കരുവന്നൂർ ബാങ്കിനു മുന്നിൽ സമരം നടത്തിയ ജോഷിക്ക് 28 ലക്ഷം രൂപ മടക്കി നൽകി; ബാക്കി തുക 3 മാസത്തിനുള്ളിലെന്ന് ഉറപ്പ്
Mail This Article
തൃശൂർ ∙ കരുവന്നൂർ ബാങ്കിനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തിയ മാപ്രാണം സ്വദേശി വടക്കേത്തല ജോഷിക്ക് നിക്ഷേപിച്ച 28 ലക്ഷം രൂപ മടക്കി നൽകി. 60 ലക്ഷം രൂപ മൂന്ന് മാസത്തിനുളളിൽ തിരിച്ചുനൽകാമെന്നാണ് ബാങ്കിന്റെ ഉറപ്പ്. ഇതിനുപിന്നാലെ കുത്തിയിരിപ്പ് സമരം ജോഷി അവസാനിപ്പിച്ചു. നിക്ഷേപിച്ച മുഴുവൻ തുകയും നൽകണമെന്ന് ആവശ്യപ്പെട്ടാണ് ജോഷി ബാങ്കിന് മുന്നിൽ സമരം നടത്തിയത്. നിക്ഷേപ തട്ടിപ്പിന് ഇരയായ ജോഷി തനിക്കു ചികിത്സയ്ക്ക് അടക്കം പണമില്ലെന്നും ദയാവധം അനുവദിച്ച് നൽകണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്തെഴുതിയിരുന്നു.
നിക്ഷേപം തിരിച്ചുകൊടുക്കാമെന്ന ഉറപ്പ് സർക്കാർ പാലിച്ചില്ലെന്നാണ് ജോഷി ആരോപിച്ചത്. കേരള ബാങ്ക് പ്രതിനിധികൾ ജോഷിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് സമരം അവസാനിപ്പിച്ചത്. കുടുംബാംഗങ്ങളുടെ നിക്ഷേപവും തിരികെ നൽകണമെന്ന് ജോഷി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ നവകേരള സദസിലടക്കം ജോഷി പരാതി നൽകിയിരുന്നു. കഴിഞ്ഞ 20 കൊല്ലത്തിനിടെ രണ്ട് തവണ ട്യൂമർ ഉൾപ്പെടെ 21 ശസ്ത്രക്രിയകൾ 53കാരനായ ജോഷിയുടെ ശരീരത്തിൽ നടത്തിയിട്ടുണ്ട്.