ADVERTISEMENT

കൊച്ചി∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം എന്തുകൊണ്ടാണ് നീണ്ടുപോകുന്നതെന്ന് ഹൈക്കോടതി. പാവപ്പെട്ടവർ കഠിനാധ്വാനം ചെയ്ത് സമ്പാദിക്കുന്ന പണം നിക്ഷേപിക്കുകയും അതു നഷ്ടമാകുമ്പോൾ അവർക്ക് സഹകരണ സൊസൈറ്റികളിൽ വിശ്വാസം തന്നെ നഷ്ടമാകുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സഹകരണ സംഘങ്ങൾ സാധാരണക്കാരുടെ ആവശ്യങ്ങൾക്കുള്ളതാണ്. അല്ലാതെ കോടീശ്വരന്മാർക്കുള്ളതല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. അന്വേഷണം ഏത് ഘട്ടത്തിലാണെന്ന് അറിയിക്കണമെന്നും കോടതി നിർദേശം നൽകി. തന്റെ സ്വത്ത് കണ്ടുകെട്ടിയതും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതും ചോദ്യം ചെയ്ത് കേസിലെ പ്രതിയായ അലി സാബ്റി നൽകി ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇഡി രണ്ടാഴ്ച സമയം ആവശ്യപ്പെട്ടതിനാൽ ഹർജി അടുത്ത മാസം 16ലേക്ക് മാറ്റി. 

കരുവന്നൂർ സഹകരണ ബാങ്ക് കേസിൽ അന്വേഷണം അനിശ്ചിതമായി നീട്ടാനാവില്ലെന്നും അത് സംവിധാനത്തെതന്നെ ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ‘‘കേസിൽ ഇഡി അന്വേഷണം മൂന്നുവർഷമായി നടക്കുകയാണ്. അന്വേഷണം ഇങ്ങനെ നീളുന്നത് എന്തുകൊണ്ടാണ്. തങ്ങൾ നിക്ഷേപിച്ച പണം തിരിച്ചു കിട്ടാതെ ജനങ്ങൾ നെട്ടോട്ടമോടുകയാണ്. 15 സെന്റ് ഭൂമി ഈട് വച്ചിട്ട് 7 കോടി രൂപയൊക്കെയാണു വായ്പ നൽകിയിരിക്കുന്നത്. ഇതുകൊണ്ടാണു ജനങ്ങൾക്കു പണം നഷ്ടമാകുന്നത്. കരുവന്നൂർ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നു. ഇത് ഗൗരവത്തോടെ പരിഗണിക്കേണ്ടതാണ്’’ – കോടതി പറഞ്ഞു. 

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ മന്ത്രി പി.രാജീവ് ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്കെതിരെ മൊഴി ലഭിച്ചിട്ടെന്നുണ്ടെന്നു നേരത്തെ ഇഡി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ബാങ്കിൽനിന്ന് നിയമവിരുദ്ധമായി വായ്പ അനുവദിക്കാൻ അന്ന് എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി.രാജീവ്, മുൻ തൃശൂർ ജില്ലാ സെക്രട്ടറി എ.സി.മൊയ്തീൻ, പാലോളി മുഹമ്മദ് കുട്ടി ഉൾപ്പെടെയുള്ള നേതാക്കളുടെ സമ്മർദമുണ്ടായെന്നു ബാങ്കിന്റെ മുൻ സെക്രട്ടറി ടി.ആർ.സുനിൽ കുമാർ മൊഴി നൽകിയെന്നാണ് ഇഡി അറിയിച്ചത്. സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർക്കു പങ്കുണ്ടെന്നും വൻതോതിലുള്ള കള്ളപ്പണം വെളിപ്പിക്കലാണു നടന്നിരിക്കുന്നതെന്നും സത്യവാങ്മൂലത്തിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com