒരിക്കലും ഏകപക്ഷീയമായി പെരുമാറില്ല. ഏറെ വര്‍ഷം വൈകും മുൻപ് കരുണാകരനെ സ്വന്തം വത്സല ശിഷ്യരും ഘടകകക്ഷികളും കേരളത്തിൽനിന്നും മുഖ്യമന്ത്രി കസേരയിൽനിന്നും തുരത്തി ഓടിച്ചു’– കെ.എം.മാണി ആത്മകഥയിൽ പറയുന്നു.