കോട്ടയം ലോക്സഭാ സീറ്റ്: ഇടതിനായി ചാഴികാടൻ തന്നെ; അനിൽ ആന്റണിയെ ഇറക്കാൻ എൻഡിഎ
Mail This Article
കോട്ടയം ∙ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ആരവം കേട്ടുതുടങ്ങിയതോടെ കോട്ടയം സീറ്റിൽ മത്സരത്തിനു കളമൊരുക്കി മുന്നണികൾ. യുഡിഎഫിൽ സ്ഥാനാർഥി ആരെന്നു തീരുമാനമായില്ലെങ്കിലും കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ ചുമരെഴുത്തിനു തുടക്കമിട്ടു കഴിഞ്ഞു. സ്ഥാനാർഥിയുടെ പേര് എഴുതാതെയും ചിഹ്നം വരയ്ക്കാതെയുമാണു ചുമരെഴുത്ത്.
Read also: 50 സെന്റ് സർക്കാർ ഭൂമി കയ്യേറി; മാത്യു കുഴൽനാടൻ എംഎൽഎയ്‌ക്കെതിരെ കേസെടുത്ത് റവന്യൂ വകുപ്പ്
യുഡിഎഫിൽ നിന്നു കേരള കോൺഗ്രസും എൽഡിഎഫിൽ നിന്നു കേരള കോൺഗ്രസ് എമ്മും നേരിട്ടു പോരാട്ടം നടത്തുന്ന കോട്ടയത്ത് അപ്രതീക്ഷിത സ്ഥാനാർഥിയെ കളത്തിലിറക്കാനുള്ള ശ്രമത്തിലാണു ബിജെപി. ഇടതുമുന്നണി സ്ഥാനാർഥിയായി സിറ്റിങ് എംപി തോമസ് ചാഴികാടൻ തന്നെ കളത്തിലിറങ്ങും.
എന്നാൽ, കേരള കോൺഗ്രസിൽ ഒട്ടേറെപ്പേർ സീറ്റിനായി രംഗത്തിറങ്ങിയതു യുഡിഎഫ് നേതൃത്വത്തിനു തലവേദന സൃഷ്ടിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും കേരള കോൺഗ്രസ് നേതാക്കളായ പി.ജെ.ജോസഫ്, മോൻസ് ജോസഫ് എന്നിവരുമായി ഇന്നു ചർച്ച നടത്തുന്നുണ്ട്.
മോൻസ് ജോസഫിനെയാണു സ്ഥാനാർഥിയായി കോൺഗ്രസ് നേതൃത്വം ആഗ്രഹിച്ചതെങ്കിലും പാർലമെന്റിലേക്കു മത്സരിക്കാനില്ലെന്ന നിലപാടിലാണു മോൻസ്. അതോടെ ചർച്ചകൾ ഇടുക്കി മുൻ എംപി ഫ്രാൻസിസ് ജോർജിലേക്കു പോയി. നേരത്തേതന്നെ മോൻസിന്റെയും ഫ്രാൻസിസ് ജോർജിന്റെയും പേരുകൾ കേരള കോൺഗ്രസ് നേതൃത്വം ചർച്ച ചെയ്തിരുന്നു. ഫ്രാൻസിസ് ജോർജിനാണു നിലവിൽ നേതൃത്വം മുൻഗണന നൽകുന്നത്. പ്രിൻസ് ലൂക്കോസിന്റെ പേരും ചർച്ചകളിലുണ്ട്. ഇതിനിടെ സീറ്റിനായി അവകാശവാദം ഉന്നയിച്ച് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ രംഗത്തെത്തി. കെ.എം.മാണിയുടെ മരുമകൻ എം.പി.ജോസഫ്, കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി.തോമസ് എന്നിവരുടെ പേരുകളും ചർച്ചകളിൽ നിറഞ്ഞിട്ടുണ്ട്.
അനിൽ ആന്റണിയുടെ പേരാണു ബിജെപി നേതൃത്വം കോട്ടയം പാർലമെന്റ് സീറ്റിലേക്കു സജീവമായി പരിഗണിക്കുന്നത്. ജില്ലയിൽ നിന്നുള്ള മറ്റു നേതാക്കളുടെ പേരുകളും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.