ഷിക്കാഗോയിൽ ഇന്ത്യൻ വിദ്യാർഥിക്ക് ക്രൂര മർദ്ദനം; ആക്രമണത്തിനു പിന്നിൽ ആയുധധാരികളായ 4 പേർ, ആശങ്ക
Mail This Article
ഷിക്കാഗോ∙ ഹൈദരാബാദ് സ്വദേശിയായ വിദ്യാർഥിക്ക് ഷിക്കാഗോയിലെ വീടിനു സമീപം ആയുധധാരികളായ നാലു പേരുടെ ആക്രമണത്തിൽ പരുക്കേറ്റു. ഇന്ത്യാന വെസ്‍ലിയൻ സർവകലാശാലയിലെ ബുരുദാനന്തര ബിരുദ വിദ്യാർഥിയായ സയ്യിദ് മസാഹിർ അലിയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. മോഷ്ടാക്കൾ ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തെന്നും തന്റെ ഫോൺ തട്ടിയെടുത്തെന്നും വിദ്യാർഥി പറഞ്ഞു. അടുത്തിടെ അമേരിക്കയിൽ നാല് ഇന്ത്യൻ വംശജരായ വിദ്യാർഥികളെ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ആക്രമണം ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഷിക്കാഗോയിലെ കാംബെൽ അവന്യൂവിലെ വീടിനു സമീപം മൂന്നു പേർ അലിയെ പിന്തുടരുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച ശ്രേയസ് ബെനിഗർ, നീൽ ആചാര്യ എന്നീ ഇന്ത്യൻ വംശജരായ വിദ്യാർഥികളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. നീൽ ആചാര്യയെ കാണാനില്ലെന്ന് അമ്മ പൊലീസിനെ അറിയിച്ചു മണിക്കൂറുകൾക്കു ശേഷം ഇയാൾ പഠിക്കുന്ന പർഡ്യു സർവകലാശാലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശ്രേയസിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്. ഹരിയാനയിൽനിന്നുള്ള വിവേക് സൈനിയെ ജനുവരി 16നു ജോർജിയയിലെ ലിത്തോണിയയിൽ ഒരാൾ അടിച്ചു കൊല്ലുകയായിരുന്നു.
അകുൽ ധവാൻ എന്ന വിദ്യാർഥിയെയും അടുത്തിടെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇല്ലിനോയ് സർവകലാശാലയിലെ ക്യാംപസിലാണ് അകുലിന്റെ മൃതദേഹം കണ്ടെത്തിയത്. കാലാവസ്ഥാ മാറ്റത്തെ തുടർന്നുണ്ടായ കടുത്ത തണുപ്പിനെ തുടർന്നാണ് അകുൽ മരിച്ചതെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയെങ്കിലും കാണാതായി മണിക്കൂറുകള്‍ പിന്നിട്ടിട്ടും സർവകലാശാലയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയ്‌ക്കെതിരെ രക്ഷകർത്താക്കൾ രംഗത്തെത്തിയിരുന്നു.