നിതീഷ് കുമാറിനെതിരെ മോശം പരാമർശം: ലാലു യാദവിന്റെ മകൾ മാപ്പ് പറയണമെന്ന് ബിജെപി
Mail This Article
പട്ന∙ ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിനെ അപമാനിച്ച ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ മാപ്പുപറയണമെന്ന് ബിജെപി. എക്സ് പ്ലാറ്റ്ഫോമിൽ നിരവധി പോസ്റ്റുകളിലൂടെ നിതീഷ് കുമാറിനെതിരെ രോഹിണി അപകീർത്തികരമായ വാക്കുകൾ ഉപയോഗിച്ചതായും പിന്നീട് അവ ഡിലീറ്റ് ചെയ്തതായും ബിജെപി നേതാവ് നിഖിൽ ആനന്ദ് പറഞ്ഞു. ‘വില്ലിൽനിന്നും തൊടുത്ത അമ്പ് പോലെയാണിത്’ – ഡിലീറ്റ് ചെയ്ത ഒരു പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ച് നിഖിൽ ആനന്ദ് പറഞ്ഞു. നിതീഷ് കുമാറിനെതിരെ ഉപയോഗിച്ച ‘മര്യാദകെട്ട’ തുടങ്ങിയ വാക്കുകളിൽ രോഹിണി പശ്ചാത്തപിക്കുന്നുണ്ടെങ്കിൽ മാപ്പ് പറയണമെന്നും നിഖിൽ ആവശ്യപ്പെട്ടു.
ബിഹാർ മുൻ മുഖ്യമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ കർപ്പൂരി ഠാക്കൂറിന്റെ ജന്മവാർഷികത്തിൽ ജെഡിയു നടത്തിയ റാലിയില്‍ കുടുംബവാഴ്ചയെ വിമർശിച്ച് നിതീഷ് കുമാർ സംസാരിച്ചിരുന്നു. ഇതിനെതിരെയാണു രോഹിണി ആചാര്യ വിമർശനം ഉന്നയിച്ചതെന്നാണു റിപ്പോർട്ട്. കർപ്പൂരി ഠാക്കൂർ കാണിച്ചുതന്ന വഴിയാണു ജെഡിയു പിന്തുടർന്നതെന്നും പാർട്ടി റാങ്കുകളിൽ കുടുംബാംഗങ്ങളെ ആരെയും നിയോഗിച്ചില്ലെന്നും നിതീഷ് കുമാർ പറഞ്ഞു. പിന്നാലെ ജെഡിയുവിന്റെ സഖ്യ കക്ഷിയായ ആർജെഡിയെ ഉന്നംവച്ചാണു നിതീഷ് ഇങ്ങനെ സംസാരിച്ചതെന്നു വിമർശനം ഉയർന്നു. ലാലു പ്രസാദ് യാദവിന്റെ രണ്ട് ആണ്‍മക്കളും നിലവിൽ മന്ത്രിമാരാണ്. മൂത്ത മകൾ രാജ്യസഭാംഗമാണ്.