കെ റെയിലുമായി മുന്നോട്ടുതന്നെയെന്ന് പ്രഖ്യാപനം; തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയും മുന്നോട്ട്
Mail This Article
തിരുവനന്തപുരം∙ കെ റെയിൽ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടു തന്നെയാണെന്ന പ്രഖ്യാപനവുമായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. നിയമസഭയിൽ ഈ സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിക്കുമ്പോഴാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുമായും സർക്കാർ മുന്നോട്ടാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തിരുവനന്തപുരം മെട്രോ പദ്ധതിക്ക് വൈകാതെ കേന്ദ്ര അനുമതി ലഭിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
‘‘അതിവേഗ ട്രെയിൻ യാത്രക്കാർക്കുള്ള കെ റെയിൽ പദ്ധതി നടപ്പാക്കാനുള്ള ശ്രമം സംസ്ഥാന സർക്കാർ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരുമായുള്ള കൂടിയാലോചനകളും നടക്കുന്നുണ്ട്.’’ – ധനമന്ത്രി പറഞ്ഞു.
വന്ദേഭാരത് ട്രെയിനുകൾ വന്നതോടെ, അതിവേഗ റെയിലുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ നിലപാട് ജനങ്ങൾക്കും മുഖ്യധാരാ മാധ്യമങ്ങൾക്കും ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തവണത്തെ കേന്ദ്ര ബജറ്റിലും കേരളത്തിന്റെ റെയിൽവേ വികസനം അവഗണിക്കപ്പെട്ടു. കേരളത്തിലെ ട്രെയിൻ യാത്രക്കാർ വലിയ ദുരിതത്തിലാണ്. റെയിൽവേ വഴിയുള്ള ചരക്കുനീക്കവും കനത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു.
കേരളത്തിന്റെ വളർച്ചയ്ക്കൊപ്പം ഓടിയെത്താൻ റെയിൽവേയ്ക്കു സാധിക്കുന്നില്ലെന്നും അദ്ദേഹം വിലയിരുത്തി. നിലവിലുള്ള റെയിൽപാതകളുടെ നവീകരണവും വളവുനിവർത്തലും ഇരട്ടപ്പാത നിർമാണവും പൂർത്തിയാകുന്നതിനൊപ്പം തന്നെ, പുതിയ അതിവേഗ പാത കൂടി വരേണ്ടത് സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യമാണെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.