‘ബജറ്റ് കേരളത്തിന് നേട്ടമുണ്ടാക്കും; കേന്ദ്രവിരുദ്ധ സമരത്തിനിറങ്ങിയ ഇടതു സര്‍ക്കാരിന്റെ മുന ഒടിഞ്ഞു’
Mail This Article
തിരുവനന്തപുരം∙ പുതിയ കേന്ദ്ര ബജറ്റില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ തുക വകയിരുത്തിയതിനാല്‍ ആനുപാതികമായ നേട്ടം കേരളത്തിനും ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. ഇതോടെ കേന്ദ്രവിരുദ്ധ സമരത്തിനിറങ്ങിയ ഇടതു സര്‍ക്കാരിന്റെ വാദങ്ങളുടെ മുന ഒടിഞ്ഞിരിക്കുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം 11,04,494 കോടി രൂപയില്‍ നിന്ന് 12,19,783 കോടി രൂപയായാണ് വർധിച്ചിരിക്കുന്നത്. 1,15,289 കോടി രൂപയുടെ വർധനവാണിത്. ഇതുപ്രകാരം കേരളത്തിന് ഈ വര്‍ഷം 23,480.82 കോടി രൂപ കിട്ടും. ഇക്കഴിഞ്ഞ വര്‍ഷം ലഭിച്ചതിനേക്കാള്‍ 2220 കോടി രൂപ അധികമാണിത്.
Read more: ‘കേരളത്തിലെ റെയിൽ വികസനം: യുപിഎ കാലത്ത് ഉള്ളതിനേക്കാള്‍ 7 മടങ്ങ് അധികവിഹിതം; സിൽവർലൈൻ ഉപേക്ഷിച്ചില്ല
കേന്ദ്ര ദുരന്തനിവാരണ നിധി, മൂലധന ചെലവുകള്‍ക്കായുള്ള കേന്ദ്രസഹായം എന്നിവയിലും 27,717 കോടി രൂപയുടെ വർധനവുണ്ട്. ആനുപാതികമായി ഇതിന്റെ നേട്ടവും കേരളത്തിനുണ്ടാകും. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, കേന്ദ്രപദ്ധതികള്‍, മറ്റു പദ്ധതികള്‍ എന്നിവയില്‍ 45,000 കോടി രൂപയുടെ വർധനവുണ്ട്. ഈ വർധനവിന്റെ ഗുണവും കേരളത്തിന് കിട്ടും. എന്നാല്‍ ഓരോ കേന്ദ്രാവിഷ്‌കൃത പദ്ധതികളും കേന്ദ്രപദ്ധതികളും ആത്മാര്‍ഥതയോടെ നടപ്പിലാക്കിയാല്‍ മാത്രമേ ഇതിന്റെ നേട്ടം കേരളത്തിന് അനുഭവിക്കാന്‍ കഴിയുകയൂള്ളൂ എന്നും സുരേന്ദ്രന്‍ പറഞ്ഞു.
നാണ്യപ്പെരുപ്പം കുറക്കുന്നതും വളർച്ചാ നിരക്ക് 7% നിലനിർത്തുന്നതും രാജ്യത്തിന് നേട്ടമാവും. വനിതാ ക്ഷേമം ഉറപ്പുവരുത്താൻ വനിത കൂടിയായ ധനമന്ത്രിക്ക് സാധിച്ചു. രണ്ടു കോടി വീടുകളാണ് പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ പുതുതായി നിർമിക്കുക. ഒരു കോടി വീടുകളിൽ സൗരോർജ പാനലുകൾ നൽകുന്നത് പുതിയ ചുവടുവയ്പ്പാകും. ഇതിലൂടെ പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കും. മത്സ്യസമ്പദ് യോജന വിപുലപ്പെടുത്തുന്നത് മത്സ്യ പ്രവർത്തകർക്ക് ഏറെ ആശ്വാസകരമാവും. തൊഴിൽ അവസരങ്ങൾ വർധിക്കുന്നത് യുവാക്കൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
യുപിഎ സർക്കാരിനെ അപേക്ഷിച്ച് 700 ഇരട്ടി അധികമാണ് റെയിൽവേയ്ക്ക് അനുവദിച്ചിരിക്കുന്നത്. 2744 കോടി രൂപ കേരളത്തിലെ റെയിൽവേ വികസനത്തിന് അനുവദിച്ചു. 92 മേൽപ്പാലങ്ങളും 35 അമൃത് സ്റ്റേഷനുകളുമാണ് സംസ്ഥാനത്തിന് അനുവദിച്ചത്. കേരളത്തിന് ഏറ്റവും കരുതൽ നൽകിയ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.