15 സംസ്ഥാനങ്ങളിലെ 56 രാജ്യസഭാ സീറ്റുകളിൽ തിരഞ്ഞെടുപ്പ് ഫെബ്രുവരി 27ന്
Mail This Article
ന്യൂഡൽഹി∙ രാജ്യത്തെ 15 സംസ്ഥാനങ്ങളിലായി ഒഴിവു വരുന്ന 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഫെബ്രുവരി 27നാണ് തിരഞ്ഞെടുപ്പ് എന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, ബംഗാൾ, മധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാൻ, കർണാടക, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, ഒഡീഷ, ഹരിയാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്.
ഇതിൽ 13 സംസ്ഥാനങ്ങളിൽ നിന്നുള്ള 50 രാജ്യസഭാംഗങ്ങളുടെ കാലാവധി ഏപ്രിൽ 2ന് അവസാനിക്കും. രണ്ടു സംസ്ഥാനങ്ങളിൽനിന്നുള്ള ബാക്കിയുള്ള ആറ് അംഗങ്ങൾ ഏപ്രിൽ 3ന് വിരമിക്കും.
കേരളത്തിൽനിന്നുള്ള കേന്ദ്രസഹമന്ത്രി വി.മുരളീധരൻ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ എന്നിവരടക്കമുള്ളവരുടെ കാലാവധിയും അവസാനിക്കുന്നുണ്ട്. വി.മുരളീധരൻ മഹാരാഷ്ട്രയിൽനിന്നും നഡ്ഡ ഹിമാചൽ പ്രദേശിൽനിന്നുമുള്ള രാജ്യസഭാംഗങ്ങളാണ്.
ഫെബ്രുവരി 15നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. രാവിലെ ഒൻപതു മുതൽ വൈകിട്ട് നാല് വരെയാണ് വോട്ടെടുപ്പ്. അതതു സംസ്ഥാനങ്ങളിലെ നിയമസഭാ കക്ഷി അംഗങ്ങൾക്കാണ് വോട്ടവകാശം.