‘ഓപ്പറേഷൻ ജാഗ്രത’യിൽ 114 പേരെ കുടുക്കി കൊച്ചി പൊലീസ്; രണ്ടാഴ്ച മുന്നൊരുക്കം, 400 ഉദ്യോഗസ്ഥർ
Mail This Article
കൊച്ചി ∙ സിറ്റി പൊലീസിന്റെ ‘ഓപ്പറേഷൻ ജാഗ്രത’യിൽ കുടുങ്ങിയത് 68 പിടികിട്ടാപ്പുള്ളികള്‍ ഉൾപ്പെടെ 114 പേർ. 24 മണിക്കൂർ നീണ്ട സ്പെഷൽ ഓപ്പറേഷനിലാണു കുറ്റവാളികളെ കുടുക്കിയത്. 68 പിടികിട്ടാപ്പുള്ളിക്ക് പുറമെ 18 ഗുണ്ടകൾ, വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളായ 28 പേർ എന്നിങ്ങനെയാണ് അറസ്റ്റിലായവർ.
മോഷണം, പിടിച്ചുപറി, വധശ്രമം, പോക്സോ, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രതികളെ കണ്ണൂർ, കാസർകോട്, ആലപ്പുഴ ജില്ലകളിൽനിന്നാണ് അറസ്റ്റു ചെയ്തത്. ആകെ 194 സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. അറസ്റ്റ് ചെയ്ത പ്രതികളിൽ 27 പേരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സൈബർ സെല്ലിന്റെ സഹായത്തോടെ രണ്ടാഴ്ച മുന്നൊരുക്കം നടത്തി 90 സംഘങ്ങളായി 400 പൊലീസ് ഉദ്യോഗസ്ഥരാണ് ‘ഓപ്പറേഷൻ ജാഗ്രത’യിൽ പങ്കെടുത്തത്. സിറ്റി പൊലീസ് കമ്മിഷണർ എ.അക്ബറിന്റെ നിര്‍ദേശാനനുസരണം ഡപ്യൂട്ടി പൊലീസ് കമ്മിഷണർ കെ.എസ്.സുദർശന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ.