സച്ചിന് തെൻഡുൽക്കറുടെ ഡീപ്ഫെയ്ക് വിഡിയോ: ഗെയിമിങ് സൈറ്റിനും ഫെയ്സ്ബുക്ക് പേജിനുമെതിരെ കേസ്
Mail This Article
മുംബൈ ∙ ഡീപ്ഫെയ്ക് വിഡിയോയിൽ ആശങ്കയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ രംഗത്തെത്തിയതിനു പിന്നാലെ, ഗെയിമിങ് സൈറ്റിനും ഫെയ്സ്ബുക്ക് പേജിനുമെതിരെ കേസ് റജിസ്റ്റർ ചെയ്ത് മുംബൈ പൊലീസ്. ഐപിസി സെക്‌ഷൻ 500 (അപകീർത്തിപ്പെടുത്തൽ), ഐടി നിയമത്തിലെ 66 എ (തെറ്റായ വിവരങ്ങളടങ്ങിയ സന്ദേശങ്ങൾ അയയ്ക്കൽ) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
സച്ചിന്റെ പഴ്സനൽ അസിസ്റ്റന്റ് ചൊവ്വാഴ്ച സൈബർ പൊലീസിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഡീപ്ഫെയ്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമമായി നിര്‍മിച്ചതാണ് വിഡിയോ എന്ന് പരാതിയിൽ പറയുന്നു. നേരത്തേ, പരാതികളുയരുമ്പോൾ പ്രതികരിക്കാനും ജാഗ്രത പാലിക്കാനും സമൂഹമാധ്യമങ്ങൾ തയാറാകണമെന്ന് സച്ചിൻ എക്സിൽ കുറിച്ചിരുന്നു. തെറ്റായ വിവരങ്ങളും ഡീപ്ഫെയ്ക്കുകളും തടയുന്നതിന് അത്തരം നടപടികൾ പ്രധാനമാണെന്നും താരം പറഞ്ഞു.
വിഡിയോയിൽ ഗെയിം ആപ്പിനെ പിന്തുണച്ചു സംസാരിക്കുന്നതു മാത്രമല്ല, സച്ചിന്റെ മകൾ സാറ ഇതിലൂടെ നേട്ടങ്ങളുണ്ടാക്കുന്നുണ്ടെന്നും അവകാശപ്പെടുന്നുണ്ട്. സാങ്കേതിക വിദ്യയെ ദുരുപയോഗം ചെയ്യുന്നതിനെതിരെ സച്ചിൻ തെൻഡുൽക്കർ അടുത്തിടെ സമൂഹമാധ്യമത്തിൽ പ്രതികരിച്ചിരുന്നു. ഇത്തരം കാര്യങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും ശക്തമായ നടപടി എടുക്കേണ്ടതുണ്ടെന്നും സച്ചിൻ പ്രതികരിച്ചു. അതിനു പിന്നാലെയാണ് സച്ചിന്റെ ഡീപ്ഫെയ്ക് വിഡിയോ പുറത്തിറങ്ങിയത്.