എംടി, മമ്മൂട്ടി ഉൾപ്പെടെ കേരളം നൽകിയത് 19 പേര്; പത്മ പുരസ്കാരത്തിന് പരിഗണിച്ചത് ഒരാളെ മാത്രം
Mail This Article
തിരുവനന്തപുരം∙ പത്മ പുരസ്കാരങ്ങൾക്കായി സംസ്ഥാന സർക്കാർ നിർദേശിച്ച 19 പേരുകളിൽ കേന്ദ്രം പരിഗണിച്ചത് ഒരാളെ മാത്രം. പത്മവിഭൂഷൺ പുരസ്കാരത്തിനായി കേരളം നിർദേശിച്ചത് സാഹിത്യകാരന്‍ എം.ടി.വാസുദേവൻ നായരെയാണ്. പത്മഭൂഷണിനായി നിർദേശിച്ചത് നടൻ മമ്മൂട്ടി, സംവിധായകൻ ഷാജി എൻ.കരുൺ, കായികതാരം പി.ആർ.ശ്രീജേഷ്, മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയസ് ക്ലിമ്മീസ് കാതോലിക്കാ ബാവ എന്നിവരെ. ഈ പേരുകൾ കേന്ദ്രം പരിഗണിച്ചില്ല.
കായിക രംഗത്തുനിന്ന് ഐ.എം.വിജയന്‍, മാനുവൽ ഫെഡറിക്, രഞ്ജിത് മഹേശ്വരി എന്നിവരെയും സാഹിത്യരംഗത്തുനിന്ന് സി.രാധാകൃഷ്ണൻ, ടി.പത്മനാഭൻ, എം.കെ.സാനു, ബെന്യാമിൻ എന്നിവരെയും പത്മശ്രീക്കായി നിർദേശിച്ചു. ഈ പേരുകളും പരിഗണിക്കപ്പെട്ടില്ല.
സാഹിത്യ, വിദ്യാഭ്യാസ രംഗത്തുനിന്ന് ചിത്രൻ നമ്പൂതിരിപ്പാടിനെയും സാമൂഹിക സേവനരംഗത്തുനിന്ന് ഫാ.ഡേവിസ് ചിറമേലിനെയും സി.നരേന്ദ്രനെയും (മരണാനന്തരം) സിവിൽ സർവീസിൽനിന്ന് കെ.ജയകുമാറിനെയും കലാരംഗത്തുനിന്ന് ഡോ. പോൾ പൂവത്തിങ്കലിനെയും നടരാജ കൃഷ്ണമൂർത്തിയെയും സദനം കൃഷ്ണൻകുട്ടിനായരെയും നിർദേശിച്ചു. ഇതിൽ ചിത്രൻ നമ്പൂതിരിപ്പാടിനു മാത്രം പത്മശ്രീ ലഭിച്ചു.
കേന്ദ്രം പുരസ്കാരം നൽകിയവരിലെ മലയാളികൾ: സുപ്രീംകോടതി മുൻ ജഡ്ജി ഫാത്തിമ ബീവി (മരണാനന്തരം), ബിജെപി നേതാവ് ഒ.രാജഗോപാൽ, ഗായിക ഉഷാ ഉതുപ്പ് എന്നിവർക്ക് പത്മഭൂഷൺ. അശ്വതി തിരുനാൾ ഗൗരിലക്ഷ്മിബായി (സാഹിത്യം, വിദ്യാഭ്യാസം), കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരൻ ഇ.പി.നാരായണൻ, കാസർകോട്ടെ പരമ്പരാഗത നെൽകർഷകൻ സത്യനാരായണ ബെലരി, പി.ചിത്രൻ നമ്പൂരിപ്പാട് (സാഹിത്യം– മരണാനന്തരം), ഇ.പി.നാരായണൻ (കല), മുനി നാരായണ പ്രസാദ് (സാഹിത്യം).