ADVERTISEMENT

ന്യൂ‍ഡൽഹി∙ എല്ലാവരെയും ഉൾക്കൊള്ളുന്നതും നൂതനവുമായ ബജറ്റാണ് കേന്ദ്രധനമന്ത്രി അവതരിപ്പിച്ച ഇടക്കാല ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കൾ, വനിതകൾ, കർഷകർ, ദരിദ്രർ എന്നിവർക്ക് ഈ ബജറ്റ് ശക്തി പകരും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രയോജനം ചെയ്യുകയും വികസിത ഇന്ത്യയ്ക്ക് അടിത്തറയിടുകയും ചെയ്യുന്നു. 2047ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്ന് ഉറപ്പ് ഈ ബജറ്റ് നൽകുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

Read Also: ലക്ഷദ്വീപിലെ ടൂറിസം പ്രോത്സാഹിപ്പിക്കുമെന്ന് നിർമല; മാലദ്വീപുമായുള്ള തർക്കത്തിനിടെ തന്ത്രപരമായ നീക്കം

യുവ ഭാരതത്തിന്റെ യുവ അഭിലാഷങ്ങളാണ് ബജറ്റിൽ പ്രതിഫലിക്കുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഈ ദിശയിൽ രണ്ടു പ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടതായി പറഞ്ഞു - ഗവേഷണത്തിനും നവീകരണത്തിനുമായി ഒരു ലക്ഷം കോടി രൂപയുടെ ഫണ്ട് രൂപീകരിക്കുക, സ്റ്റാർട്ടപ്പുകൾക്കുള്ള നികുതി ഇളവ് വർധിപ്പിക്കുക എന്നിവയാണ് അവ. ധനക്കമ്മി നിയന്ത്രണത്തിലാക്കിക്കൊണ്ട് മൂലധനച്ചെലവ് 11,11,111 കോടി എന്ന റെക്കോർഡ് ഉയരത്തിലെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Read also: ടെക്കികൾക്ക് ബജറ്റില്‍ 1 ലക്ഷം കോടി രൂപ!; എഐ, ഡിജിറ്റൽ പരിവർത്തനങ്ങളിൽ പ്രത്യക്ഷ പ്രഖ്യാപനങ്ങളില്ല

40,000 റെയിൽവേ കോച്ചുകൾ വന്ദേ ഭാരത് നിലവാരത്തിലേക്ക് ഉയർത്താനുള്ള തീരുമാനവും പ്രധാനമന്ത്രി എടുത്തു പറഞ്ഞു. ഇതു വിവിധ റെയിൽവേ റൂട്ടുകളിലെ കോടിക്കണക്കിന് യാത്രക്കാർക്ക് സുഖകരമായ യാത്ര ആസ്വദിക്കാൻ ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളിലും നഗരങ്ങളിലും പാവപ്പെട്ടവർക്കായി 4 കോടിയിലധികം വീടുകൾ നിർമിച്ചെന്നും ഇനി രണ്ടു കോടി കൂടി നിർമിക്കാനാണ് ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘‘ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി പാവപ്പെട്ടവരെ വലിയ തോതിൽ സഹായിച്ചു. അങ്കണവാടി, ആശാ പ്രവർത്തകർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഈ ബജറ്റിൽ, ദരിദ്രരെയും മധ്യവർഗത്തിൽപ്പെട്ട ആളുകളെയും ശാക്തീകരിക്കുന്നതിനും അവർക്ക് വരുമാനമുണ്ടാക്കാനുള്ള പുതിയ വഴികൾ സൃഷ്ടിക്കുന്നതിനുമുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടുണ്ട്.” പ്രധാനമന്ത്രി പറഞ്ഞു.

‘‘റൂഫ്‌ടോപ് സോളർ പദ്ധതി ഒരു കോടി കുടുംബങ്ങൾക്ക് സൗജന്യ വൈദ്യുതി ലഭിക്കാൻ മാത്രമല്ല, മിച്ചമുള്ള വൈദ്യുതി സർക്കാരിന് വിറ്റ് പ്രതിവർഷം 15,000 രൂപ മുതൽ 20,000 രൂപ വരെ അധിക വരുമാനം നേടാനും സഹായിക്കും.’’ അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

PM Narendra Modi's Shout-Out For Interim Budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com