ADVERTISEMENT

‘‘പുറംരാജ്യത്തു പോയാൽ എനിക്കു കൈനിറയെ പണം കിട്ടുമായിരുന്നു. 2008 ൽ ആറു ലക്ഷം രൂപ ഓഫർ ചെയ്താണ് കാനഡയിൽനിന്നു വിളിച്ചത്. ഓവർടൈം കൂടി കണക്കാക്കിയാൽ ചിലപ്പോൾ പത്തു ലക്ഷം വരെ. അവിടെ പോയാൽ എനിക്കു പണം കൂടുതൽ കിട്ടുമായിരിക്കും, എന്നാൽ എന്നെ ഇവിടെയാണ് ആവശ്യമെന്നു തോന്നി. ദൈവം എന്നെ ഇവിടെയാണ് നിയോഗിച്ചത്, അത് ഇവർക്ക് ആശ്വാസം നൽകാനാണെന്നു തോന്നി.’’– ഡോ.ലില്ലിക്കുട്ടി സംസാരിച്ചു തുടങ്ങിയത് മോഹൻലാൽ കഴിഞ്ഞ ദിവസം പറഞ്ഞുനിർത്തിയിടത്തുനിന്നാണ്. 

Read also: ഈ തകിടം മറിച്ചിലിൽപ്പെട്ടു ഞാനും ഇടയ്ക്ക് ആശുപത്രിയിലായി: ‘വാലിബൻ’ അനുഭവം പറഞ്ഞ് മോഹൻലാൽ

രാജസ്ഥാനിലെ ജയ്സൽമേറിൽ മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണത്തിനിടെ അസുഖബാധിതനായപ്പോൾ‌ ചികിൽസിക്കാനെത്തിയ ഡോ.ലില്ലിക്കുട്ടിയെപ്പറ്റി മോഹൻലാൽ ‘മലയാള മനോരമ’യോടു പറഞ്ഞിരുന്നു. ‘‘കുറെ വർഷങ്ങൾക്കു മുൻപ് അവർ കാനഡയിലേക്കു പോകാൻ തയാറെടുത്തു നിൽക്കുകയായിരുന്നു. അവർ പോയാൽ ആ ഗ്രാമത്തിനു ചികിത്സ കിട്ടാൻ അടുത്ത പ്രദേശത്തൊന്നും മാർഗമില്ലായിരുന്നു. ഗ്രാമീണരുടെ സ്നേഹക്കണ്ണുകൾ നിറഞ്ഞതുകൊണ്ടാകണം അവർ പോകേണ്ടെന്നു തീരുമാനിച്ചു. അതുകൊണ്ട് എത്രയോ ഗ്രാമീണർ രോഗങ്ങളുടെ ദുരിത പാതകൾ അതിജീവിച്ചു’’ –എന്നാണ് അദ്ദേഹം പറഞ്ഞത്. 

കൂടുതൽ പണവും പ്രശസ്തിയും ലഭിക്കുമായിരുന്ന  ജോലിയവസരം വേണ്ടെന്നുവച്ച് വിദൂരമായ ആ രാജസ്ഥാൻഗ്രാമത്തിലെ ജനങ്ങൾക്കുവേണ്ടി ജീവിക്കാമെന്നു തീരുമാനിച്ച ഡോ. ലില്ലിക്കുട്ടിയെപ്പറ്റി മിക്ക മലയാളികളും ആദ്യമായി കേൾക്കുന്നത് മോഹൻലാലിന്റെ വാക്കുകളിലൂടെയാണ്. വാർത്തകളിൽനിന്നും പ്രശസ്തിയിൽനിന്നും ഒഴിഞ്ഞുനിൽക്കാനാഗ്രഹിക്കുന്ന ഡോക്ടർക്ക് തന്റെ ചിത്രം എവിടെയും വരുന്നതിൽ താൽപര്യമില്ല. ഏറെ നിർബന്ധത്തിനു ശേഷമാണ് തന്നെപ്പറ്റി സംസാരിക്കാൻ അവർ തയാറായത്. കോട്ടയം ജില്ലയിലെ കടുത്തുരുത്തി സ്വദേശികളാണ് ലില്ലിക്കുട്ടിയും ഭർത്താവും ഡോക്ടറുമായ ബെന്നി ജോസഫും.  ഡോ. ലില്ലിക്കുട്ടി ‘മനോരമ ഓൺലൈനോ’ടു സംസാരിക്കുന്നു. 

ഒരു നിയോഗം പോലെ രാജസ്ഥാനിലേക്ക്

2008 ൽ ഒരു ജനറൽ സർജനു പകരക്കാരിയായി ഒരു മാസത്തേക്കാണ് ജയ്സൽമേറിലേക്കു വന്നത്. കാനഡയ്ക്കു പോകാനുള്ള വീസ പ്രോസസിങ് ഒക്കെ കഴിഞ്ഞിരിക്കെ ഒരാഴ്ചത്തേക്ക് ഒരു സെമിനാരിയിൽ പോയി പ്രാർഥനയിൽ പങ്കെടുക്കാൻ  താമസിക്കുമ്പോഴാണ് ഞങ്ങളുടെ ഒരു സീനിയർ ഡോക്ടറെ കണ്ടത്. അദ്ദേഹം മകനെ കാണാൻ ഒരു മാസത്തേക്ക് അമേരിക്കയിലേക്ക് പോകുകയാണെന്നും ജയ്സൽമേറിൽ അദ്ദേഹം ജോലി ചെയ്യുന്ന ട്രസ്റ്റ് ആശുപത്രിയിൽ പകരക്കാരിയായി പോകാമോ എന്നും ചോദിച്ചു. വീസ വരാൻ സമയമുള്ളതു കൊണ്ട് ഞാൻ സമ്മതിച്ചു. അങ്ങനെ ഡൽഹിയിൽ ജോലി ചെയ്തിരുന്ന ഞാൻ ജയ്സാൽമേറിലേക്ക് യാത്ര തിരിച്ചു. ഡോക്ടറായ എന്റെ ഭർത്താവ് ഡൽഹിയിൽ തുടരുകയും ചെയ്തു. 

നൂറു കിടക്കകളുള്ള ഒരു ആശുപത്രിയായിരുന്നു അത്. ഞാനും ഒരു ഫിസിഷ്യനും ഒരു പീഡിയാട്രീഷനുമായിരുന്നു അവിടെയുണ്ടായിരുന്നത്. ഇതു കൂടാതെ ഒരു സർക്കാർ ആശുപത്രി മാത്രമാണ് അവിടെയുണ്ടായിരുന്നത്. ഈ ആശുപത്രി പ്രവർത്തനം ആരംഭിച്ചിട്ട് അധികമായിരുന്നില്ല. ഒരുപാടു രോഗികൾ പലയിടത്തുനിന്നും അവിടേക്ക് എത്താന്‍ തുടങ്ങി. ചികിൽസയ്ക്കു ശേഷം അവർ സന്തോഷത്തോടെയാണ് മടങ്ങിയത്.

ഒരു മാസം കഴിഞ്ഞപ്പോൾ, എന്നെ ഇവിടേക്ക് അയച്ച ഡോക്ടറോട് തിരികെ വരാൻ ഞാൻ ആവശ്യപ്പെട്ടു. എനിക്ക് പോകാൻ വേണ്ടിയായിരുന്നു അത്. ഭർത്താവും അവിടെയെത്തി. ഞങ്ങൾ ഡൽഹിക്ക് തിരിച്ചു പോകാനായി പായ്ക്ക് ചെയ്യാനും മറ്റുമായി അവിടെയൊരു വീടെടുത്തു. ഡൽഹിയിൽ പോയി വീസയുടെ മറ്റു കാര്യങ്ങളൊക്കെ വേഗത്തിലാക്കേണ്ടിയിരുന്നു. 10 ലക്ഷം രൂപ നേരത്തേ കൊടുത്തതുമാണ്. 

പക്ഷേ ആ വീട്ടിലേക്കും രോഗികൾ വരാൻ തുടങ്ങി. ദിവസം ചെല്ലുന്തോറും അത് കൂടിവന്നു. പ്രസവ കേസുകൾ ഉൾപ്പെടെ നാൽപതോളം പേർ വരെ ഒരു ദിവസം എത്താൻ തുടങ്ങി. ‘ഞങ്ങൾ പോകുകയാണ്, നിങ്ങൾ ആശുപത്രിയിലേക്ക് ചെല്ലൂ’ എന്നു ഞാൻ പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല. ‘മാഡത്തിന്റെ വീട്ടിൽ മുറിയുണ്ടെങ്കിൽ ഞങ്ങളുെട പ്രസവം എടുത്തു തരുമോ?’ എന്നുവരെ അവർ ചോദിച്ചു. ഞാൻ ജനറൽ സർജനും ഗൈനക്കോളജിസ്റ്റുമാണ്. ഇതൊക്കെ കണ്ടപ്പോൾ, അവിടയുള്ള മറ്റു ഡോക്ടർമാർ എന്നോട് അവിടെത്തന്നെ നിന്നുകൂടേ എന്നു ചോദിച്ചു. ‘ഇത്രയും രോഗികൾ ഇവിടെ കാത്തുനിൽക്കുമ്പോൾ മാഡത്തിന് പോകാൻ കഴിയുമോ’ എന്നുകൂടി ചോദിച്ചപ്പോൾ രാജ്യം വിടുന്ന കാര്യത്തിൽ ഞങ്ങൾക്ക് രണ്ടു മനസ്സായി. 

ന്യൂ രാജസ്ഥാൻ ഹോസ്‌പിറ്റൽ (Photo: Facebook/ New Rajasthan Fertility Hospital & Research Center Pvt. Ltd.)
ന്യൂ രാജസ്ഥാൻ ഹോസ്‌പിറ്റൽ (Photo: Facebook/ New Rajasthan Fertility Hospital & Research Center Pvt. Ltd.)

സിറ്റിയിലൊക്കെ ജോലി ചെയ്യാൻ ഒരുപാട് ഡോക്ടർമാരുണ്ട്. ഇന്ത്യയുടെ ഗ്രാമങ്ങൾക്കാണ് ഡോക്ടർമാരെ ആവശ്യമെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. ഇവിടെനിന്ന് റഫർ ചെയ്ത് മറ്റ് ആശുപത്രികളിലേക്കു പോകുന്ന രോഗികളിൽ പലരും പോകുംവഴി മരിക്കുന്നതും ഞങ്ങളെ അസ്വസ്ഥരാക്കി. ഇവിടുത്തെ സർക്കാർ ആശുപത്രിയിൽ ഗുരുതരമായ കേസുകൾ കൈകാര്യം ചെയ്യാനുള്ള സംവിധാനം ഇല്ലായിരുന്നു. റഫർ ചെയ്യുന്നതൊക്കെ ജോധ്പുരിലേക്കാണ്. അവിടേക്ക് അഞ്ചു മണിക്കൂർ ദൂരമുണ്ട്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റവരും ഗർഭപാത്രം പൊട്ടിയവരും ബ്ലീഡിങ് ഉള്ളവരുമൊക്കെ വഴിയിൽ മരിക്കുന്നു. ഇത് തിരച്ചറിഞ്ഞപ്പോൾ എന്റെ ഭർത്താവ് പറഞ്ഞു ‘കാനഡയിൽ പോയാൽ നമുക്ക് എത്ര പണം വേണമെങ്കിലും സമ്പാദിക്കാം, എന്നാൽ നിന്റെ സ്വഭാവമനുസരിച്ച് പണം ഉണ്ടാക്കുന്നത് നിന്നെ തൃപ്തിപ്പെടുത്തുമെന്ന് തോന്നുന്നില്ല, പാവപ്പെട്ടവരെ സേവിക്കുക എന്നതാണ് ദൈവം നിന്നെ ഏൽപ്പിച്ച ദൗത്യം.’ എന്ന്. 

കാനഡയിൽനിന്ന് അന്ന് എനിക്ക് ആറു ലക്ഷത്തോളം രൂപയുടെ ഓഫറാണ് വന്നത്. കൂടുതൽ സമയം ജോലി ചെയ്താൽ 8–10 ലക്ഷം രൂപ വരെയൊക്കെ ഉണ്ടാക്കാമായിരുന്നു. എന്നാൽ ഭർത്താവിന്റെ വാക്കുകളും ഇവിടുത്തെ രോഗികളുടെ അവസ്ഥയും എന്നെ മാറി ചിന്തിപ്പിച്ചു. ഇങ്ങനെ ഒരു ഉൾഗ്രാമത്തിൽ ആതുരസേവനത്തിനായി ദൈവം എന്നെ നിയോഗിച്ചിരിക്കുകയാണ് എന്നു തോന്നി. പുറത്തുനിന്ന് ഇവിടെയെത്തുന്നവർ വിചാരിക്കുന്നത്, ഇവിടെ ജോലി ചെയ്യുന്നത് പണിഷ്മെന്റ് ട്രാൻസ്ഫർ കിട്ടി വരുന്നവരാണ് എന്നാണ്. അത്രയ്ക്കും അവികസിതമായ ഒരു പ്രദേശമായിരുന്നു ഇത്. അതിശൈത്യവും കനത്ത ചൂടും മാറിമാറി വരുന്ന കാലവസ്ഥയും വെല്ലുവിളികൾ ഉയർത്തി. ഭക്ഷണം ശരിയാകാനും സമയമെടുത്തു. എന്നാൽ ഇത് ദൈവത്തിന്റെ നിയോഗമാണെന്ന് ഞങ്ങൾ കരുതി. 

കരുതലിന് കലക്ടറുടെ വിളി

ആറു മാസം കഴിഞ്ഞപ്പോഴാണ് ജയ്സൽമേർ ജില്ലാ കലക്ടറുടെ ഒരു കോൾ വന്നു. 2009 ഓഗസ്റ്റ് 14നാണെന്ന് തോന്നുന്നു. ജില്ലയ്ക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ മാനിച്ച് എന്നെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട് എന്നു പറഞ്ഞു. എന്നാൽ അവിടെ ഒരുപാട് സീനിയർ ഡോക്ടർമാർ ഉണ്ടെന്നും പുരസ്കാരം അവർക്കു നൽകി എന്നെ ഒഴിവാക്കണമെന്നും ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാൽ അവരെല്ലാം എന്നയാണ് നിർദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കടുത്ത പനി മൂലം പുരസ്കാരം വാങ്ങാൻ പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാൻ. അത് ഞാൻ അവരോട് പറഞ്ഞു. എന്നാൽ ഒരു മിനിറ്റ് നേരത്തേക്കെങ്കിലും വന്ന് അവാർഡ് വാങ്ങാൻ അവരെന്നെ നിർബന്ധിച്ചു. ട്രാക്ടറിനടിയിൽപ്പെട്ട് കരളിനു ഗുരുതരമായി പരുക്കേറ്റ ഒരു പത്തുവയസ്സുകാരനെ ശസ്ത്രക്രിയയിലൂടെ സുഖപ്പെടുത്തിയത്, സ്റ്റൂളിൽനിന്നു വീണ് ഗുരുതരമായി പരുക്കേറ്റ ഒരു സ്ത്രീയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് തുടങ്ങിയ കാര്യങ്ങൾ അപ്പോൾത്തന്നെ ആളുകൾ വഴി കലക്ടറുടെ അടുത്ത് എത്തിയിരുന്നു. അതൊക്കെ പരിഗണിച്ചായിരുന്നു അവർ എനിക്ക് അവാർഡ് നൽകാൻ തീരുമാനിച്ചത്. 

തകർന്ന കട ആശുപത്രിയാക്കി സേവനം

രോഗികൾ വർധിക്കാൻ തുടങ്ങിയതോടെ ഞങ്ങളുടെ ഉത്തരവാദിത്തവും കൂടി. ആ സമയത്ത് ജയ്സൽമേറിൽ വളരെ കുറഞ്ഞ സൗകര്യത്തിൽ പ്രവർത്തിച്ചിരുന്ന സർക്കാർ ആശുപത്രികൾ മാത്രമാണ് ഉണ്ടായിരുന്നത്. ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ ഉണ്ടായിരുന്നില്ല. ഇതെല്ലാം അറിഞ്ഞ ഞങ്ങൾ തന്നെ കുറച്ചു പണം മുടക്കി, ഒരു തകർന്നു കിടന്ന കട വാടകയ്ക്ക് എടുത്ത് ആശുപത്രിയാക്കി– ന്യൂ രാജസ്ഥാൻ ഹോസ്പിറ്റൽ. അവിടെ ആവശ്യം വേണ്ട സാമഗ്രികളും എത്തിച്ചു. 

ഇപ്പോൾ പതിനഞ്ചു വർഷമായി ഞാനും ഭർത്താവും ഇവിടെയാണ്. അദ്ദേഹം ആശുപത്രിയുടെ മാനേജ്മെന്റ് കാര്യങ്ങൾ നോക്കുന്നു. ഞാൻ ജനറൽ സർജറി, ഗൈനക്കോളജി വിഭാഗവും നോക്കുന്നു. ഇപ്പോൾ ഇവിടെ ഒരു ദന്ത ഡോക്ടർ, സൈക്യാട്രിസ്റ്റ് ഉൾപ്പെടെയുള്ള ഡോക്ടർമാരുണ്ട്. മാത്രമല്ല ഇപ്പോൾ ഇവിടെ വേറെയും സ്വകാര്യ ആശുപത്രികളൊക്കെ വന്നു തുടങ്ങി. ഏറെ മാറ്റങ്ങളും വന്നിട്ടുണ്ട്. മറ്റു ഡോക്ടർമാർക്ക് കൈകാര്യം ചെയ്യാൻ കഴിയാത്ത ഗുരുതര കേസുകളൊക്കെ ഇപ്പോഴും ഇവിടേക്കാണ് വരുന്നത്. ഞങ്ങൾക്ക് ആശുപത്രിയുണ്ടെങ്കിലും ഇപ്പോഴും ട്രസ്റ്റ് ആശുപത്രിയിൽനിന്നും സർക്കാർ ആശുപത്രിയിൽനിന്നുംനിന്നും സഹായം ആവശ്യപ്പെട്ടു വിളിച്ചാൽ പോകും.

മോഹൻലാലിനെ കാണുന്നത്

വാലിബന്റെ ഷൂട്ടിങ്ങിനെത്തിയ മോഹൻലാലും സംഘവും താമസിച്ചത് ഇവിടെ മാരിയറ്റ് ഹോട്ടലിലാണ്. അവരുടെ കൂട്ടത്തിലുള്ളവർ പനിയും മറ്റ് അസുഖങ്ങളുമായി ഞങ്ങളുടെ ആശുപത്രിയിലാണ് വന്നത്. മോഹൻലാലും പനിയും ജലദോഷവുമായി ഹോട്ടലിലുണ്ടെന്നും അദ്ദേഹത്തെ ഒന്നു വന്ന് കാണാമോ എന്നും അവരെന്നോട് ചോദിച്ചു. എന്താവശ്യമുണ്ടെങ്കിലും അറിയിക്കണമെന്ന് കലക്ടർ ഉൾപ്പെടെ അവരോടു പറഞ്ഞിരുന്നു. അപ്പോൾ മറ്റു ഡോക്ടർമാരുണ്ടാകുമല്ലോ, ഞാൻ വരണോയെന്ന് അവരോട് ചോദിച്ചു. എന്നാൽ അവർ വീണ്ടും അഭ്യർഥിച്ചപ്പോൾ ഞാൻ ചെല്ലുകയായിരുന്നു. രോഗവിവരങ്ങളും മറ്റും സംസാരിക്കുന്നതിനിടെയാണ് എങ്ങനെയാണ് ഇവിടെ എത്തിയതെന്ന് എന്നോടു ചോദിച്ചത്. 

പ്രതിസന്ധികൾ നിരവധി

ഒരു ജീവനാണ് ഓപ്പറേഷൻ ടേബിളിൽ കിടക്കുന്നത്. അവിടെനിന്നാണ് ഡോക്ടർമാരുടെ പാനിക് കോൾ വരുന്നത്. ചിലപ്പോൾ കുർബാനയുടെ സമയത്ത് പള്ളിയിൽനിന്നു വരെ ഇറങ്ങിപ്പോയിട്ടുണ്ട് ഓപ്പറേഷൻ തിയറ്ററിലേക്ക്. 

ഒരിക്കൽ വാഹനം മറിഞ്ഞ്, ഇരുപത്തഞ്ചുകാരനായ ഒരു ബിഎസ്എഫ് ഉദ്യോഗസ്ഥനെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് ഗുരുതരമായി പരുക്കേറ്റിരുന്നു, പൾസ് ഇല്ലായിരുന്നു. അവിടെ ആർമി ഡോക്ടറും ബിഎസ്എഫ് ഡോക്ടറും സർക്കാർ ആശുപത്രിയിലെ സർജനും ശ്രമിച്ചിട്ടും കഴിയാതെ വന്നപ്പോൾ എന്നെ വിളിച്ചു. പള്ളിയിൽ കുർബാനയ്ക്കിടെ ഞാൻ വേഗം ഇറങ്ങിപ്പോയി ഓപ്പറേഷൻ ഏറ്റെടുത്തു. രോഗി ജീവിതത്തിലേക്ക് തിരികെയെത്തുമെന്ന് ഉറപ്പായപ്പോഴാണ് ഞാൻ തിരിച്ചുപോരുന്നത്. 

പാക്കിസ്ഥാൻ അതിർത്തിയിൽനിന്ന് ഒരു സ്ത്രീ വന്നിരുന്നു. മുപ്പതു വർഷം മുൻപ് അവരുടെ ഗർഭാശയം പൊട്ടി ബ്ലീഡിങ് വന്നതാണ്. ഇടയ്ക്ക് ബ്ലീഡിങ് നിന്നെങ്കിലും വജൈനൽ കോഡ് മൂത്രാശയത്തിലൂടെ വന്നു. എവിടെയെങ്കിലും ഇരിക്കുമ്പോൾ മൂത്രം ഒഴുകിക്കൊണ്ടിരിക്കുന്നതിനാൽ അലൂമിനിയം പാത്രത്തിൽ മണ്ണുനിറച്ച് അതുംകൊണ്ടാണ് അവർ നടന്നിരുന്നത്. ഒരുപാട് ഡോക്ടർമാരെ കണ്ടിട്ടും ഫലമുണ്ടായില്ല. ആരോ പറഞ്ഞറിഞ്ഞാണ് ഇവിടെ എത്തിയത്. ശസ്ത്രക്രിയയിലൂടെ അവരുടെ ഗർഭാശയം എടുത്തുകളഞ്ഞ് മൂത്രാശയത്തിലെ പ്രശ്നമൊക്കെ മാറ്റിക്കൊടുത്തു. ഇപ്പോൾ അവർ സന്തോഷമായി ജീവിക്കുന്നു. 

അതുപോലെ വളരെ ഗുരുതരമായ അവസ്ഥയിൽ രാത്രി എട്ടുമണിക്ക് ഒരു ഗർഭിണിയെ കൊണ്ടുവന്നു. അവരുടെ എട്ടാമത്തെ പ്രസവമായിരുന്നു അത്. ഹീമോഗ്ലോബിൻ 1, 2 ഒക്കെയേ ഉണ്ടായിരുന്നുള്ളൂ. ജോധ്പുരിലെ സർക്കാർ ആശുപത്രിയിൽനിന്ന് നാലു യൂണിറ്റ് രക്തം കയറ്റിയിട്ട് ഇവിടേക്ക് വന്നതാണ്. ഹൃദയത്തിന്റെ പ്രവർത്തനം ഏതാണ്ട് നിലച്ചിരുന്നു. അന്ന് ഞാൻ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങാൻ തുടങ്ങുകയായിരുന്നു. എന്റെ ഭർത്താവ് വന്നു പറഞ്ഞു: ‘ഒരു രോഗി വന്നിട്ടുണ്ട്, സ്ഥിതി വളരെ മോശമാണ്. അത് ഏറ്റെടുക്കേണ്ട.’ എങ്കിലും നോക്കാമെന്നു കരുതി താഴേക്ക് ചെന്നു. അവിടെചെന്ന് കണ്ടപ്പോൾ ഞാൻ അഡ്മിറ്റ് ചെയ്യാൻ പറഞ്ഞു. ഹാർട്ടിന്റെ മരുന്നുകൾ ആരംഭിക്കാനും പറഞ്ഞു. പ്രസവം നാളെ നോക്കാമെന്നും അറിയിച്ചു.  ചിലരെ കാണുമ്പോൾ നമുക്കറിയാം രക്ഷപ്പെടുത്താൻ കഴിയില്ലെന്ന്. എങ്കിലും ആ കേസെടുക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. എനിക്കത് പറ്റുമോ എന്നൊരു തോന്നൽ വന്നപ്പോൾ ഞാൻ പള്ളിയിലേക്ക് പോയി, കൂടെനിൽക്കണമെന്ന് പറഞ്ഞ് പ്രാർഥിച്ചു. തിരിച്ചു വന്നപ്പോൾ എനിക്കൊരു ഫോൺ വന്നു– പ്രസവവേദന ആരംഭിച്ചെന്ന്. എച്ച് ബി അപ്പോൾ രണ്ടു മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന് നല്ല ഭയമുണ്ടായിരുന്നു. ദൈവ കൃപകൊണ്ട് അപ്പോഴേക്കും അവരുടെ പ്രസവം സുഖമായി നടന്നു. വലിയ ബ്ലീഡിങ് ഒന്നും ഉണ്ടായില്ല. 

ഇതുപോലെ നമ്മൾ ഓപ്പറേഷൻ തിയറ്റിൽ കയറി പതറിപ്പോയ നിരവധി കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്. അതെല്ലാം ദൈവത്തിന്റെ സഹായത്തോടെ ഭേദമാക്കാൻ സാധിച്ചിട്ടുണ്ട്.  

രാജസ്ഥാൻ മാറി, മാറാതെ ഞങ്ങൾ

ഇപ്പോൾ രാജസ്ഥാൻ സർക്കാർ ഇവിടെ ഒരുപാട് നിക്ഷേപങ്ങൾ നടത്തുന്നുണ്ട്. വിമാനത്താവളം വന്നു, റെയിൽവേ സ്റ്റേഷനൊക്കെ മെച്ചപ്പെട്ടു. ഒരു വിനോദസഞ്ചാരകേന്ദ്രമാക്കി ജെയ്സൽമേറിനെ മാറ്റുന്നു. കുറെയേറെ സ്വകാര്യ ആശുപത്രികളും വന്നിട്ടുണ്ട്. പുതിയ ആശുപത്രികൾ ആരംഭിക്കാൻ ഞങ്ങളുടെ പ്രവർത്തനം പ്രചോദനമായതിൽ ഏറെ സന്തോഷമുണ്ട്. പുറത്തുനിന്ന് ഒരു വനിതാ ഡോക്ടർ വന്ന് ഇവിടെ ഒരു സ്വകാര്യ ആശുപത്രി തുടങ്ങിയെങ്കിൽ ഇവിടെയുള്ളവർക്കും കഴിയില്ലേ എന്നു ചിന്തിച്ചാണ് ഡോക്ടർമാർ ആശുപത്രി തുടങ്ങിയത്. 

എന്റെ കൈകൊണ്ട് ഒരു രോഗി സുഖം പ്രാപിക്കുമ്പോൾ ദൈവ നിയോഗം എന്റെ കൈകളിലൂടെ നടപ്പാക്കി എന്നാണ് ഞാൻ കരുതുന്നത്. പണത്തിന് ആഗ്രഹിച്ച് ഞാൻ ജോലി ചെയ്യാറില്ല. സർക്കാർ ആശുപത്രിയിലൊക്കെ പോയി സൗജന്യമായാണ് ചികിത്സിക്കുന്നത്. അത് ഞങ്ങൾ തുടരുകയാണ്. 1993 ലാണ് ഞാൻ എന്റെ കരിയർ ആരംഭിക്കുന്നത്. ഇന്നുവരെ ഒരു ഞായറാഴ്ച പോലും ലീവെടുത്ത് ഇരുന്നിട്ടില്ല. വീട്ടിൽ ഇരുന്നാലും വരുന്ന രോഗികളെയെല്ലാം നോക്കും. ഇവരെ സുഖപ്പെടുത്താൻ ദൈവം എന്നിലൂടെ പ്രവർത്തിക്കുന്നു എന്നാണ് ഒരോ രോഗിയേയും പരിചരിക്കുമ്പോൾ ഞാൻ വിശ്വസിക്കുന്നത്.

English Summary:

Inspiring Story of Dr.Lilly Joseph, who chose to build a hospital in Jaisalmeer to treat villagers instead of pursuing an opportunity to move to Canada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com